'അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണം', എന്‍ മാധവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന ആരോപണവുമായി ബന്ധപ്പെട്ട് ദേശാഭിമാനി മുന്‍ കണ്‍സള്‍റ്റിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന് മൗനാനുവാദം നല്‍കിയതില്‍ ലജ്ജിക്കുന്നു എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെയാണ് ഈ കുറിപ്പ് എന്‍ മാധവന്‍കുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ വിമർശനമാണ് ഈ വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്നത്. എന്‍ മാധവന്‍കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

''കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്. 1 "ശൈലിമാറ്റം " "ഐ എസ് ആര്‍ ഒ ചാരക്കേസ് " കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .
2 "സരിത " വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാന്‍ ഓസിയുടെ മരണംവരെ ഞാന്‍ എന്തിനു
കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക് മനസാക്ഷി യുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു''.
കോൺഗ്രസ് മുൻ എംഎൽഎ വിടി ബൽറാം അടക്കമുളളവർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. എൻ. മാധവൻ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കാൻ 'ദേശാഭിമാനി' തയ്യാറാവുമോ എന്ന് വിടി ബൽറാം ചോദിച്ചു. വിമർശനങ്ങൾക്ക് മറുപടിയുമായി എൻ മാധവൻകുട്ടിയും രംഗത്ത് വന്നിട്ടുണ്ട്.
''ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം എന്നില്‍ സൃഷ്ടിച്ച ഉള്‍വിളി ഒരു ഫേസ്ബുക്ക്
പോസ്റ്റായി ഇട്ടതിനോടു വിരുദ്ധ രാഷ്ട്രീയ കോണുകളില്‍ നിന്നുള്ള സഭ്യവും അസഭ്യവുമായ പ്രതികരണ പ്രളയത്തില്‍ ഈ ചാവാലി മുന്‍ മാപ്ര കയ്യും കാലും ഇട്ടടിച്ചു മുങ്ങിത്താഴുന്നു. അതു കൊണ്ടു നിങ്ങളുടെ വിലപ്പെട്ട പ്രതികരണങ്ങള്‍ക്കു ദയവായി പ്രത്യേകം പ്രത്യേകം നന്ദി പ്രതീക്ഷിക്കരുത് .
ഒരു ചാവാലിയുടെ ഒരു ചെറിയ ആത്മവിമര്‍ശനം അല്ലെങ്കില്‍ കുമ്പസാരം
മലയാളി സൈബർ ജിവിതത്തില്‍ ഇത്ര പ്രകമ്പനം ഉണ്ടാക്കുമെങ്കില്‍ ഇവിടത്തെ
"പൊപ്ര"(പൊതു പ്രവര്‍ത്തകര്‍ )കളിലും "മാപ്ര"കളിലും പത്തുപേര്‍ വീതം അവരുടെ മനസാക്ഷിക്കനുസരിച്ചു സംസാരിക്കാൻ തിരുമാനിച്ചാല്‍ അന്നു കേരളം ദൈവത്തിന്റെ സ്വന്തം രാജ്യമായി മാറും. അതു കാണാന്‍ ഞാൻ ഉണ്ടാവില്ല എന്നതിൽ എനിക്കു അശേഷം ഖേദമില്ല. എല്ലാവർക്കും നന്ദി. സ്നേഹം. അഭിവാദ്യം''.












Click it and Unblock the Notifications