ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍ വധക്കേസ്: പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പ്രതികാര കൊലയ്ക്ക് വേണ്ടി ആർ എസ് എസ് നേതാക്കളുടെ വിവരം ശേഖരിച്ചു നൽകി എന്ന കണ്ടെത്തലിന് പിന്നാലെയാണ് സസ്പെൻഷൻ.
കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനായ ജിഷാദിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. 2017 ഫയർഫോഴ്സ് സർവീസിൽ കയറിയ ജിഷാദ് യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ്.
ഇദ്ദേഹം പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ 14 കൊല്ലമായി ഇദ്ദേഹം പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നിരുന്നു.

ഇന്നലെ രാത്രിയോടെ ആയിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ജിഹാദിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. എന്നാൽ, സഞ്ജിത്ത് കൊലക്കേസിലും ജിഷാദിന് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കേസിൽ രണ്ട് മുഖ്യപ്രതികളെ കൂടി പോലീസ് പിടികൂടിയിരുന്നു. കൊല ചെയ്യാൻ നേരിട്ടോ അല്ലാതെയോ പങ്കെടുത്ത നിരവധി പേരും ഇതിന് പിന്നാലെ പിടിയിൽ ആയിരുന്നു. ഇനിയും പ്രതികളെ പിടി കൂടാൻ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റ് പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

ജില്ലയെ ഞെട്ടിക്കുന്ന അരുംകൊലകളാണ് കഴിഞ്ഞ മാസം പാലക്കാട് റിപ്പോർട്ട് ചെയ്തിരുന്നത്. ഇവിടെ ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തനായ സുബൈർ ആയിരുന്നു. എന്നാൽ, സുബൈറിന്റെ കൊലപാതകം നടന്ന് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം സംഭവിക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടിരുന്നത്.45 വയസ്സുണ്ടായിരുന്നു ഇദ്ദേഹത്തിന്. ആഴത്തിൽ വെട്ടേൾക്കുകയായിരുന്നു.

പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം നടന്നത്. ഗുരുതരമായ പരിക്ക് പറ്റിയ ഇദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ ശക്തമായ പൊലീസ് അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം, പ്രതികൾ എത്തിയ ബൈക്കും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നു. പട്ടാമ്പിയിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. പ്രതി ഒലവക്കോട് കാവിൽപ്പാട് സ്വദേശി ഫിറോസ് (33) ഉപയോഗിച്ച ബൈക്കാണിത്.

എന്നാൽ, ഈ ബൈക്ക് പൊളിച്ച് കളഞ്ഞതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നതാണ്. പൊലീസ് അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി പ്രതികൾ ഉപയോഗിച്ച ബൈക്കിന് പകരം മറ്റൊരു ബൈക്കാണ് പൊളിക്കാൻ കൊടുത്തിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, ബൈക്ക് പൊളിക്കാൻ വാങ്ങിയ ആക്രിക്കടക്കാരനെയും അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. എന്നാൽ, 16 പേരാണ് നിലവിൽ പൊലീസ് പിടിയിൽ ആയത്. ഇത് കൊലയാളി സംഘത്തിലെ നാല് പേരും ഗൂഢാലോചനയിലും സഹായം നൽകിയവരും ഉൾപ്പെടുന്നു.

ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു. പ്രതികൾ പാലക്കാട് ബി ജെ പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ ആയിരുന്നു പൊലീസിന് ലഭിച്ചിരുന്നത്. മൂന്ന് ബൈക്കുകളും കാറും ഉപയോഗിച്ച് ആയിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. ഇതിൽ അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിൽ ആണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. മേലാമുറിക്കടുത്ത് വെച്ച് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറി. എന്നാൽ, പുറത്തുവന്ന ഈ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് അന്വേഷണത്തിൽ ഏറെ ഗുണം ചെയ്തിരുന്നു.