സര്‍വകക്ഷി യോഗത്തിന് വന്ന എസ്ഡിപിഐ കൗണ്‍സിലര്‍ കസ്റ്റഡിയില്‍; സെക്രട്ടേറിയറ്റ് മാര്‍ച്ച്
ആലപ്പുഴ/തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകനെ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് ആഹ്വാനം ചെയ്ത് പാര്‍ട്ടി നേതൃത്വം. ബുധനാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. കേരള പോലീസിലെ ആര്‍എസ്എസുകാരെ പുറത്താക്കുക എന്നാവശ്യപ്പെടാകും മാര്‍ച്ച് സംഘടിപ്പിക്കുക.
അതേസമയം, ആലപ്പുഴയില്‍ ജില്ലാ കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് പുറപ്പെട്ട എസ്ഡിപിഐ വാര്‍ഡ് കൗണ്‍സിലറെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം നവാസ് നൈനയെ ആണ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐയുടെ മറ്റു ചില ജനപ്രതിനിധികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ജില്ലാ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തിട്ട് ദിവസങ്ങളായെന്നും അറസ്റ്റ് രേഖപ്പെടുത്താതെ പിടിച്ചുവച്ചിരിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.
പോലീസുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു എന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്നപ്രവര്‍ത്തകനെയാണ് പോലീസ് മര്‍ദ്ദിച്ചതും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതുമത്രെ. ഡിവൈഎസ്പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് അടിച്ചത്. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പോലീസുകാരുടെ ക്രൂര മര്‍ദ്ദനം. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയത്രെ. ഫിറോസ് ഗുരുതരാവസ്ഥയിലാണ്. നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രം പോകാത്ത അവസ്ഥയിലാണുള്ളത്. മറ്റു ശാരീരിക പ്രശ്‌നങ്ങളും ഫിറോസ് അനുഭവിക്കുന്നുണ്ടെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
അതേസമയം, എസ്ഡിപിഐ ജനപ്രതിനിധിയെ അപ്രതീക്ഷിതമായിട്ടാണ് പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ജില്ലാ കളക്ട്രേറ്റില്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലേക്ക് നാല് പേരെയാണ് പാര്‍ട്ടി നിശ്ചയിച്ചത്. ഇതിലൊളായിരുന്നു നവാസ് നൈന. ഇതിനെതിരെയും പ്രതിഷേധം തുടങ്ങുമെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. സര്‍വകക്ഷി യോഗം തിങ്കളാഴ്ച മൂന്ന് മണിക്ക് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. ബിജെപി പിന്‍മാറിയതോടെയാണ് ചൊവ്വാഴ്ച നാല് മണിയിലേക്ക് മാറ്റിയത്.
ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുന്നു. ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്. വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയില്‍ വന്നതിന് ശേഷമാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അന്വേഷിക്കണം- സര്‍വകക്ഷി യോഗത്തില്‍ എസ്ഡിപിഐ നേതാവ് എംഎം താഹിര്‍ ആവശ്യപ്പെട്ടു. ആലപ്പുഴയിലെ പോലീസ് സംവിധാനം വായ മൂടിക്കെട്ടിരിക്കുകയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ ബിജെപി നേതാവ് കെ സോമന്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന വിഷയത്തില്‍ കേന്ദ്രമന്ത്രിയെ വരെ കബളിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.