കോൺഗ്രസ് വിട്ടാലും കേരള രാഷ്ട്രീയത്തിൽ ശശി തരൂർ അനാഥനാകില്ലെന്ന് തോമസ് ഐസക്
ആലപ്പുഴ: കോൺഗ്രസ് വിട്ടാലും കേരള രാഷ്ട്രീയത്തിൽ ശശി തരൂർ അനാഥനാകില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. തരൂർ ഇത്ര കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമാണെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
' സത്യം തുറന്നുപറയാൻ പറ്റാത്ത അവസ്ഥയാണ്. കോൺഗ്രസിലെങ്കിൽ ശശി തരൂർ വേറെ വഴികൾ നോക്കുന്നതിൽ അത്ഭുതമില്ല. കോൺഗ്രസ് വിട്ടുവെന്ന് കൊണ്ട് അദ്ദേഹം കേരള രാഷ്ട്രീയത്തിൽ അനാഥനാകില്ല. കോൺഗ്രസിൽ നിന്നുവന്ന എത്ര പേരെയാണ് ( സി പി എം ) സ്വീകരിച്ചിട്ടുള്ളത്. ശശി തരൂർ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കട്ടെ. അദ്ദേഹത്തിന്റെ വായിൽ ഞങ്ങളുടെ വാക്കുകൾ തിരുകി കയറ്റാൻ ഞാൻ ഇല്ല, തോമസ് ഐസക് പറഞ്ഞു.

കോൺഗ്രസിന് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ' പാർട്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ എനിക്ക് എന്റെതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. എന്റെ പുസ്തകങ്ങൾ, പ്രസംഗങ്ങൾ അങ്ങനെ ആ വഴിക്ക്, ഒരു പ്രസംഗം നടത്താൻ ലോകമെമ്പാടുമുള്ള ക്ഷണങ്ങൾ എനിക്കുണ്ട്, എന്നും തരൂർ പറഞ്ഞിരുന്നു.
അതേ സമയം ശശി തരൂരിന്റെ വിവാദ അഭിമുഖം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് നൽകിയതാണെന്നാണ് മനസ്സിലാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അത് വിവാദമാക്കാനോ അതുമായി ബന്ധപ്പെട്ട പ്രതികരണത്തിനോ താനില്ലെന്നും ചെന്നിത്തല പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ നിന്ന് വിട്ടുവന്ന സമയത്ത് തരൂരിനോട് അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന താൻ പാർട്ടിയിലേക്ക് വരാൻ ആവശ്യപ്പെട്ടു എന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശശി തരൂർ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായകത്തോട് പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. അദ്ദേഹം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എന്ന നിലയ്ക്ക് എന്ത് മാറ്റം വേണമെങ്കിലും അദ്ദേഹത്തിന് വരുത്താം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്ന നിലയ്ക്ക് വിടുകയാണെന്നും കെ സുധാകരൻ പറഞ്ഞു.
തരൂരിന്റെ അഭിപ്രായം കെ പി സി സി നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്നെ തിരുത്തിക്കോട്ടെ എന്നതാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. പാർട്ടി വേദിയിലായിരുന്നു യഥാർത്ഥത്തിൽ തരൂർ ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും ശശി തരൂരിനെ പോലെയൊരാൾ ഇപ്പോൾ ചെയ്തത് യുക്തമല്ല എന്നാണ് അഭിപ്രായമെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications