സർക്കാർ സ്‌കൂളിലെ പൊതുപരിപാടിയിൽ മുഖ്യാതിഥിയായി സഞ്ജു ടെക്കി; വിവാദം, ഒടുവിൽ ഒഴിവാക്കി
പാലക്കാട്: മണ്ണഞ്ചേരി സർക്കാർ ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കിയെ ക്ഷണിച്ച നടപടി വിവാദത്തിൽ. സംഭവം ചർച്ചകൾക്ക് വഴിയൊരുക്കിയതോടെ സംഘാടകർ സഞ്ജുവിനെ ഒഴിവാക്കി. എന്നാൽ സ്വയം പിന്മാറിയതാണെന്നാണ് സഞ്ജു അറിയിച്ചിരിക്കുന്നത്. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലാണ് വ്‌ളോഗറെ മുഖ്യാതിഥിയായി നിശ്ചയിച്ചത്.
അടുത്തിടെ ഗതാഗത നിയമ ലംഘനത്തിന്റെ പേരിൽ ഏറെ വിവാദങ്ങളിൽ പെട്ട വ്യക്തിയെ കുട്ടികളുടെ ചടങ്ങിലേക്ക് ക്ഷണിച്ചത് വിമർശനത്തിന് കാരണമായിരുന്നു. ഇതോടെയാണ് സഞ്ജുവിനെ ഒഴിവാക്കി സംഘാടകർ തടിതപ്പിയത്. പാലക്കാട് മണ്ണഞ്ചേരി ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുടെ മാഗസിൻ പ്രകാശന ചടങ്ങിലേക്കാണ് സഞ്ജുവിനെ ക്ഷണിച്ചത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ കീഴിലാണ് പരിപാടി നടക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസാണ് പരിപാടിയുടെ മുഖ്യ സംഘാടകൻ. വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സഞ്ജു അറിയിക്കുകയായിരുന്നു. വിവാദമുണ്ടെങ്കിൽ ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചതായി സംഘാടകരും പറഞ്ഞു.
മഴവില്ല് എന്ന പേരിട്ട മാഗസിൻ പ്രകാശന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആണ് അധ്യക്ഷൻ. മോട്ടർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കളും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ സമീപവാസിയെന്ന നിലയിലാണ് സഞ്ജുവിനെ വിളിച്ചതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.
തന്നെ സ്ഥിരം കുറ്റവാളിയായി കാണരുതെന്നും തെറ്റ് തിരുത്താൻ അവസരം നൽകണമെന്നുമാണ് സഞ്ജു ആവശ്യപ്പെടുന്നത്. വിവാദങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യൂട്യൂബർ. തെറ്റ് ഏറ്റ് പറന്നുകൊണ്ട് വിദ്യാർത്ഥികളോട് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നു. സ്‌കൂളിലെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതിൽ സങ്കടമുണ്ടെന്നും സഞ്ജു പറഞ്ഞു.
അതേസമയം, കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്‌ത് ഗതാഗത നിയമലംഘനം നടത്തിയ സംഭവത്തിൽ സഞ്ജുവിനെതിരെ എംവിഡി നടപടിയെടുത്തിരുന്നു. അതിന് പിന്നാലെ ഇതിനെ കളിയാക്കി കൊണ്ട് സഞ്ജു മറ്റൊരു വീഡിയോ കൂടി ചെയ്‌തിരുന്നു. ഇതോടെ എംവിഡി നിലപാട് കടുപ്പിക്കുകയും കോടതി ഇടപെടൽ ഉണ്ടാവുകയുമായിരുന്നു.
തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിന്റെ ഡ്രൈവിംഗ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കുകയും ചെയ്‌തിരുന്നു. മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, പൊതു റോഡിൽ പലതവണ മത്സര ഓട്ടം നടത്തി, വാഹനത്തിൽ രൂപമാറ്റം വരുത്തി നിരത്തിലിറക്കി എന്നിങ്ങനെ നിരവധി നിയമ ലംഘനങ്ങൾ എംവിഡി കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications