അനുകൂല കാലാവസ്ഥ; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ട് തുടങ്ങി, പമ്പയില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശം
പത്തനംതിട്ട: ജില്ലയില്‍ കലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ട് തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് പമ്പ ത്രിവേണി കരകവിഞ്ഞിരുന്നു. ഇതോടെ തീര്‍ത്ഥാടനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഭക്തര്‍ക്ക് നിലയ്ക്കലും പത്തനംതിട്ടയിലും തങ്ങാന്‍ സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ വിലക്ക് നീക്കുകയായിരുന്നു. പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടിയുയര്‍ത്തി. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ നിലവിലെ തുറന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. 40 സെന്റിമീറ്ററില്‍ നിന്നും 80 ആക്കും.

അതേസമയം ആന്ധ്രയില്‍ മഴക്കെടുതി രൂക്ഷമായിതന്നെ തുടരുകയാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27ആയി. ആനന്തപുരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു. ചിറ്റൂരില്‍ ഒഴുക്കില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചു. നന്തല്ലൂരില്‍ 25 പേരെ കാണാതായി. കഡപ്പയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.
തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications