ബഫർസോൺ: വിധിയില്‍ ഇളവ് നല്‍കി സുപ്രീംകോടതി; സർക്കാർ ശ്രമങ്ങള്‍ വിജയം കണ്ടുവെന്ന് മന്ത്രി
ദില്ലി: ബഫർസോൺ വിധിയിൽ ആശ്വാസ ഇളവുമായി സുപ്രീംകോടതി. കരട് വിജ്ഞാപനം ഇറങ്ങിയതുൾപ്പടെയുള്ള മേഖലകൾക്ക് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിയന്ത്രണത്തിൽ ഇളവ് നല്‍കിയാണ് ഉത്തരവ്. എന്നാല്‍ സംരക്ഷിത മേഖലയുുടെ ഒരു കിലോ മീറ്റർ പരിധിയിൽ എന്നാൽ ഖനനത്തിന് വിലക്കുണ്ടാകും. 2022 ജൂൺ മൂന്നിന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്.
ബഫർസോണിലെ സമ്പൂർണ നിയന്ത്രണങ്ങൾ നീക്കിയുള്ള സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടെന്നും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ബഫര്‍സോണ്‍) വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി ഉണ്ടായിട്ടുള്ളത്. മലയോര ജനതയെ ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങളും തെറ്റായ വാര്‍ത്തകളും വിവിധ കോണുകളില്‍ നിന്നും ഉണ്ടായപ്പോഴും അതൊക്ക തെറ്റാണെന്ന് പറഞ്ഞുകൊണ്ട് നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ കൃത്യതയോടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. അതാണ് ഇന്നത്തെ വിധിക്ക് അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
കോടതി വിധിയിലൂടെ ബഫര്‍സോണില്‍ നിന്നും ജനങ്ങള്‍ കുടിയിറക്കപ്പെടുമെന്നും കൃഷികളും മറ്റ് ജീവിതോപാധികളും നഷപ്പെടുമെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ കോടതി ഇന്നത്തെ വിധിയിലൂടെ അംഗീകരിക്കുകയാണ് ഉണ്ടായത്.
വന്യജീവി സങ്കേതങ്ങളിലോ ഒരു കിലോമീറ്റര്‍ ചുറ്റളവിലോ ഖനനം അംഗീകരിക്കില്ല എന്ന നിലവിലെ നിലപാട് തുടരാനും കോടതി വിധിയിലൂടെ തീരുമാനിച്ചു. കേരളത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ച വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയും ബ്ലോക്ക് പഞ്ചായത്തും പൂര്‍ണ്ണമായും ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെട്ടു എന്നത് ഈ വിധിക്ക് ആധാരമായി ബഹു.സുപ്രിംകോടതി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
അന്തര്‍ സംസ്ഥാന അതിരുകള്‍ പങ്കിടുന്ന ഭാഗത്ത് ഈ കോടതിവിധി ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയോര ജനതയുടെ ആശങ്കകള്‍ പൂര്‍ണമായും ദൂരീകരിക്കുന്നതിന് എല്ലാ വിധ നിര്‍ദ്ദേശങ്ങളും നല്‍കി വനം വകുപ്പിനെ പ്രാപ്തമാക്കുന്നതിന് ബഹു. മുഖ്യമന്ത്രി സ്വീകരിച്ച നടപടികളുടെ പൂര്‍ണ്ണ വിജയമാണ് ഇന്നത്തെ സുപ്രിംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
23.10.2019-ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനവാസമേഖലകളെ പൂര്‍ണ്ണമായും ഇക്കോ സെന്‍സിറ്റീവ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന മന്ത്രിസഭ തീരുമാനവും 27.07.2022 -ല്‍ മേല്‍ മന്ത്രിസഭാ തീരുമാനം അടിസ്ഥാനമാക്കി കോടതിയെ സമീപിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തുന്ന മന്ത്രിസഭാ തീരുമാനവും കോടതി വിധിക്ക് ഗുണകരമായിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് ഈ കോടതി വിധിയിലൂടെ വ്യക്തമാകുന്നത് .
സര്‍ക്കാരുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച വനം വന്യജീവി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വിയോണ്‍മെന്റ് സെന്റര്‍ തുടങ്ങിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications