'തന്റെ സിനിമയേക്കാൾ മാനക്കേട് നടനെ അറസ്റ്റ് ചെയ്തപ്പോൾ', മേജർ രവിയോട് തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാര്‍ മാജിക് പരിപാടിയുമായി ബന്ധപ്പെട്ട് ചൂട് പിടിച്ച ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഒരു എപിസോഡില്‍ നടിമാരായ നവ്യ നായരും നിത്യ ദാസും സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനം ഉയര്‍ത്തു.
സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വിവാദത്തോട് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചിരിക്കുകയാണ്. അതിനൊപ്പം സിനിമയുടെ നിലവാരം ഇല്ലായ്മയെ കുറിച്ചുളള മേജര്‍ രവിയുടെ വാക്കുകള്‍ക്ക് സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയും വൈറലാവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന പേര് മലയാളി സിനിമാ പ്രേക്ഷകര്‍ കേള്‍ക്കുന്നത്. സിനിമയിലെ നായകന്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവും ഗായകനും ഗാനരചയിതാവും സംഗീത സംവിധാനവും അടക്കം എല്ലാം തനിച്ച് ചെയ്യുന്നതാണ് സന്തോഷ് പണ്ഡിറ്റ് സിനിമകളുടെ രീതി. വളരെ കുറഞ്ഞ പണം മുടക്കി മുടക്കുമുതല്‍ തിരിച്ച് പിടിക്കുന്ന തരത്തിലാണ് സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ ചെയ്യുന്നത്. നിലവാരം ഇല്ലാത്ത സിനിമകളാണ് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത് എന്നാണ് തുടക്കം മുതലുളള ആരോപണം.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ക്ക് നിലവാരം ഇല്ലെന്ന് സൂചിപ്പിക്കുന്നതിനൊപ്പം എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം എന്നും മേജര്‍ രവി അഭിമുഖത്തില്‍ പറഞ്ഞു. വ്യത്യസ്തമായിട്ടുളള ആളുകളും സൂപ്പര്‍ സ്റ്റാറുകളും അഭിനയിച്ചിട്ടുളള എത്ര സിനിമകള്‍ പൊട്ടിയിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. എത്ര നിര്‍മ്മാതാക്കള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന് ഇതുവരെ ആത്മഹത്യ ചെയ്യേണ്ട ഗതികേട് ഉണ്ടായിട്ടില്ല. മുതല്‍മുടക്ക് തനിക്ക് തിരിച്ച് കിട്ടിയിട്ടുണ്ട്.

ലോകസിനിമ പോയിട്ട് മലയാള സിനിമ പോലും കാണാന്‍ തനിക്ക് സമയമില്ല. സിനിമ തനിക്ക് പക്കാ ബിസിനസ്സാണ്. ആരെന്ത് പറയുന്നു എന്നുളളത് തനിക്ക് പ്രശ്‌നമല്ല. സിനിമയെ കല ആയിട്ടാണ് താന്‍ കണ്ടിരുന്നതെങ്കില്‍ സൗജന്യമായി സിനിമ കാണിച്ച് കൊടുക്കുമായിരുന്നു. പൈസ വാങ്ങിയിട്ടല്ല ചെയ്യുക. എത്രയോ പേര്‍ തന്റെ സിനിമയാണ് നല്ലതെന്നും തനിക്ക് കിട്ടേണ്ട അവാര്‍ഡ് മറ്റവന് കിട്ടി എന്നും പറഞ്ഞ് കരയുന്നത് കണ്ടിട്ടുണ്ട്. കലയെ സ്‌നേഹിക്കുന്നവന്‍ അവന്റെ പണി കഴിഞ്ഞ് നാട്ടുകാരെ കാണിച്ച് പോകും.

