അരിത ബാബുവിന്റെ വീട് ആക്രമിച്ച സംഭവം: സിപിഎം ഗുണ്ടായിസമെന്ന് രമേശ് ചെന്നിത്തല
കായംകുളം: യുഡിഎഫിന്റെ കായംകുളം സ്ഥാനാർത്ഥിയായ അരിത ബാബുവിന്റെ വീട് ആക്രമിച്ച സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എതിരാളികളെ കായികമായി നേരിടുന്ന ശൈലി സിപിഎം ആവർത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം വായിക്കാം: ' കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ച സി.പി.എം നടപടി ജനാധിപത്യ കേരളത്തിനാകെ അപമാനകരമാണ്. തിരഞ്ഞെടുപ്പിൽ പരാജയമുറപ്പാകുമ്പോൾ എതിരാളികളെ കായികമായി നേരിടുന്ന സ്ഥിരം ശൈലി സി.പി.എം ഇവിടെയും ആവർത്തിച്ചിരിക്കുന്നു. പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനെത്തിയതോടെ അരിതയുടെ ജനപിന്തുണ വർദ്ധിച്ചിരുന്നു.

അരിത വിജയവഴിയിൽ മുന്നേറുന്നതിനിടെയായിരുന്നു ഈ ആക്രമണം. യു.ഡി.എഫിൻ്റെ യുവ സ്ഥാനാർത്ഥികളുടെ മുന്നേറ്റത്തിൽ സി.പി.എം വിറളി പൂണ്ടിരിക്കുന്നു. അരിതയുടെ വീട് ആക്രമിച്ച സി.പി.എം പ്രവർത്തകരെ മാതൃകാപരമായി ശിക്ഷിക്കുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് ഹീനമായ മാർഗങ്ങളും ഉപയോഗിക്കുന്ന സി.പി.എം ഗുണ്ടായിസത്തിന് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകും''.
സിപിഎമ്മിന്‌റെ സിറ്റിംഗ് സീറ്റായ കായംകുളത്ത് ഇക്കുറി ശക്തമായ മത്സരം ആണ് നടക്കുന്നത്. കഴിഞ്ഞ ദിവസം അരിത ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി അടക്കം എത്തിയിരുന്നു. അരിത ബാബുവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ആള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായാണ് പരാതി. സംഭവത്തില്‍ ബാനര്‍ജി സലീം എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ സിപിഎമ്മുകാരനാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം സംഭവവുമായി ബന്ധം ഇല്ലെന്ന് സിപിഎമ്മും പ്രതികരിച്ചു.












Click it and Unblock the Notifications