പണി തുടങ്ങി ചെന്നിത്തല... ലീഗുമായി കൂടിക്കാഴ്ച, പിന്നാലെ സമസ്ത വേദിയില്‍; സതീശനുള്ള മറുപടി
മലപ്പുറം: മുന്‍ പ്രതിപക്ഷ നേതാവും എ ഐ സി സി അംഗവുമായ രമേശ് ചെന്നിത്തല മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. മലപ്പുറത്തെ കെ എം സി സി നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസിന്റെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. പട്ടിക്കാട് ജാമിഅ നൂരിയയുടെ 60 -ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രമേശ് ചെന്നിത്തല മലപ്പുറത്ത് എത്തിയത്. പാണക്കാട് സാദിഖലി തങ്ങള്‍ ആണ് ജാമിഅ അധ്യക്ഷന്‍. അതിനാല്‍ തന്നെ രമേശ് ചെന്നിത്തലയെ പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ ലീഗും കോണ്‍ഗ്രസ് നേതൃത്വത്തിന് കൃത്യമായ സന്ദേശമാണ് നല്‍കുന്നത്.

സമസ്തയുടെ സ്ഥാപനമാണ് ജാമിഅ. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവര്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയുടേയും അതിനൊപ്പം മുസ്ലീം ലീഗിന്റേയും പിന്തുണ ചെന്നിത്തല ഉറപ്പാക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ചെന്നിത്തലയുടെ ഈ നീക്കം.
2026 ല്‍ ആണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനുള്ള കരുനീക്കം ചെന്നിത്തല തുടങ്ങിയതായാണ് വിവരം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടായത്. ഇതോടെ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം തെറിച്ച ചെന്നിത്തല ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കായിരുന്നു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാന രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും രമേശ് ചെന്നിത്തല വീണ്ടും ശക്തിയായി മാറുന്നതിന്റെ സൂചനകളാണ് കാണുന്നത്. വിഡി സതീശന്‍-കെ സുധാകരന്‍ ദ്വന്ദം നേതൃത്വമേറ്റെടുത്തതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറിയിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇതിനെതിരെ യോജിച്ച പോരാട്ടമുയര്‍ത്താനും നീക്കം നടത്തിയിരുന്നു.
അതിനിടെ ഉമ്മന്‍ ചാണ്ടി അനാരോഗ്യത്തിലേക്കും പിന്നീട് മരണത്തിലേക്കും കടന്നു. ഉമ്മന്‍ ചാണ്ടിയുടെ അനുയായികളുടെ പിന്തുണയും ഗ്രൂപ്പിനതീതമായി ചെന്നിത്തലയ്ക്കുണ്ട് എന്നാണ് വിവരം. അതിനിടെ സുധാകരനെ ഒതുക്കി പാര്‍ട്ടി പിടിക്കാനുള്ള സതീശന്റെ നീക്കത്തിനെതിരേയും പാര്‍ട്ടിക്കുള്ളില്‍ വികാരമുണ്ട്. ഇതെല്ലാം കണക്ക് കൂട്ടിയുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്.
വിവിധ സമുദായ സംഘടനകളുടെ പിന്തുണ ഇതിനോടകം ചെന്നിത്തല സ്വായത്തമാക്കിയിട്ടുണ്ട്. 11 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തിയതും ഇതിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയുള്ളപ്പോള്‍ കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധത്തില്‍ ലീഗ്് പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ അഭാവത്തില്‍ സതീശനേക്കാള്‍ ചെന്നിത്തലയെ ആണ് ലീഗിന് സ്വീകാര്യം എന്നാണ് വിവരം.












Click it and Unblock the Notifications