മുഖ്യമന്ത്രി എന്തിന് ലോകായുക്തയെ പേടിക്കണം; ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്ല് നിയമസഭ പാസാക്കിയതിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ബില്ലിനെതിരെ രംഗത്തുവരികയും പ്രതിഷേധ സൂചകമായി വോട്ടെടുപ്പിന് മുമ്പ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.
ലോകായുക്തയുടെ നാവ് എന്തിന് അരിഞ്ഞുവെന്ന ചോദ്യമാണ് രമേശ് ചെന്നത്തല ഉന്നയിച്ചത്. മടിയില്‍ കനമില്ല എന്ന് ഇടയ്ക്കിടെ പറയുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. കനമില്ലെങ്കില്‍ എന്തിന് ലോകായുക്തയെ പേടിക്കണം. അപ്പോള്‍ കനമുണ്ട് എന്നതാണ് വാസ്തവമെന്നും രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്...

ലോകായുക്തയുടെ നാവ് എന്തിനുവേണ്ടി അരിഞ്ഞു?
മുച്ചൂടും കൊള്ളക്ക് വേണ്ടി മാത്രമാണ് അധികാരങ്ങള്‍ വെട്ടിക്കുറച്ചത്. മടിയില്‍ കനം ഇല്ലെങ്കില്‍ ഞാന്‍ എന്തിന് പേടിക്കണം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം ഗീര്‍വാണമടിക്കുന്ന മുഖ്യമന്ത്രി എന്തിന് ലോകായുക്തയെ പേടിക്കണം ,അപ്പോള്‍ എവിടെയോ എന്തോ കനമുണ്ട് അതാണ് വാസ്തവം.
ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ജനലോക്പാല്‍ ബില്ലിനു വേണ്ടി നടത്തിയ കോലാഹലങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു? ജനങ്ങളുടെ മുന്നില്‍ തങ്ങള്‍ അഴിമതിക്കും സ്വജനപക്ഷപാദത്തിനും എതിരെ നിരന്തരം പ്രസംഗിക്കുകയും, എന്നാല്‍ യാഥാര്‍ത്ഥത്തില്‍ അഴിമതിയും നടത്തുന്ന ജനപ്രതിനിധികളെ ശിക്ഷിക്കേണ്ട ലോകായുക്തയുടെ നാവ് അരിഞ്ഞ് വീഴ്ത്തിയ നടപടിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും.- ഇങ്ങനെയാണ് ചെന്നിത്തലയുടെ കുറിപ്പ് അവസാനിക്കുന്നത്.
ലോകായുക്തയുടെ വിധികള്‍ അപ്രസക്തമാക്കുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാല്‍ നിയമസഭയ്ക്ക് പരിശോധിക്കാന്‍ അധികാരമുണ്ടാകും. മന്ത്രിമാര്‍ക്കെതിരെ ഉത്തരവുണ്ടായാല്‍ മുഖ്യമന്ത്രിക്ക് പരിശോധിക്കാം. ഉത്തരവില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി. ലോകായുക്ത ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തിയെന്നും ചെന്നിത്തല സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബില്ല് പാസാക്കിയാല്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാന്‍ സാധ്യത കുറവാണ്. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. അല്ലെങ്കില്‍ ബില്ലില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് പറ്റും. ഇനി ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്.












Click it and Unblock the Notifications