കളക്ടർമാർക്ക് സ്ഥലം മാറ്റം: ഔദ്യോഗിക ചടങ്ങുകള്‍ക്ക് വരാതെ മുന്‍ എറണാകുളം കളക്ടർ രേണുരാജ്
ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിട്ടായിരുന്നു രേണുരാജ് ഉള്‍പ്പടേയുള്ളവരെ സ്ഥലം മാറ്റിയത്

കൊച്ചി: പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിന് എത്താതെ എറണാകുളം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും ട്രാന്‍സ്ഫർ ചെയ്യപ്പെട്ട രേണുരാജ്. പുതിയതായാ ചുമതലയേൽക്കുന്ന എൻഎസ്കെ. ഉമേഷിന് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന് രേണുരാജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനും രേണുരാജ് നിന്നില്ല.
എറണാകുളം കലക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ടാണെന്ന രീതിയില്‍ പ്രചരണം ഉണ്ടായിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെ രേണുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും ചർച്ചാ വിഷയമായി. 'നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'- എന്നായിരുന്നു വനിതാ ദിനത്തോട് അനുബന്ധിച്ച് രേണുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, എറണാകുളം കലക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടി ക്രമമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കലക്ടർമാരുടെ സ്ഥലം മാറ്റത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ പുതിയ എറണാകുളം ജില്ലാ ക്ളക്ടറായി ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീ അണയ്ക്കുന്നതിനായി രേണു രാജ് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയതായും ജനം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിട്ടായിരുന്നു രേണുരാജ് ഉള്‍പ്പടേയുള്ളവരെ സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സാംമ്പശിവ റാവുവിനെ മാറ്റി വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ഹരിത വി കുമാറിന് പകരം ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications