സിപിഎമ്മുമായി പ്രശ്‌നങ്ങളുണ്ട്, എന്നാൽ ബിജെപിയിലേക്കില്ല; ഇടതിനൊപ്പം തുടരുമെന്ന നിലപാടുമായി എസ് രാജേന്ദ്രൻ
ഇടുക്കി: ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ എസ് രാജേന്ദ്രൻ. ഇന്നലെ രാജേന്ദ്രൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ വൈകാതെ അദ്ദേഹത്തിന്റ പാർട്ടി പ്രവേശനം ഉണ്ടാവുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലാണ് സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഇടുക്കിയിലെ നേതാവ് തന്റെ നിലപാട് അറിയിച്ചത്.
സിപിഎമ്മുമായി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച രാജേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണമുണ്ടെന്ന് കാര്യവും പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കും. പ്രശ്‌നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്‌തത് പരിഹരിക്കുംവരെ സജീവമായി പരിപാടികളിൽ പങ്കെടുക്കില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. ഇന്നലെ വൈകീട്ട് പ്രകാശ് ജാവദേക്കറിനെ കണ്ടതോടെ അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നും. എന്നാൽ സിപിഎമ്മിന് താൽക്കാലിക ആശ്വാസം നൽകുന്ന വാക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്.

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ചയിലും രാജേന്ദ്രൻ നിലപാട് അറിയിച്ചു. അദ്ദേഹവുമായി നടന്നത് വെറും സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു വിശദീകരണം. അദ്ദേഹവുമായി പണ്ട് മുതലേ വ്യക്തിപരമായ ബന്ധമുണ്ട്. ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് കാണാനുള്ള കാര്യം. വ്യക്തിപരമായ കാര്യങ്ങളാണ് ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംസാരിച്ചതെന്നും എസ് രാജേന്ദ്രൻ അറിയിച്ചു.
അതേസമയം, ഇടുക്കിയിലെ സിപിഎമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളായ രാജേന്ദ്രൻ കഴിഞ്ഞ കുറച്ച് കാലമായി പാർട്ടിയുമായി അത്ര നല്ല ബന്ധത്തിലല്ല. ഒന്നര വർഷത്തിലേറെയായി പാർട്ടി പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന പാർട്ടി കൺവെൻഷനിൽ പങ്കെടുത്തെങ്കിലും പ്രസംഗിക്കാൻ അനുവാദം കിട്ടിയിരുന്നില്ല. ഇതിൽ രാജേന്ദ്രൻ അതൃപ്‌തനായിരുന്നു എന്നാണ് സൂചന.
ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും ജോയ്‌സ് ജോർജ് തന്നെയാണ് ഇടത് മുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. 2014ൽ ഇവിടെ ജയിച്ചു കയറിയ ജോയ്‌സിന് പക്ഷേ കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസിനോട് പരാജയപ്പെടുകയായിരുന്നു. ഇക്കുറി വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉറച്ച് പ്രവർത്തിക്കുന്ന സിപിഎമ്മിന് രാജേന്ദ്രന്റെ നിലപാട് വലിയ തലവേദനയായിരുന്നു.
ഇതിനിടെ സിപിഐ പരോക്ഷമായി ഇക്കാര്യം വിമർശന വിധേയമായി സൂചിപ്പിക്കുകയും ചെയ്‌തു.ഇടതുപക്ഷത്തെ നിന്ന് ഒരാൾ ബിജെപിയിലേക്ക് പോവുന്നത് ആത്മഹത്യാപരം ആണെന്നായിരുന്നു സിപിഐ പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജേന്ദ്രൻ ബിജെപിയിലെക്ക് ചേക്കേറിയാൽ അത് രാഷ്ട്രീയപരമായി സിപിഎമ്മിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കുക. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.












Click it and Unblock the Notifications