രാജേഷിനെ വെട്ടിനുറുക്കിയത് വാളും കൂർത്ത വെട്ടുകത്തിയും ഉപയോഗിച്ച്; ആയുധങ്ങൾ പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാളും വെട്ടുകത്തിയുംകരുനാഗപ്പള്ളി കന്നേറ്റി കായലിൽ നിന്ന് പോലീസ് കണ്ടെത്തി. കോസ്റ്ര് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ നടത്തിയ നീണ്ട തെരച്ചിലിലിനൊടുവിലാണ് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആയുധങ്ങൾ കണ്ടെത്തിയത്.രാജേഷ് വധത്തിലെ മുഖ്യസൂത്രധാരനായ അലിഭായിയേയും കൂട്ടാളി തൻസീറിനെയും സ്ഥലത്തെത്തിച്ചായിരുന്നു തെരച്ചിൽ. എന്നാൽ, പ്രതികൾ സംഭവ സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട തങ്ങളുടെ വസ്ത്രങ്ങൾ കണ്ടെത്താനായിട്ടില്ല. വസ്ത്രങ്ങളും കായലിൽ ഉപേക്ഷിച്ചുവെന്നാണ് പ്രതികളുടെ മൊഴി.

ആറ്റിങ്ങൽ ഡിവൈഎസ്പി ടി അനിൽകുമാറിന്റെ നേതൃത്വത്തിൽ അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെയും തൻസീറിനെയും മുഖം മൂടി ധരിപ്പിച്ച് കൈകളിൽ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നത്. കൊല നടത്തിയശേഷം ഓച്ചിറയിലേക്ക് മടങ്ങിയ സംഘം കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ ചവറ കായലിൽ ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഈ കായലിനെക്കുറിച്ച് അറിയാമായിരുന്ന അലിഭായി അവിടെ ഉപേക്ഷിക്കണ്ടെന്നും അപകടമാണെന്നും പറഞ്ഞു. തുടർന്ന് കരുനാഗപ്പള്ളിയിലെത്തിയ സംഘം കന്നേറ്റി പാലത്തിൽ കാർ നിറുത്തിയശേഷം വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അലിഭായുടെ മൊഴി. വസ്ത്രങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.












Click it and Unblock the Notifications