കലയെ സ്‌നേഹിക്കുന്നവന്‍ ഒരിക്കലും 6 കോടിയും 8 കോടിയും പ്രതിഫലം വാങ്ങില്ല. സ്വന്തം വീട് വിറ്റും ഉളള സര്‍ക്കാര്‍ ജോലി രാജി വെച്ചുമാണ് താന്‍ സിനിമയിലേക്ക് വന്നത്. മലയാള സിനിമയില്‍ കല തീരെ കുറവാണ്, അതുകൊണ്ട് വീട് വിറ്റ് കുറച്ച് കല ഉണ്ടാക്കാം എന്ന് കരുതിയല്ല താന്‍ സിനിമയിലേക്ക് വന്നത്. വ്യത്യസ്തനാണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. തനിക്ക് പൈസക്ക് വിലയുണ്ട്. മലദ്വാര കള്ളക്കടത്ത് നടത്തിയ പൈസ കൊണ്ടല്ല താന്‍ സിനിമ എടുക്കുന്നത്.

അപ്പോള്‍ തനിക്ക് പൈസ തിരിച്ച് കിട്ടിയേ പറ്റൂ. താന്‍ ആരെയും ഒരു സീനില്‍ പോലും വേദനിപ്പിക്കുന്നില്ല. മലയാള സിനിമയിലെ തന്നെ പല തട്ടിപ്പുകളും വെട്ടിപ്പുകളും താന്‍ ഒരു സിനിമയിലും പറഞ്ഞിട്ടില്ല. മലയാള സിനിമയില്‍ നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്തെല്ലാം തട്ടിപ്പും വെട്ടിപ്പും കാണിക്കുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് മാനക്കേട് ഉണ്ടായില്ലേ. സന്തോഷ് പണ്ഡിറ്റിനേക്കാള്‍ മാനക്കേട് അപ്പോഴായിരുന്നു മലയാള സിനിമയ്ക്ക് ഉണ്ടായത്. കേരളത്തിന് പുറത്ത് വരെ വാര്‍ത്തകള്‍ വന്നു ഇന്ന നടനെ അറസ്റ്റ് ചെയ്തു എന്ന്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളേക്കാള്‍ മാനക്കേട് അതാണ്.

ആളുകളുടെ ശ്രദ്ദ കിട്ടാനാണോ കോപ്രായം കാണിക്കുന്നത് എന്ന് മേജര്‍ രവി അഭിമുഖത്തിനിടെ ചോദിച്ചു. സാറിനത് കോപ്രായമായി തോന്നാം, വേറൊരാള്‍ക്ക് മറ്റൊന്നായും തോന്നാമെന്ന് സന്തോഷ് പണ്ഡിറ്റ് മറുപടി നല്‍കി. മേജര്‍ രവിയുടെ കുറേ സിനിമകള്‍ പരാജയപ്പെട്ടത് നായകന്‍ കോപ്രായം കാണിച്ചിട്ടാണോ എന്നും സന്തോഷ് പണ്ഡിറ്റ് തിരിച്ചടിച്ചു. മേജര്‍ രവി ബിസിനസ്സൊന്നും ചിന്തിക്കാതെ 24 മണിക്കൂറും കലയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ആളാണ് എന്ന് കരുതിയെന്ന് സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു.
Recommended Video

സ്റ്റാര്‍ മാജിക് വിവാദത്തിനും സന്തോഷ് പണ്ഡിറ്റ് മറുപടി നല്‍കി. പരിപാടിയില്‍ എത്തിയ പഴയ രണ്ട് നടിമാര്‍ താന്‍ പാടുന്ന പാട്ടുകള്‍ കോപ്പി അടിച്ചതാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തി. അത് സ്‌ക്രിപ്റ്റഡ് ആയതായിരുന്നു. തനിക്ക് പണി തരാന്‍ വേണ്ടി ചാനലുകാര്‍ കളിച്ചതാണ്. പണം വാങ്ങിയാണ് പരിപാടിയില്‍ പങ്കെടുത്തത്. അതുകൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നത്. താനും കൂടി അറിഞ്ഞ് കൊണ്ടായിരുന്നു അതെന്ന് പറഞ്ഞപ്പോഴാണ് താന്‍ ആ വിഷയത്തില്‍ പ്രതികരിച്ചത് എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.












Click it and Unblock the Notifications