ശശിതരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു
തിരുവനന്തപുരം: ശശി തരൂരിന്റെ ഓരോ പ്രസ്തവനകളും കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. ആധുനിക സിദ്ധാന്തങ്ങളെയാണ് ശശി തരൂര്‍ ഇപ്പോള്‍ തിരുത്താന്‍ പോയിരിക്കുന്നത്. ശാസ്ത്ര കോണ്‍ഗ്രസില്‍ ചിലര്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് തരൂര്‍. പൈഥഗോറസ് സിദ്ധാന്ത ചരിത്രങ്ങളും മാറ്റി കുറിച്ചു കൊണ്ടുള്ള പ്രസ്താവനകളാണ് തരൂര്‍ ഇറക്കിയത്.
ആധുനിക ശാസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. പുരാതനകാലത്ത് ഇന്ത്യയിലുണ്ടായിരുന്ന കാര്യങ്ങളാണ് ആധുനിക ശാസ്ത്രം വലിയ കണ്ടുപിടിത്തങ്ങളായി ആഘോഷിക്കുന്നതെന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കാണ് തരൂര്‍ അനുകൂലിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ പ്രസ്താവനയെയും തരൂര്‍ പിന്തുണച്ചു.

പൈഥഗോറസ് സിദ്ധാന്തവും ആല്‍ജിബ്രയുമെല്ലാം കണ്ടുപിടിച്ചത് ഇന്ത്യയാണെന്ന ഹര്‍ഷ വര്‍ധന്റെ പ്രസ്താവന ശരിയാണെന്നാണ് തരൂര്‍ പറഞ്ഞത്. ഇതിനെതിരെ മുംബൈ സര്‍വ്വകലാശാലയിലെ ഗണിത ശാസ്ത്രജ്ഞന്‍മാര്‍ തന്നെ രംഗത്ത് വന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ആഞ്ഞടിച്ചാണ് തരൂരിന്റെ പോസ്റ്റുകള്‍ വന്നത്. ഹിന്ദുത്വ ശക്തികളുടെ അതിശയോക്തികളെ നേരിടുന്നതിന് ഇന്ത്യന്‍ സയന്‍സിന്റെ നേട്ടങ്ങളെ തള്ളികളയേണ്ടതില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്ലാസിറ്റിക്ക് സര്‍ജറി ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗണപതിയെന്ന വാദം തെറ്റാണെങ്കിലും സുശ്രുതന്‍ ലോകത്തെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ദനാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. തരൂരിന്റെ പോസ്റ്റുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു തലവേദനയായിരിക്കുകയാണ്. നേരത്തെ സ്വച്ഛ് ഭാരത് പദ്ധതിയെ അനുകൂലിച്ചതിന് തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നിട്ടും ശശി തൂരിന്റെ വാ മൂടിക്കെട്ടിയില്ലെന്നു വേണം പറയാന്‍.

വേദകാലത്തെ വിമാന സിദ്ധാന്തത്തെക്കുറിച്ച് മുന്‍ പൈലറ്റായ ക്യാപ്റ്റന്‍ ആനന്ദ് ബോസിന്റെ പ്രഭാഷണവും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വിമാനങ്ങള്‍ അതിപുരാതനകാലത്തും ഉണ്ടായിരുന്നതായാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. വിമാനം പറത്തുന്നതെങ്ങനെയെന്ന് വേദകാലത്തെ ഒരു മഹര്‍ഷിയായ ഭരദ്വാജാണ് കണ്ടുപിടിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
1903ല്‍ റൈറ്റ് സഹോദരന്‍മാരാണ് ആദ്യമായി വിമാനം പറത്തിയതെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും മഹര്‍ഷി ഭര്വാജിന്റെ പുസ്തകമായ വിമാന സംഹിതയില്‍ വിമാനം പറത്താനുളള വ്യത്യസ്ത രീതികള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആനന്ദ് ബോസ് പറഞ്ഞു. എന്നാല്‍, ഇത് പുതിയ തലമുറ അറിയാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രഭാഷണത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രഭാഷണം റദ്ദാക്കണമെന്നും രേഖയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറോളം ശാസ്ത്രജ്ഞന്‍മാര്‍ ഓണ്‍ലൈനിലൂടെ പരാതി നല്‍കി കഴിഞ്ഞു.












Click it and Unblock the Notifications