യൂത്ത് കോണ്‍ഗ്രസ് പണം വാങ്ങിയല്ല ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയത്, ആരോപണം തള്ളി റിയാസ് മുക്കാളി
മലപ്പുറം: ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയത് സംബന്ധിച്ച ആരോപണം തള്ളിക്കളഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി. തവനൂർ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയത് സംബന്ധിച്ച വിവാദം ഉയർന്നുവന്നതോടെയാണ് ആരോപണത്തിന് മറുപടി നൽകിയിട്ടുള്ളത്.
തവനൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയിൽ നടന്നു എന്ന് പറയപ്പെടുന്ന ഇല്ലാത്ത ചർച്ചയുടെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ അതിലേക്ക് വലിച്ചിഴച്ച് ചില മാധ്യമങ്ങളുടെ പിന്തുണയോടെ വിവാദം സൃഷ്ടിക്കുന്നത് സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തവനൂർ സീറ്റിലേക്ക് നിർദേശിക്കപ്പെട്ടത് റിയാസ് മുക്കോളിയെയായിരുന്നു.

എന്നാൽ മത്സരരംഗത്ത് നിന്ന് പിന്മാറിയത് ആ സമയത്തെ തവനൂരിലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിർപ്പും തനിക്ക് ലഭിച്ച ചില സന്ദേശങ്ങളുമാണെന്നും റിയാസ് മുക്കോളി ചൂണ്ടിക്കാണിക്കുന്നു. തവനൂരിൽ തനിക്ക് മത്സരിക്കാൻ സാധിക്കുന്ന സാഹചര്യമല്ലെന്ന് അന്ന് തന്നെ വ്യക്തമായെന്നും നേതാവ് പറയുന്നു. അതുകൊണ്ടാണ് തന്നെ തവനൂരിൽ മത്സരിക്കാൻ പരിഗണിക്കേണ്ടതില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നുവെന്നും റിയാസ് പറഞ്ഞു.
നിയോജകമണ്ഡലത്തിനകത്തുള്ള ജില്ലാ, ബ്ലോക്ക് മണ്ഡലം നേതാക്കൾ യോഗം ചേർന്നാണ് ഫിറോസ് കുന്നംപറമ്പിൽ തന്നെ മത്സരിക്കണമെന്ന് ഐക്യകണ്ഠേന പ്രമേയം പാസാക്കുകയായിരുന്നുവെന്നും റിയാസ് ചൂണ്ടിക്കാണിക്കുന്നു. അവിടുത്തെ പ്രാദേശിക നേതൃത്വത്തിൽ നിന്നുയർന്ന ആവശ്യത്തെ തുടർന്നാണ് ഫിറോസ് കുന്നുംപറമ്പിൽ അവിടെ സ്ഥാനാർഥിയാവുന്നത് എന്നും റിയാസ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിൽ ഇതിൽ യാതൊരു പങ്കുമില്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ തലയിൽ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതായാലും അത് വകവെച്ചുതരാൻ യൂത്ത് കോൺഗ്രസ് ഒരുക്കമല്ലെന്നും റിയാസ് പറഞ്ഞു.












Click it and Unblock the Notifications