ദിലീപിനെ ഇത്രയും നാള്‍ ജയിലിലിട്ട് എന്തു നേട്ടം, എന്ത് പുരോഗതി? പോലീസ് മറുപടി പറയണം...
പോലീസിനെ വിമര്‍ശിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ജാമ്യം അനുവദിച്ചതിനു പിറകെ പോലീസിനെതിരേ ഡോ സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയില്‍ സംസാരിക്കവെയാണ് പോലീസിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.
ഇതാദ്യമായല്ല കേസില്‍ സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിക്കുന്നത്. നേരത്തേ ദിലീപിനെ ജയിലിട്ടപ്പോഴും ഇതിനെ ചോദ്യം ചെയ്ത് സെബാസ്റ്റ്യന്‍ പോള്‍ ലേഖനമെഴുതിയിരുന്നു. ഇത് പിന്നീട് വലിയ വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തു വരികയും ചെയ്തിരുന്നു.

എന്തു നേട്ടമുണ്ടായി?
കേസില്‍ ദിലീപിനെ ജയിലില്‍ ഇത്രയും നാള്‍ ഇട്ടതുകൊണ്ട് എന്തു നേട്ടം ഉണ്ടായെന്നും കേസില്‍ എന്തു പുരോഗതിയാണ് ഉണ്ടായതെന്നും പോലീസ് പറയണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ നേരെ ചൊവ്വെയില്‍ ആവശ്യപ്പെട്ടു.

ഓരോ ദിവസത്തിനും മറുപടി വേണം
ദിലീപിനെ 85 ദിവസമാണ് പോലീസ് ജയിലില്‍ ഇട്ടത്. ഈ ഓരോ ദിവസത്തിനും തനിക്കു മറുപടി വേണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ആര്‍ക്കൊപ്പം?
പ്രതിക്കൊപ്പമാണോ താങ്കള്‍ എന്ന ചോദ്യത്തിന് സെബാസ്റ്റിയന്‍ പോളിന്റെ മറുപടി ഇതായിരുന്നു. ഞാന്‍ പ്രതിക്കൊപ്പമാണെന്ന് പറയുന്നതില്‍ എനിക്കു പ്രശ്‌നമില്ല. ഡെവിള്‍സ് അഡ്വക്കേറ്റാവാനും എനിക്കു വിരോധമില്ല.

അങ്ങനെ പറയരുത്
ദിലീപിനൊപ്പമെന്ന് പറയുമ്പോഴും സെബാസ്റ്റിയന്‍ പോള്‍ ആക്രമണത്തിന് ഇരയായ നടിയെ തഴയുന്നില്ല. നിങ്ങള്‍ നടിയുടെ പക്ഷത്തല്ലെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതു തനിക്കു വിഷമമുണ്ടാക്കുമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മുമ്പ് പറഞ്ഞത്
ദിലീപിനായി സംസാരിക്കുന്നവര്‍ക്കൊപ്പം താനും ചേരുന്നതായാണ് മുമ്പ് സെബാസ്റ്റ്യന്‍ പോള്‍ തന്റെ വിവാദ ലേഖനത്തില്‍ പറഞ്ഞത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലിലുള്ള പിഡിപി നേതാവ് അബ്ദുള്‍ നാസല്‍ മദനിയോടെയാണ് ദിലീപിനെ അന്ന് അദ്ദേഹം ഉപമിച്ചത്.

കോടതി തീരുമാനത്തില്‍ സന്തോഷം
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിനെ അനുവദിച്ചതില്‍ സെബാസ്റ്റ്യന്‍ പോള്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നീതിബോധമുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതാണ് കോടതി വിധിയെന്നാണ് അദ്ദേഹം പറഞ്ഞത്.

കുറ്റം മുഴുവന്‍ സുനിക്ക്
നടിയെ ആക്രമിക്കുകയെന്നത് മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ആസൂത്രണം ചെയ്തതാവാമെന്നും സെബാസ്റ്റ്യന്‍ പോള്‍ വിവാദ ലേഖനത്തില്‍ കുറിച്ചിരുന്നു. മുമ്പ് ചില നടിമാര്‍ക്കെതിരേ സുനി സമാനമായ ആക്രമണങ്ങള്‍ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മഞ്ജുവിനെയും കുറ്റപ്പെടുത്തി
ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരെയും ലേഖനത്തിലൂടെ സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് മഞ്ജു മുമ്പ് പറഞ്ഞതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

മലക്കം മറിഞ്ഞ് സെബാസ്റ്റ്യന്‍ പോള്‍
ഈ ലേഖനം വിവാദയമായതോടെയാണ് വാര്‍ത്താസമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ വിശദീകരണം നടത്തിയത്. അന്വേഷണസംഘം പറയുന്നത് വിശ്വസിച്ചു കൊണ്ടു മാത്രം ഒരാളെ കുറ്റവാളിയായി കരുതേണ്ടെന്നാണ് ലേഖനത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപുമായി ബന്ധമില്ല
വ്യക്തിപരമായി ദിലീപുമായി തനിക്കൊരു ബന്ധവുമില്ല. പണം വാങ്ങി ദിലീപിനായി താന്‍ പിആര്‍ ജോലി ചെയ്യുകയാണെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ക്രൂരമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.

നടിക്ക് നീതി വേണം
ആക്രമണത്തിന് ഇരയായ നടിക്കു നീതി ലഭിക്കുക തന്നെ വേണം. ഇപ്പോള്‍ പോലീസ് നടത്തുന്ന അന്വേഷണത്തിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications