പന്തളം അമ്മയുടെ ശാപവാക്കുകള്‍ എന്ന പേരില്‍ പ്രചാരണം, മലചവിട്ടിയാൽ കുട്ടികളുണ്ടാവില്ല
പമ്പ: ശബരിമല വിഷയത്തിൽ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണാണ് സന്നിധാനത്ത് നടന്നത്. അൻപത് വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾ മലചവിട്ടിയാൽ അയ്യപ്പകോപമുണ്ടാകുമെന്നും അത് ആചാരങ്ങളുടെ ലംഘനമാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം. പതിനെട്ടാം പടി ചവിട്ടി ശ്രീകോവിലിന് മുന്നിലെത്താനെത്തിയ സ്ത്രീകൾക്ക് കനത്ത പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങേണ്ടി വന്നു. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ എത്തില്ലെന്നും വന്നവരെല്ലാം ആക്ടിവിസ്റ്റുകളാണെന്നുമാണ് പ്രചാരണം. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സ്ത്രീ പ്രവേശനം സാധ്യമായില്ലെങ്കിലും മണ്ഡല മകര വിളക്ക് സീസണിൽ 41 ദിവസം വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി വിശ്വാസികളായ സ്ത്രീകൾ ശബരിമലയിലേക്ക് എത്തുമെന്ന് തന്നെയാണ് കരുതുന്നത്. സർവ്വ സുരക്ഷയുമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്ന സാഹചര്യത്തിൽ ഇനി പ്രതിഷേധങ്ങൾ കൊണ്ട് ഫലമില്ലെന്ന് എതിർക്കുന്നവർക്ക് ബോധ്യമായിക്കഴിഞ്ഞു.ഇതോടെ സ്ത്രീകളെ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇക്കൂട്ടര്‍ വ്യാപകമായി നടത്തുന്നത്. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സന്താനലബ്ദി ഉണ്ടാകില്ലെന്ന് പന്തളം അമ്മ ശപിക്കുന്നു എന്ന പേരില്‍ വ്യാപകമായ പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. വിവരങ്ങള്‍ ഇങ്ങനെ

സ്ത്രീകള്‍ തന്നെ
സ്ത്രീ പ്രവേശനത്തെ എതിർത്ത് പ്രതിഷേധവുമായി രംഗത്തിറങ്ങിയവരിൽ ഭൂരിഭാഗവും സ്ത്രീകൾ തന്നെയായിരുന്നു. യഥാർത്ഥ വിശ്വാസികൾ മല ചവിട്ടില്ലെന്ന പ്രചാരണം ചിലരെങ്കിലും മറിച്ച് ചിന്തിച്ചു, വിശ്വാസിയാണെങ്കിൽ അയ്യപ്പനെ കാണാൻ അവകാശവുമുണ്ടെന്ന് ചിന്തിക്കുന്ന ചെറുതല്ലാത്ത ഒരു വിഭാഗത്തെ ഭക്തിയുടെ പേരിൽ ഭയപ്പെടുത്താനായിരുന്നു പിന്നീടുള്ള നീക്കം.

വ്യാപക പ്രചാരണം
ശബരിമലയിൽ ദർശനം വിലക്കുന്നത് സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണ്, അതിശക്തമായ കാന്തിക വലയത്തിൽ സ്ത്രീകൾക്ക് വന്ധ്യതവരെ സംഭവിക്കാമെന്ന തരത്തിൽ വിശ്വാസത്തേയും ശാസ്ത്രത്തേയും കൂട്ടിച്ചേർത്തു. സ്വന്തം താൽപര്യങ്ങൾക്കായി അതിനെ വളച്ചൊടുച്ചു. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു.

ഗുരുവായൂരിലും സമാനം
ഗുരുവായൂർ ക്ഷേത്രത്തിൽ സ്ര്തീകൾക്ക് ചുരിദാർ ധരിച്ചുകൊണ്ട് ദർശനം നടത്താൻ അനുവാദമുണ്ടായിരുന്നില്ല. കാലം മാറിയതനുസരിച്ച് ആ നിയമം മാറ്റിയെഴുതപ്പെട്ടു. ചുരിദാര്‍ ഇട്ട് കയറാമെന്ന തിരുമാനം വന്നപ്പോള്‍ എല്ലാ ഹൈന്ദവ സംഘടനകളും ആദ്യം അത് അംഗീകരിച്ചു. എന്നാല്‍ പിന്നീട് ക്ഷേത്രത്തില്‍ ഇത് സംബന്ധിച്ച് ഒരു ദേവപ്രശ്നം നടന്നു.

ആനകൾക്ക് അതൃപ്തി
ദേവപ്രശ്നത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ശ്രീകൃഷ്ണന് അതൃപ്തിയില്ല എന്നാല്‍ ചൂരിദാറിട്ട് സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറുന്നത് ആനകള്‍ക്ക് ഇഷ്ടല്ല. അതിനാല്‍ ചൂരിദാറിട്ട് കയറിയാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചോ മറ്റ് ക്ഷേത്രങ്ങളില്‍ വെച്ചോ ആ സ്ത്രീകളെ ആന ഉപദ്രവിച്ചേക്കാം. ഈ ഒരൊറ്റ കാര്യം തന്നെ വിശ്വസികളായ സ്ത്രീകളില്‍ ഭയമുണ്ടാക്കിയേക്കാം.

