സ്‌കൂള്‍ സമയമാറ്റം; സമസ്തയുടെ സമരം ന്യായം എന്ന് മുസ്ലിം ലീഗ്, 'മന്ത്രിക്ക് അസഹിഷ്ണുത'
മലപ്പുറം: സ്‌കൂള്‍ സമയം മാറ്റം മദ്രസാ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രത്യക്ഷ സമരത്തിന് സമസ്ത. മഹല്ലുകള്‍ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷനുകള്‍ നടത്താനാണ് ആലോചന. അടുത്ത മാസം കളക്ട്രേറ്റ് ധര്‍ണയും സെപ്തംബര്‍ 30ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്ന വരെ സമരം തുടരാനാണ് തീരുമാനം.
സ്‌കൂള്‍ സമയ മാറ്റം മദ്രസാ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അതു പാടില്ലെന്നും സമസ്ത സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു ചര്‍ച്ചകള്‍ക്കും നില്‍ക്കാതെ സര്‍ക്കാര്‍ സമയ മാറ്റവുമായി മുന്നോട്ട് പോയി എന്നാണ് സമസ്ത നേതാക്കള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.

സമരം ന്യായമാണ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. വിഷയത്തില്‍ കൂടിയാലോചിച്ച് മുസ്ലിം ലീഗ് തീരുമാനം എടുക്കും. സുപ്രധാന വിഷയത്തില്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കുകയാണ് മര്യാദ. അല്ലാതെയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിമര്‍ശനം ഉയരും. സമസ്തയുടെ വിമര്‍ശനത്തെ അസഹിഷ്ണുതയോടെയാണ് മന്ത്രി സമീപിച്ചത് എന്നും സലാം പറഞ്ഞു.
പിഎംഎ സലാമിന്റെ വാക്കുകള്‍: ''സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമാണ്. വിഷയത്തില്‍ ലീഗ് കൂടിയാലോചിച്ച് നിലപാടെടുക്കും.
ജനാധിപത്യത്തിന്റെ അടിത്തറ വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. സുപ്രധാനമായ വിഷയങ്ങളില്‍ കൂടിയാലോചിക്കുക എന്നതാണ് ജനാധിപത്യ മര്യാദ. കൂടിയാലോചനയില്ലാതെ പുതിയ നിയമങ്ങള്‍ വരുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. സൂംബ ഡാന്‍സ് വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ടി.കെ അഷ്റഫ് എന്ന അധ്യാപകനോടും ഇതേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
സമസ്തയുടെ വിമര്‍ശനത്തെ അസഹിഷ്ണുതയോടെയാണ് മന്ത്രി സമീപിച്ചത്. ഒരു ജനാധിപത്യ മര്യാദയും പാലിക്കാത്ത സര്‍ക്കാര്‍ സമസ്തയെ പോലെ പാരമ്പര്യമുള്ള ഒരു സംഘടനയെ ജനാധിപത്യം പഠിപ്പിക്കാന്‍ വരുന്നത് പരിഹാസ്യമാണ്. ഇവിടെ ആരും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ അനാവശ്യമായി ഇടപെട്ടിട്ടുമില്ല. ഒരു കാര്യം ചെയ്യുമ്പോള്‍ ചര്‍ച്ച വേണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ മാത്രം സംഭവിക്കുന്ന സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള പ്രതിഭാസത്തിന്റെ ഭാഗമാണിത്. മദ്രസ വിദ്യാഭ്യാസം ഭരണഘടനാദത്തമായ അവകാശമാണ്. ആ വിഷയത്തെ ബാധിക്കുന്ന ഒരു കാര്യത്തില്‍ ചര്‍ച്ചക്ക് പോലുമില്ല എന്ന് പറയുന്നത് ധാര്‍ഷ്ട്യമാണ്.''












Click it and Unblock the Notifications