കുമ്പള: അര്‍ദ്ധരാത്രി വീടിന് പുറത്തെ വാട്ടര്‍ ടാപ്പ് തുറന്നുവെച്ച് വീട്ടുകാരെ ഉണര്‍ത്തി അകത്തുകയറാനെത്തിയ കവര്‍ച്ചാ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൂട്ടാളി ഓടി രക്ഷപ്പെട്ടു. കാസർകോട്, കുണ്ടങ്കാരടുക്കയിലാണ് സംഭവം.
ഇന്നലെ അര്‍ദ്ധരാത്രി ഒരു മണിക്ക് ശേഷമാണ് കുണ്ടങ്കാരടുക്കയിലെ ഒരു വീട്ടില്‍ അജ്ഞാതര്‍ എത്തിയത്. വീടിന് മുന്‍വശത്തെ വാട്ടര്‍ ടാപ്പ് തുറന്നുവെച്ച് വീടിന്റെ കോളിംഗ് ബെല്ല് അടിച്ച് വീട്ടുകാരെ ഉണര്‍ത്തിയ സംഘം വാതില്‍ തുറന്നാല്‍ അക്രമിച്ച് അകത്തുകടക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഭയം തോന്നിയ വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ആരാണെന്ന് ചോദിച്ചെങ്കിലും മറുപടിയും പറഞ്ഞില്ല. തുടര്‍ന്ന് വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കര്‍ണാടക സ്വദേശിയായ ഒരാള്‍ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി.