ശാരദ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറി; ഭർത്താവിന്റെ പിൻഗാമിയായി ഭാര്യ എത്തുന്നത് അപൂർവം
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണു ഓഗസ്റ്റ് 31 ന് സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരിക്കും നിയമനം. ഡോ. വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരൻ. ഭർത്താവിൽ നിന്നും ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനം എറ്റെടുക്കുന്നവെന്ന പ്രത്യേകതയാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഉണ്ടാവുക.
ഡോ. വേണുവും ശാരദ മുരളീധരനും 1990 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥരാണ്. ഇവരെക്കാൾ സീനിയോറിറ്റയുള്ളത് മനോജ് ജോഷിക്ക് മാത്രമാണ്. 2027 ജനുവരി വരെ കാലാവധിയുള്ള മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേൽനിൽ നിന്ന് മടങ്ങിവരാൻ താല്പര്യപ്പെടുന്നില്ലെന്നാണ് വിവരം. ശാരദയ്ക്ക് 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്.

മുൻപ് വി രാമചന്ദ്രൻ - പത്മ രാമചന്ദ്രൻ, ബാബു ജേക്കബ് - ലിസി ജേക്കബ് ദമ്പതികൾ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരാൾക്ക് തൊട്ടുപിന്നാലെയായിരുന്നില്ല മറ്റെയാൾ പദവിയിലെത്തിയത്. തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദ മുരളീധരന്റെ സ്വദേശം. അച്ഛൻ ഡോ. കെ എ മുരളീധരൻ അമ്മ കെ എ ഗോമതി. എഞ്ചിനീയരിംഗ് കോളേജിലെ അധ്യാപകരായിരുന്നു.
എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് ശാരദ വിജയിച്ചത്. പിന്നീട് തിരുവനന്തപുരം വിമൻസ് കോളേജിൽ പഠനം. എം എയ്ക്ക് 1988 ൽ കേരളാ യൂണിവേ്ഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷയും അഭിമുഖവും. ഐ എ എസ് ട്രെയിനിംഗ് സമത്താണ് ഡോ.വി. വേണുവിനെ ജീവിത പങ്കാളിയായി കണ്ടെത്തിയത്.
വയനാട് പാക്കേജ് തയ്യാറാക്കുകയാണ് ആദ്യം ലക്ഷ്യമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്നും സാമ്പകത്തിക പ്രകതിസന്ധി മറികടക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും പരിശോധിക്കുമെന്നും ശാരദ മുരളീധരൻ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് വീട്ടിൽ നിന്ന് തന്നെ അറിയാമെന്നും കൃത്യമായ ചിട്ടയോടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും സ്ത്രീശാക്തീകരണം പ്രധാന ലക്ഷ്യമാണെന്നും ശാരദ പറയുന്നു . ഭർത്താവിന് ശേഷം ഭാര്യക്ക് ചീഫ്സെക്രട്ടറി ആകാൻ കഴിഞ്ഞത് കാര്യമാണെന്നും ശാരദ പറഞ്ഞു.












Click it and Unblock the Notifications