ചുരിദാറിട്ട് അഭിമുഖങ്ങള്‍ക്ക് പോകാന്‍ പലരും പറഞ്ഞു; ഈ വസ്ത്രധാരണം എന്റെ പ്രതികരണമായിരുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇപ്പോഴും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടി റിനി ആന്‍ ജോര്‍ജ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്ന, അഭിപ്രായം പറയുന്ന സ്ത്രീകളാണ് ഈ സമൂഹത്തിലെ ഏറ്റവും വലിയ വില്ലത്തികള്‍ ആയി കണക്കാക്കുന്നത്. ഒരു കൊലപാതകിക്കു പോലും കിട്ടാത്ത കുത്തുവാക്കുകളും ചീത്ത വിളികളുമാണ് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചതിന്റെ പേരിലും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ പേരിലും സ്ത്രീകള്‍ കേള്‍ക്കേണ്ടി വരുന്നതെന്നും റിനി കൂട്ടിച്ചേര്‍ത്തു. ബി4ബ്ലേസ് മലയാളം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി മനസു തുറന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ആദ്യമായി പരസ്യമായി ആരോപണം ഉന്നയിച്ചയാളാണ് റിനി.
ചെറുപ്പം മുതല്‍ ഞാന്‍ മോഡേണായ വ്യക്തിയാണ്. എന്റെ ഡ്രസിങ് ആരും അക്‌സെപ്റ്റ് ചെയ്തിരുന്നില്ല. എന്റെ കോളജില്‍ ഇത്തരം കുത്തുവാക്കുകള്‍ കേട്ടു വന്നിട്ടുള്ളത് കൊണ്ട് ഈ സൈബര്‍ ആക്രമണം എന്നെ ബാധിച്ചിട്ടില്ല. എങ്കിലും ചിലപ്പോള്‍ തോന്നിയിട്ടുണ്ട് മനുഷ്യര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന്.
ഞാന്‍ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ എതിരെ നില്‍ക്കുന്നവര്‍ എന്നില്‍ കണ്ടെത്തിയ ഏക തെറ്റ് ഞാന്‍ മോഡേണായി വസ്ത്രം ധരിക്കുന്നു എന്നുള്ളതാണ്. അത് എന്റെ സ്വാതന്ത്ര്യമാണ്. ഞാന്‍ മനപ്പൂര്‍വം ഒരാളെയും ദ്രോഹിച്ചിട്ടില്ലാത്ത വ്യക്തിയാണ്. വിവാദമുണ്ടായപ്പോള്‍ പോലും ആരുടെയും പേര് പറയുകയോ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ഒരുപാട് കുത്തുവാക്കുകള്‍ കേട്ടു. എങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ പേടിക്കാറില്ല.

എന്റെ പ്രതികരണം എന്റെ വസ്ത്രധാരണത്തിലൂടെയാണ്. വിവാദമുണ്ടായ സമയത്ത് പലരും പറഞ്ഞു റിനിയുടെ വസ്ത്രധാരണം കൊണ്ടാണ് റിനിയുടെ അഭിപ്രായങ്ങള്‍ക്ക് വില കിട്ടാത്തത് എന്ന്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് വില കിട്ടണമെങ്കില്‍ അഭിമുഖങ്ങളില്‍ ചുരിദാറോ അതുപോലെയുള്ള വേഷങ്ങളോ ധരിക്കണം എന്നൊക്കെ സുഹൃത്തുക്കള്‍ പറഞ്ഞു.
എന്നാല്‍ ഞാന്‍ തീരുമാനിച്ചത് എന്റെ വസ്ത്രങ്ങളല്ല എന്നെ തീരുമാനിക്കേണ്ടത് എന്നാണ്. എന്റെ വസ്ത്രം എന്റെ ചോയ്‌സ് ആണ്. ഞാന്‍ എന്താണ് പറയുന്നത് എന്നുള്ളതിനാണ് കൂടുതല്‍ പ്രാധാന്യം കിട്ടേണ്ടത്. അതുകൊണ്ടുതന്നെ എന്റെ വസ്ത്രധാരണം എന്റെ പ്രതികരണം കൂടിയായിരുന്നു. എത്ര കുത്തുവാക്ക് പറഞ്ഞാലും അപമാനിച്ചാലും ഞാന്‍ എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കും, എനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ പറയും എന്നുള്ള ഒരു സ്റ്റേറ്റ്‌മെന്റ് ആണ് എന്റെ വസ്ത്രധാരണത്തിലൂടെ ഞാന്‍ പ്രകടിപ്പിക്കുന്നത്.
വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടായ സമയത്ത് ഫാമിലി ഒപ്പം നിന്നു. ഞങ്ങള്‍ നിനക്ക് സ്വാതന്ത്ര്യം തരുന്നു എന്നല്ല അവര്‍ ചിന്തിക്കുന്നത്. മറിച്ച് ഒരു വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് ചിന്തിക്കുന്നവരാണ് അവര്‍. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സത്യമാണെന്ന് അവര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഞാന്‍ കാരണം കുറെ പോസിറ്റീവ് ആയ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത് എല്ലാവരും അംഗീകരിക്കണമെന്നില്ല. പല പെണ്‍കുട്ടികള്‍ക്കും ഞാന്‍ കാരണം ഒരു രക്ഷ കിട്ടിയിട്ടുണ്ട്. അടുത്തിടെ എനിക്ക് ഒരു വധഭീഷണി പോലും ഉണ്ടായി. എന്റെ വീടിനടുത്ത് ഒരാള്‍ വന്നിട്ട് കൊന്നുകളയും എന്ന് പറഞ്ഞു. അപ്പോഴും വീട്ടുകാര്‍ കുറ്റപ്പെടുത്തിയിട്ടില്ല. അവര്‍ വലിയ സപ്പോര്‍ട്ട് ആണ് നല്‍കിയത്.
ശത്രുക്കളുടെ മുന്നില്‍ വീക്കാവുന്ന ഒരാളല്ല ഞാന്‍. എന്നെ സ്‌നേഹിക്കുന്നവരുടെ മുന്നില്‍ മാത്രമാണ് ഞാന്‍ വീക്കാകുന്നത്. ഞാന്‍ അതിജീവിതകള്‍ക്ക് വേണ്ടി സംസാരിക്കും എന്നുള്ളത് എന്റെ തീരുമാനമാണ്.
വിവാദമുണ്ടായ സമയത്ത് എന്തുകൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് എല്ലാവരും ചോദിക്കുന്നത്. പരാതി കൊടുത്താല്‍ എന്താണ് സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. എവിടെ ചെന്നാലും ഒരു സ്ത്രീയ്ക്ക് നീതി കിട്ടുന്നില്ല. പരാതി കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന് ചിന്തിക്കുന്ന ഒരു അവസ്ഥയിലേക്ക് സ്ത്രീ എത്തിച്ചേരും
ഒരു അഭിമുഖത്തില്‍ സ്വാഭാവികമായി സംസാരിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ് നേതാവിനെതിരെയുള്ള ആരോപണം. പേരൊന്നും പറയാതിരുന്നിട്ടു പോലും ഞാന്‍ എത്രത്തോളമാണ് അനുഭവിക്കുന്നത്. അപ്പോള്‍ സമൂഹത്തിലെ ഉന്നതനായ വ്യക്തിയുടെ പേര് പറഞ്ഞു പരാതിയുമായി പോകുന്ന പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. പരാതിയുമായി മുന്നോട്ടു പോവുക എന്നത് ഭയപ്പെടേണ്ട അവസ്ഥയാണെന്നും റിനി പറഞ്ഞു.












Click it and Unblock the Notifications