ഷവർമ കഴിച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നം; കൊച്ചിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി : ഷവർമ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി നായരാണ് (22) മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.
പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനി ജീവനക്കാരനായ രാഹുൽ ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഈ മാസം 18 ന് മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽ നിന്ന് ഓൺലൈനായാണ് ഷവർമ വാങ്ങിക്കഴിച്ചത്. എന്നാൽ അതിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. അടുത്ത ദിവസം തന്നെ ആശുപത്രിയിൽ ചികിത്സ തേടി. 22ന് ആരോഗ്യ സ്ഥിതി വഷളാവുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയ്ക്കിടെ യുവാവിന്റെ
വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലായി. അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ ഡയാലിസിന് വിധേയമാക്കിയിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതവും ഉണ്ടായി.

അതേസമയം യുവാവിന് വിഷബാധ ഉണ്ടായിട്ടുണ്ടെന്നും ഷവർമ കഴിച്ചാണോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ വ്യക്തമാകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. നേരത്തേ യുവാവിന്റെ പരാതിയെ തുടർന്ന് ഹയാത്ത് ഹോട്ടൽ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചിരുന്നു. ഹോട്ടലുടമയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസിന്റെ ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും ഹോട്ടലിൽ നിന്നും യുവാവ് കഴിച്ച ദിവസത്തെ ഷവർമ സാംപിൾ ലഭ്യമായിരുന്നില്ല. ഹോട്ടലിലുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകാൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications