സെക്രട്ടറിയേറ്റിലെ തീപിടുത്തം; പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടു!! എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ചെന്നിത്തല ഗവർണറെ അറിയിച്ചു. വിഷയത്തിൽ ഗവർണറുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് വിശദീകരണം തേടണമെന്നും ഗവർണർ നേരിട്ട് ഇടപെട്ട് കൊണ്ടുള്ള അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ഗവർണറെ അറിയിച്ചു. നിരവധി രഹസ്യഫയലുകൾ കത്തി നശിച്ചെന്ന് ആരോപിച്ച ചെന്നിത്തല സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും വ്യക്തമാക്കി.
കേരളം കണ്ട ഏറ്റവും പ്രമാദമായ സ്വർണക്കടത്ത് കേസിന്റെ നാൾ വഴികൾ നശിപ്പിക്കാനാണ് ഇപ്പോൾ സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായത്. പ്രോട്ടോക്കോൾ ഓഫീസർ ഹണി മാധ്യമങ്ങളോട് പറഞ്ഞത് തീവെച്ചതാണെന്നാണ്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിന്റെ സെക്രട്ടറിയേറ്റിൽ പോലും ഫയലുകൾ സുരക്ഷിതമല്ല, അതുമായി ബന്ധപ്പെട്ട ഫയലുകളൊക്കെ കാണാതെ പോയത് തികച്ചും ദുരൂഹമാണ്. ഈയൊരു സാഹചര്യം കേരളത്തിൽ ഉണ്ടാകുന്നത് ആശ്വാസ്യകരമാണോയെന്ന് ഞങ്ങൾ ഗവർണറുമായി സംസാരിച്ചു.
ഇന്നലെ നിയമസഭയിൽ ഞങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡിയും എൻഐഎയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുവരാൻ പോകുന്നുവെന്ന് ഉറപ്പായപ്പോഴാണ് ഈ ഫയലുകളൊക്കെ നശിപ്പിച്ചത്. ഇത് നീതിപൂർവ്വമാണോ? ന്യായമുണ്ടോ, പ്രോട്ടോക്കോൾ ഓഫീസർ സ്വയം പറഞ്ഞിരിക്കുന്നു ഫയലുകൾ നശിപ്പിച്ചതാണെന്ന്.
ഭരണഘടപരമായി പ്രവർത്തിക്കാൻ ബാധ്യസ്ഥമായ സർക്കാർ, എകിസിക്യൂട്ടീവ് തങ്ങളുടെ ദൗത്യങ്ങൾ പൂർണമായി പരാജയപ്പെടുത്തികൊണ്ട് ഒരു സർക്കാരിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട തീവെട്ടിക്കൊള്ളകൾ പുറത്തുവരുമെന്ന് ഭയന്നാണ് ഈ ഫയലുകൾ നശിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
എന്‍ഐഎ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ അടക്കമുളള രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത് പ്രോട്ടോക്കോള്‍ ഓഫീസറോടും ചീഫ് സെക്രട്ടറിയോടുമാണ്.ജീവനക്കാർ ഇല്ലാത്ത സമയത്ത് തീ പിടുത്തം ഉണ്ടായെന്നത് ദുരൂഹമാണ്. നാൽപത് മീറ്ററോളം ഉള്ള ഫയലുകൾ കത്തി നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം ആചരിക്കുമെന്നും ചെന്നിതല അറിയിച്ചു.