ശബരിമലയിലും
സമാനമായ പ്രചാരണമാണ് ശബരിമലയുടെ കാര്യത്തിലും സംഭവിക്കുന്നത്. നിയമം കൊണ്ട് നേടിയതിനെ ഭയം കൊണ്ട് കീഴ്പ്പെടുത്താനുള്ള ശ്രമം.ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്നപ്പോഴും ഇത്തരം വാദങ്ങളാണ് പ്രചരിച്ചത്. ആര്‍ത്തവം അശുദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരെ മറിച്ച് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറുന്നത് സ്ത്രീകള്‍ക്ക് തന്നെയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നുമായിരുന്നു പ്രചാരണം.

പന്തളം അമ്മയുടെ ശാപം
" എന്റെ മകന്‍ ഇരിക്കുന്ന പുണ്യപൂങ്കാവനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടേ..മനസാ വാചാ കര്‍മണാ ഇതില്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും ഗതി പിടിക്കില്ല.. സന്താന ലബ്ധിക്കായി അവര്‍ ഉഴലും. രോഗങ്ങളാല്‍ അവരുടെ കുടുംബങ്ങള്‍ നരകിക്കും.. ഇത് എന്റെ ഹൃദയം പൊട്ടിയുള്ള ശാപം" എന്ന അടിക്കുറുപ്പോടെയാണ് പന്തളം അമ്മയുടെ ഫോട്ടോവച്ച വാർത്ത പ്രചരിക്കുന്നത്. നിരവധി പേർ ഇതിനോടകം തന്നെ ഇത് ഷെയർ ചെയ്യുകയും കഴിഞ്ഞു.

ഗര്‍ഭധാരണം
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോയാല്‍ ക്ഷേത്രങ്ങളിലെ മാഗ്നറ്റിക് ശക്തി അവരുടെ ഗര്‍ഭധാരണത്തെ പോലും ബാധിക്കുമെന്ന രീതിയില്‍ സംഘപരിവാര്‍ അനുകൂലികളായ ഡോക്ടര്‍മാര്‍ തന്നെ തയ്യാറാക്കി വീഡിയോകള്‍ പോലും പ്രചരിച്ചിരുന്നു. ഇത്തരം കള്ളങ്ങള്‍ ഭക്തരായ സ്ത്രീകളില്‍ ഒരു പരിധിവരെ ഭയപ്പാടുകള്‍ സൃഷ്ടിച്ചിരിക്കേയാണ് പന്തളം അമ്മയുടേതെന്ന പേരില്‍ കുട്ടികളുണ്ടാകില്ലെന്ന ചില ശാപവാക്കുകള്‍ പ്രചരിക്കുന്നത്.

2017ൽ മരണപ്പെട്ടു
എന്നാൽ 2017 നവംബർ 17ന് മരണമടഞ്ഞ അമ്മ തമ്പുരാട്ടിയുടെ ഫോട്ടോ പതിപ്പിച്ചാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് കർശന താക്കീത് നൽകിയതിന് പിന്നാലെയും സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചാരണങ്ങൾ സജീവമാകുകയാണ്.

ശബരിമലയിലെ ഡിവൈഎഫ്ഐ ഗുണ്ട
ശബരിമലയിൽ അക്രമസംഭവം നടത്താൻ പോലീസ് വേഷത്തിലെത്തിയ ഡിവൈഎഫ്ഐ ഗുണ്ട എന്ന പേരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ആഷികിന്റെ ചിത്രവും സമാനമായ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. നാമജപഘോഷയാത്രയിൽ പങ്കെടുത്ത എൺപതുകാരനെ തല്ലിച്ചതയ്ക്കുന്ന പോലീസുകാരനെന്ന തരതതിൽ പഴയ ചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിലായി.

ജഡ്ജിക്ക് പക്ഷാഘാതം
സുപ്രീം കോടതിയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളർന്നുവെന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണമാണ് നടന്നത്. തളർന്ന ജഡ്ജിയുടെ ചിത്രമായി പ്രചരിപ്പിച്ചത് സാക്ഷാൽ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ ചിത്രവും. ശബരിമലയിലെ വരുമാനം സർക്കാർ ഖജനാവിലേക്കാണ് എത്തുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് വിശദീകരണവുമായി ദേവസ്വം മന്ത്രി തന്നെ എത്തിയിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളുടെ ഫലമായി ശബരിമലയിലെ കാണിക്ക വരുമാനത്തിൽ നട തുറന്നപ്പോൾ വലിയ കുറവാണുണ്ടായത്. ഭണ്ഡാരത്തിൽ സ്വാമി ശരണം എന്നെഴുതിയ പേപ്പറുകളായിരുന്നു കൂടുതലും.












Click it and Unblock the Notifications