'പുറത്താക്കിയ നടപടി നിയമവിരുദ്ധം'; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് എതിരെ സാന്ദ്ര തോമസ് കോടതിയിൽ
കൊച്ചി: മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലാ സബ് കോടതിയിലേക്കാണ് സാന്ദ്ര തോമസ് സംഘടനയുടെ നടപടിക്കെതിരെ ഹർജി നൽകിയിരിക്കുന്നത്.
കൃത്യമായ കാരണം ബോധിപ്പിക്കാതെയാണ് തന്നെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പരാതി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. സംഘടനയിൽ നിന്നും പുറത്താക്കിയ നടപടി സ്‌റ്റേ ചെയ്യണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് നേരത്തെ പുറത്താക്കിയത്. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയം സംഘടനയ്ക്കുള്ളിൽ ചർച്ചയ്ക്കാൻ സാന്ദ്ര തോമസ് ശ്രമിച്ചിരുന്നു. ഇതോടെയാണ് ചില നിർമ്മാതാക്കളുമായി അവർ ഭിന്നതയിലായത്.
തുടർന്ന് ഇവർ സംഘടനയിലെ ചില അംഗങ്ങൾക്ക് എതിരെ നൽകിയ പരാതിയിൽ എസ്ഐടി കേസെടുത്തിരുന്നു. പ്രമുഖ നിർമ്മാതാവ് ആന്റോ ജോസഫ് ഉൾപ്പെടുള്ളവർക്ക് എതിരെയാണ് സാന്ദ്ര തോമസ് പരാതി നൽകിയത്. ഗുരുതരമായ ആരോപണങ്ങളായിരുന്നു ചില അംഗങ്ങൾക്ക് എതിരെ സാന്ദ്ര തോമസ് നടത്തിയത്.
തന്നെ പുറത്താക്കിയതിൽ താൻ പരാതി നൽകിയവരും സിനിമയിലെ പവർ ഗ്രൂപ്പും പങ്കാളികളാണ് എന്നായിരുന്നു സാന്ദ്ര ആരോപിച്ചത്. ആന്റോ ജോസഫ് തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു എന്നാണ് സാന്ദ്ര ആരോപിച്ചത്. ഇത്തരക്കാരെ രാജാക്കന്മാരായി വാഴിക്കുകയാണ് സംഘടനയെന്നും സാന്ദ്ര കുറ്റപ്പെടുത്തിയിരുന്നു.
പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കെട്ടിടത്തിൽ സിസിടിവിയുണ്ട്. അവിടെ റൂമുകളുമുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു. അസോസിയേഷൻ ഭാരവാഹികളിൽ ചിലരുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷണ വിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
സാന്ദ്ര തോമസിനെതിരായ നടപടിക്ക് പിന്നാലെ സംഘടനയിലെ മറ്റൊരു വനിതാ അംഗമായ ഷീല കുര്യൻ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘടനയുടെ നേതൃത്വത്തിന് അവർ കത്തയച്ചത്. അംഗങ്ങളിൽ ചിലർക്കെതിരെ പോലീസിൽ പരാതി നൽകിയത് കൊണ്ടാണ് സാൻഡ്രയെ പുറത്താക്കിയത് എന്നായിരുന്നു ഷീല കുര്യൻ ആരോപിച്ചത്. ഇവരോടും വിശദീകരണം തേടിയിരുന്നു.












Click it and Unblock the Notifications