സംസ്ഥാനത്തെ സ്കുളുകള്‍ക്ക് വീണ്ടും നിയന്ത്രണം? സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാനൊരുങ്ങി സർക്കാർ. സ്കൂളുകള്‍ക്കുള്‍പ്പടെ വീണ്ടും നിയന്ത്രണം വന്നേക്കും. മുഖ്യമന്ത്രിയോടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തെ കോവിഡ് വ്യാപനം അവലോകനം ചെയ്യാന്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇക്കാര്യങ്ങളിലുള്‍പ്പടെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച കൊവിഡ് അവലോകന യോഗത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയേയും വിളിപ്പിച്ചിട്ടുണ്ട്.
സമീപ ദിവസങ്ങളില്‍ വലിയ വർധനവാണ് കേരളത്തിലെ കോവിഡ് രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. പ്രതിദിനം രണ്ടായിരത്തോളമുണ്ടായിരുന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം ആറായിരത്തിന് മുകളിലെത്തി. ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. കൊവിഡ് കൂടുതൽ പടരുന്നതിന്റെ സൂചനയാണിത്.

ഇതിനൊപ്പമാണ സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരിക്കുന്നത്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ സർക്കാർ പുനരാലോന നടത്തുന്നത്. അതേസമയം, സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. 18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്‌സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിന്‍ തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു












Click it and Unblock the Notifications