എഐ ക്യാമറ: 132 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു
കാസര്‍ഗോഡ്: എ ഐ ക്യാമറ ഇടപാടില്‍ നടന്നത് 132 കോടിയുടെ അഴിമതിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ച് കളിക്കുകയാണ്. ആരോപണങ്ങള്‍ തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥന സര്‍ക്കാര്‍ മൗനം തുടരുകയാണെന്നും മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
സേഫ് കേരള പദ്ധതിയുടെ എ ഐ ക്യാമറയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരാനായി ഞാനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വളരെയേറെ രേഖകള്‍ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകളാണവ. അവ ഒന്നും ഖണ്ഡിക്കാന്‍ സര്‍ക്കാരിനോ കെല്‍ട്രോണിനോ കഴിഞ്ഞിട്ടില്ല.

കഷ്ടിച്ച് 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന ഒരു പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
വ്യക്തമായ അന്വേഷണത്തിനും നടപടികള്‍ക്കും പകരം സര്‍ക്കാരും കെല്‍ട്രോണും ഇപ്പോഴും ഉരുണ്ടുകളി തുടരുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒന്‍പത് രേഖകള്‍ പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങള്‍ക്ക് സുരക്ഷിതമെന്ന് കണ്ട ഡോക്കുമെന്റുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നവയാണ്.
ഇന്നലെ കെല്‍ട്രോണ്‍ പുറത്ത് വിട്ട രണ്ട് രേഖകളില്‍ ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണ്. അതിലെ ഗുരുതരമായ ക്രമക്കേട് ഞാന്‍ തെളിവ് സഹിതം പുറത്ത് വിടുകയണ്. റിപ്പോര്‍ട്ടിലെ സീരിയല്‍ നമ്പര്‍ 4 ല്‍ 2. 2. എന്ന കോളത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടെന്ന് ടിക് മാര്‍ക്ക് ചെയ്തിട്ടുണ്ട്.
എന്നാല്‍ അക്ഷരാ എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017 ല്‍ ആന്നെന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്ന രേഖ ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം. അതായത് ആ കമ്പനി രൂപീകരിച്ചിട്ട് 6 വര്‍ഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. അപ്പോള്‍ ഈ റിപ്പാര്‍ട്ടിന്റെ ശുദ്ധി എന്താണ്? എത്ര അവധാനതയോടെയാണ് ഈ പദ്ധതി നടത്തിപ്പെന്ന് അറിയാന്‍ ഈ ഒരൊറ്റ ഉദാഹരണം മതി. ഇപ്പോഴും ചിലപ്രധാന രേഖകള്‍ മറച്ചു വച്ചാണ് കെല്‍ട്രോണ്‍ ഡോക്കുമെന്റുകള്‍ വെബ്സൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഈ പദ്ധതിയുടെ ടെന്‍ഡര്‍നടപടി ക്രമങ്ങള്‍ ഉത്തരവാകുമ്പോള്‍ തന്നെ ഇവ ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020 തന്നെ ഈ രേഖകള്‍ എല്ലാം പ്രസിദ്ധികരിക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications