എല്ലാം ശരിയാക്കേണ്ട പിണറായി സഖാവേ..കഞ്ഞി കുടിക്കാന്‍ അരിയെങ്കിലും തരൂ..വില റോക്കറ്റ് പോലെ..!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളെല്ലാം അധികാരത്തിലെത്തിയാല്‍ എല്ലാ സര്‍ക്കാരുകളും മറക്കാറാണ് പതിവ്. ഒട്ടേറെ വാഗ്ദാനങ്ങളുമായെത്തിയ പിണറായി സര്‍ക്കാരിന് അല്‍പമെങ്കിലും മാറ്റമുണ്ടാകുമെന്ന് കേരള ജനത പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ തെറ്റിത്തുടങ്ങിയിട്ട് കുറച്ചേറെയായി.

വരുന്ന 5 വര്‍ഷം സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാവുകയേ ഇല്ല എന്ന് വീമ്പിളക്കിയ സഖാക്കന്മാരെ ആരെയും കാണാനില്ല. റോക്കറ്റ് പോലെയാണ് സംസ്ഥാനത്തെ അരിവില കുതിച്ചുയരുന്നത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ മാന്ത്രികവടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ കയ്യില്‍ അരിവില പിടിച്ചു നിര്‍ത്താനുള്ള മന്ത്രമുണ്ടാവാനും സാധ്യതയില്ല.

സര്‍വ്വകാല റെക്കോര്‍ഡ്

ആന്ധ്രയിലും തമിഴ്‌നാട്ടിലും കൊടും വരള്‍ച്ച കാരണം അരി ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിലെ അരിവില കുതിച്ചുയര്‍ന്നത്. സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് കേരളത്തിലെ അരിവില കുതിക്കുന്നത്.

പൊള്ളുന്ന വില

ഏറ്റവും പുതിയ നിരക്ക് പ്രകാരം ഒരു കിലോ ജയ അരിക്ക് 40 രൂപയാണ് വില. മട്ട അരിക്ക് 38 രൂപയാണ് വില. മലയാളികളുടെ പ്രിയപ്പെട്ട അരിയായ ജയയ്ക്ക വില കൂടിയത് വലിയ തിരിച്ചടിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ജയ അരിയുടെ വില നാല്‍പ്പത് രൂപയിലെത്തുന്നത്.

എല്ലാ അരിവിലയും കുതിപ്പിൽ

ജയ അരിക്ക് 35 രൂപയായിരുന്നു ഒരു മാസം മുന്‍പുള്ള വില. മട്ട അരിക്ക് ഒരു മാസം മുന്‍പ് കിലോയ്ക്ക് 34രൂപ ആയതാണ് ഇപ്പോള്‍ 38 ആയിരിക്കുന്നത്. 29 രൂപയായിരുന്ന പച്ചരിയുടെ വില 33 ആയി. പൊന്നി അരി 32ല്‍ നിന്നും 36 ആയും സുരേഖ 32ല്‍ നിന്നും 37 ആയും ഉയര്‍ന്നു.

സർക്കാർ നോക്കിനിൽക്കുന്നു

ആന്ധ്രയില്‍ നിന്നുള്ള ജയ അരിയുടെ ഏറ്റവും പ്രധാന വില്‍പന വിപണി കേരളമാണ്. കഴിഞ്ഞ ഓണക്കാലത്ത് മില്‍ ലോബിയുടെ നീക്കം കാരണം വില കുതിച്ചുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടാണ് വില നിയന്തിച്ചത്. എന്നാലിപ്പോള്‍ വിപണിയില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ് തെളിഞ്ഞുവരുന്നത്.

ഇടപെട്ടില്ലെങ്കിൽ പണിപാളും

മട്ടഅരിക്ക് ക്ഷാമമില്ലെങ്കിലും ജയ അരി കിട്ടാനില്ലാത്ത സാഹചര്യത്തില്‍ കച്ചവടക്കാര്‍ വില കൂട്ടിവാങ്ങുന്നതായി ആക്ഷേപമുണ്ട്. റേഷന്‍ വിപണിയിലെ പ്രശ്‌നങ്ങളും അരിവിലയെ ബാധിക്കുന്നു. സംസ്ഥാന ഭക്ഷ്യവകുപ്പ് അടിയന്തരമായി പ്രശ്‌നത്തിലിടപെടണമെന്നാണ് ആവശ്യമുയരുന്നത്.

English summary
Rice price shows huge hike in Kerala Market. The State government is not properly interfering with the issue of price hike.
Please Wait while comments are loading...