എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച എസ് എസ് എല്‍ സി, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗ്രേസ് മാര്‍ക്ക് സംവിധാനത്തില്‍ ക്രമീകരണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. മുന്‍കാല വര്‍ഷങ്ങളില്‍ ഗ്രേസ് മാര്‍ക്ക് ശാസ്ത്രീയമായ രീതിയിലല്ല നല്‍കിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൊവിഡ് കാരണം സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.
അതേസമയം, ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേടിടാന്‍ ആവശ്യമായ ക്രമീകരണം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാ അടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് പരീക്ഷ നടക്കുന്ന ഹാളുകളില്‍ കുടിവെള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞയുടന്‍ മൂല്യനിര്‍ണയവും ടാബലേഷനും നടക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 26 വരെയാണ് മൂല്യ നിര്‍ണയം. മേയ് രണ്ടാം വാരത്തിലാണ് ഫലം പ്രഖ്യാപിക്കുക.
അതേസമയം, സംസ്ഥാനത്ത് ഇന്നാണ് എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് തുടക്കമിട്ടത്. ഇന്ന് ഭാഷവിഷയങ്ങളായിരുന്നു. ആദ്യ ദിനത്തില്‍ മലയാളം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വലച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മിക്ക കുട്ടികളും ചൂടിനെ തുടര്‍ന്ന് കുടിവെള്ളക്കുപ്പികളുമായാണ് എത്തിയത്.












Click it and Unblock the Notifications