പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം തെളിവുകൾ നശിപ്പിക്കാൻ? മുഖ്യമന്ത്രിയുടെ നിർദേശാനുസരണം; ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സർക്കാരിനെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ സംഭവം പുറത്തുവന്നതോടെ അടുത്ത കാലത്ത് വിദേശത്ത് നിന്ന് തിരുവനന്തപുരം വഴി വന്നിട്ടുള്ള ഡിപ്ലോമാറ്റിക് ബാഗേജുകൾ സംബന്ധിച്ച വിവരങ്ങളും എൻഐഎ ശേഖരിച്ച് വരുന്നതിനിടെയാണ് പ്രോട്ടോക്കോൾ സെക്രട്ടറിയറ്റിലെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ ചൊവ്വാഴ്ച വൈകിട്ടോടെ തീപിടുത്തമുണ്ടാകുന്നത്.
സ്വര്ണക്കടത്തില് അനില് നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യും? നേരിട്ട് ഹാജരാകാൻ വാക്കാൽ നിർദ്ദേശം

തെളിവുകൾ നശിപ്പിക്കുന്നതിന്
സെക്രട്ടറിയറ്റിലുണ്ടായിട്ടുള്ള തീപിടുത്തം സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് തെളിവുകൾ നശിപ്പിക്കുന്ന പ്രക്രിയയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്നും ചെന്നിത്തല പറയുന്നു. ഇപ്പോൾ നടന്നിട്ടുള്ളത് എല്ലാ അഴിമതികളെയും തമസ്കരിക്കാനുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ സർക്കാർ നൽകിയ വിശദീകരണവും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇടിവെട്ടി സെക്രട്ടറിയറ്റിലെ തെളിവുകൾ നശിച്ചുപോയെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ അവശേഷിപ്പിക്കാൻ സർക്കാരിന് താൽപ്പര്യമില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

ഗുഢാലോചനയെന്ന്?
സ്വർണ്ണക്കടത്ത് കേസിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസ്. അതിനാൽ ഇപ്പോഴുണ്ടായിട്ടുള്ള തീപിടുത്തം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപിക്കപ്പെടുന്നത്. തീപിടുത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകളുള്ളത് തീപിടുത്തമുണ്ടായ ഇതേ ഓഫീസിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. എല്ലാ തെളിവുകളും നശിപ്പിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു.

കത്തി നശിച്ചത് എന്തെല്ലാം?
ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായിട്ടുള്ളത്. ഏതാനും ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചിട്ടുണ്ട്. എന്നാൽ ഏതെല്ലാം ഫയലുകളാണ് കത്തിനശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഓഫീസിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ തന്നെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം നടത്തിവരുന്നതിനിടെ രണ്ട് തവണ പ്രോട്ടോക്കോൾ ഓഫീസറെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസിൽ തീപിടുത്തമുണ്ടാകുന്നത്.

തീപിടുത്തം ആസൂത്രിതം
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് സുരേന്ദ്രനും ചൂണ്ടിക്കാണിക്കുന്നത്. മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിക്കുന്നതിനുള്ള ശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്ന് ആരോപിക്കുന്ന സുരേന്ദ്രൻ സംഭത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പടുന്നു. തീപിടുത്തമുണ്ടായെങ്കിലും രേഖകളെല്ലാം സുരക്ഷിതമാണെന്ന വിശദീകരണമാണ് പൊതുഭരണ വകപ്പിൽ നിന്ന് പുറത്തുവന്നിട്ടുചള്ളത്. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടിട്ടുള്ള രേഖകളാണ് കത്തി നശിച്ചതെന്നാണ് വിവരം.

രേഖകൾ സമർപ്പിച്ചു
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയതിന്റെ രേഖകൾ എൻഐഎയ്ക്ക് മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്. ഈ രേഖകൾ അനുസരിച്ച് 2016 മുതൽ 2018 വരെയുള്ള കാലയളവിനുള്ളിൽ 11 തവണ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയെന്നാണ് വ്യക്തമാകുന്നത്. ലോക്ക്ഡൌൺ കാലത്ത് മാത്രം 23 തവണ യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ രേഖകളിൽ പറയുന്നത്. എന്നാൽ ഈ ബാഗേജുകൾ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ യുഎഇ കോൺസുലേറ്റ് പ്രോട്ടോക്കോൾ ഓഫീസിൽ അറിയിച്ചിട്ടില്ലെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്.