റസാഖ് പയമ്പ്രോട്ടിന്റെ മരണം;ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
സി പി എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാൻ്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.
'നേരത്തേ വിഷപ്പുക ശ്വസിച്ചാണ് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരൻ ബഷീർ മരണപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം അവരുടെ വീട് സന്ദർശിച്ചപ്പേൾ ബന്ധുക്കൾ പറയുകയുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ റസാഖ് പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അദ്ദേഹം നൽകിയ അപേക്ഷ സി പി എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയായിരുന്നു.
ഇതിൽ മനം നൊന്ത് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തൂങ്ങി മരിച്ചത് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയുടെ ഫലമാണ്', ചെന്നിത്തല പറഞ്ഞു.

'രണ്ട് ജീവനുകൾ നഷ്ടപ്പെട്ട സംഭവം ഗൗരവമേറിയതാണ്. ഇതിന് കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികതന്നെ വേണം ഇക്കാര്യത്തിൽ ഐ.ജി.യിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഒരു അന്വേഷണം അനുവാര്യമാണ്', ചെന്നിത്തല പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യ പ്ലാൻ്റിന്
പ്രദേശത്ത് അനുമതി നൽകരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.
റസാഖ് തീവ്ര വലതുപക്ഷ വ്യതിയാനത്തിന്റെ ഇര; വിഡി സതീശൻ
സിപിഎമ്മിനുണ്ടായ തീവ്രവലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഇരയാണ് റസാഖ് പയമ്പ്രോട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. ജനനിബിഡമായ പ്രദേശത്ത് മാലിന്യപ്ലാന്റ് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഡി സതീശൻ പറഞ്ഞത്-'ഇടതുപക്ഷ സഹയാത്രികനും ചിന്തകനും പ്രഭാഷകനുമായ റസാഖിന്റെ വേര്‍പാട് എല്ലാവരെയും വേദനിപ്പിക്കുന്നതും നിരാശയിലാഴ്ത്തുന്നതാണ്. മരണം തന്നെ ഒരു സമരമാണെന്ന് എഴുതിവച്ചശേഷമാണ് റസാഖ് മരിച്ചത്. മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരായ പോരാട്ടത്തില്‍ സി.പി.എം സ്വീകരിച്ച നിഷേധാത്മക നിലപാടും പാര്‍ട്ടി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. മരണത്തെ സമരത്തിന്റെ അവസാനത്തെ ആയുധമാക്കി വച്ചിട്ടാണ് അദ്ദേഹം പോയത്.
തീവ്രവലതുപക്ഷ വ്യതിയാനമാണ് ഇടതുപക്ഷ സഹയാത്രികനായ റസാഖിനെ വേദനിപ്പിച്ചത്. ഇതൊരു ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണ്. ബി.ജെ.പി പോലുള്ള സംഘപരിവാര്‍ ശക്തികളോട് വലതുപക്ഷ സമീപനം സ്വീകരിച്ച് മത്സരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. സി.പി.എമ്മിന്റെ ഈ തീവ്രവലതുപക്ഷ വ്യതിയാനം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന റസാഖിനെ വേദനിപ്പിച്ചു.
തന്റെ മരണത്തിന് കാരണക്കാരായ ആളുകളെക്കുറിച്ച് അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപ്പട്ടികയില്‍ ഉള്ളതുകൊണ്ടാണ് അന്വേഷണം ഇഴയുന്നത്. അന്വേഷണം സുതാര്യമാക്കണം.
മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. ജനനിബിഡമായ ഈ പ്രദേശത്ത് മാലിന്യപ്ലാന്റ് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. പ്ലാന്റ് തുറക്കാനുള്ള നീക്കത്തെ ശക്തിയായി എതിര്‍ക്കും. പ്ലാന്റ് അടച്ചുപൂട്ടണം. റസാഖിന്റെ കുടുംബത്തെ സഹായിക്കാനും സര്‍ക്കാര്‍ തയാറാകണം. ഇത്തൊരമൊരു ദുരന്തം കേരളത്തില്‍ ഒരാള്‍ക്കും ഇനിയുണ്ടാകരുത്'.












Click it and Unblock the Notifications