മറുപടി മാന്യമാകണം; ജിഫ്രി തങ്ങളുടെ ഒറ്റ കമന്റില്‍ കാര്യങ്ങള്‍ മാറി, ചര്‍ച്ചയാകാമെന്ന് മന്ത്രി
കോഴിക്കോട്: സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യപ്പോരിലേക്ക് കടക്കവെ ട്വിസ്റ്റ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പരുക്കന്‍ മറുപടിക്ക് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വരം കടുപ്പിച്ച് പ്രതികരിച്ചതോടെ പാര്‍ട്ടി ഇടപെട്ടു. ഒടുവില്‍ സമവായത്തിന്റെ പാതയിലേക്ക് മന്ത്രിയും, സ്വാഗതം ചെയ്ത് സമസ്തയും രംഗത്തുവന്നതോടെ താല്‍ക്കാലികാശ്വാസം.
സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് വിവാദങ്ങളുടെ തുടക്കം. രാവിലെയും വൈകീട്ടും 15 മിനുട്ട് വീതം അധികമെടുത്ത് സമയത്തില്‍ മാറ്റം വരുത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എതിര്‍പ്പുന്നയിച്ച് സമസ്ത മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനം ഗൗനിക്കാത്തതെ വന്നതോടെ രംഗം ചൂടുപിടിച്ചു.

സ്‌കൂള്‍ സമയത്തിലെ മാറ്റം മദ്രസ വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്ന് സമസ്ത അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ ബിജെപി നടത്തുന്നതിന്റെ മറ്റൊരു രൂപമാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത് എന്ന് സോഷ്യല്‍ മീഡിയയിലും പ്രചാരണമുണ്ടായി. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ സമസ്ത തീരുമാനിച്ചു. കോഴിക്കോട് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് വരുമാസങ്ങളില്‍ കളക്ട്രേറ്റ്, സെക്രട്ടേറിയറ്റ് സമരങ്ങളും പ്രഖ്യാപിച്ചു.
ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാന്‍ പറ്റില്ല എന്നായിരുന്നു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പ്രത്യേക സമുദായത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടിയല്ല എന്നും എതിര്‍പ്പുള്ളവര്‍ കോടതിയില്‍ പോകട്ടെ എന്നും മന്ത്രി പറഞ്ഞു. ഇതോടെയാണ് സമസ്ത അധ്യക്ഷന്‍ സ്വരം കടുപ്പിച്ചത്.
ജിഫ്രി തങ്ങള്‍ പറഞ്ഞത്
മറുപടികള്‍ ആര് പറയുകയാണെങ്കിലും മാന്യമായി പറയണം എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആര് സമരം ചെയ്തിട്ടും കാര്യമില്ല എന്നൊക്കെ പറയുന്ന ശൈലി ശരിയല്ല. ഇത് വലിയൊരു സമൂഹത്തിന്റെ ആവശ്യമല്ലേ. ചര്‍ച്ചയ്ക്ക് വിളിക്കട്ടെ. സമുദായങ്ങള്‍ അല്ലേ വോട്ട് ചെയ്യുന്നത്. അവരുടെ കാര്യങ്ങള്‍ നോക്കാന്‍ തന്നെയല്ലേ സര്‍ക്കാരും മന്ത്രിസഭയും. സര്‍ക്കാര്‍ അവഗണിച്ചു എന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിക്കാണ് ഞങ്ങള്‍ നിവേദനം നല്‍കിയത്...
എല്ലാ സമുദായത്തിന്റെയും ആവശ്യങ്ങളും പരിഹരിക്കണം. ഞങ്ങള്‍ ഞങ്ങളുടെ ആവശ്യമാണ് പറഞ്ഞത്. ആലോചിച്ചു ചെയ്യാം എന്ന് മന്ത്രിക്ക് പറയാലോ. ഞങ്ങള്‍ അതൊന്നും ചെയ്യില്ല എന്ന് വാശി പോലെ പറയലാണോ വേണ്ടത്. മദ്രസ സമയം എങ്ങനെയാണ് മാറ്റുക. ആകെ 24 മണിക്കൂര്‍ അല്ലേയുള്ളൂ. ഉറങ്ങുമ്പോഴാണോ മദ്രസ നടത്തുക എന്നും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു.
ഒടുവില്‍ മാറ്റങ്ങള്‍ ഇങ്ങനെ
ഇതോടെ മന്ത്രി മലക്കംമറിഞ്ഞു. താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണ്. കോടതിയാണ് സമയം നിശ്ചയിച്ചത്. സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. സമയം പറഞ്ഞാല്‍ മതി എന്നും ശിവന്‍കുട്ടി വ്യക്തമാക്കി. സിപിഎം നേതൃത്വം ഇടപെട്ടതോടെയാണ് മന്ത്രി നിലപാട് മാറ്റിയത് എന്നാണ് വിവരം.
മന്ത്രിയുടെ പ്രസ്താവന ജിഫ്രി തങ്ങള്‍ സ്വാഗതം ചെയ്തു. ചര്‍ച്ചയ്ക്ക് സമസ്ത തയ്യാറാണ്. സമയം അറിയിച്ചാല്‍ മതി. ചര്‍ച്ച വിജയിക്കുമോ പരാജയപ്പെടുമോ എന്ന് പരിശോധിച്ച ശേഷമാകും നേരത്തെ പ്രഖ്യാപിച്ച സമരങ്ങളുടെ ഭാവി. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം തുടരുമെന്നും ജിഫ്രി തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications