മത്സരിക്കില്ല, തരൂരിന്റെ ലക്ഷ്യം നേരിട്ട് പ്രവർത്തക സമിതിയിലേക്ക്: മോഹിച്ച് ചെന്നിത്തലയും മുരളീധരനും
ദില്ലി: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മല്ലികാർജ്ജുന്‍ ഖർഗെ വിജയിച്ചത്. നേതാക്കള്‍ തമ്മിലുള്ള മത്സരം പാർട്ടിക്ക് പുതിയ ഊർജ്ജം നല്‍കിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇപ്പോഴിതാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് മാതൃകയില്‍ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കോണ്‍ഗ്രസില്‍ സജീവ ചർച്ചാ വിഷയമാവുകയാണ്.
പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് തന്റെ താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധി എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖർഗയെ അറിയിച്ചിട്ടുമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത് പോലെ പാർട്ടിയുടെ പരമോന്നത ഘടകമായ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് ശശി തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും. 25 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്കു തിരഞ്ഞെടുപ്പ് നടന്നത്.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്ത ശേഷം 3 മാസത്തിനകം എ ഐ സി സി യുടെ പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണമെന്നതാണ് പാർട്ടി ഭരണഘടന വ്യക്തമാക്കുന്നത്. നാളെയാണ് എ ഐ സി സി അധ്യക്ഷനായി മല്ലികാർജ്ജുൻ ഖർഗെ ചുമതലയേറ്റെടുക്കുന്നത്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായ സോണിയ ഗാന്ധിക്ക് പുറമെ 12 പേരെയാണു തിരഞ്ഞെടുപ്പിലൂടെ കണ്ടത്തേണ്ടത്. ബാക്കി 11 പേരെ പ്രസിഡന്റിന് നാമനിർദേശം ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

നിലവിൽ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരാണു പ്രവർത്തക സമിതിയിലുള്ള മലയാളികള്‍. ആരോഗ്യകാരണങ്ങള്‍ ഉമ്മന്‍ ചാണ്ടിയും ഏകെ ആന്റണിയും ഇത്തവണത്തോടെ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇരുവരേയും ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയേക്കും. വേണുഗോപാല്‍ പ്രവർത്തക സമിതിയില്‍ തുടരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ എന്നിവരാണ് കേരളത്തില്‍ നിന്നും പ്രധാനമായി പ്രവർത്തക സമിതി അംഗത്വം ആഗ്രഹിക്കുന്ന നേതാക്കള്‍. ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധം തനിക്ക് തുണയാകുമെന്നാണ് രമേശ് ചെന്നിത്തല പ്രതീക്ഷിക്കുന്നത്. തരൂർ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാന്‍ തയ്യാറായേക്കില്ല.

എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആയിരത്തിലധികം വോട്ട് നേടിയ സാഹചര്യത്തിൽ സമിതിയിലേക്കു നാമനിർദേശം ചെയ്യപ്പെടാൻ താൻ അർഹനാണെന്നാണ് തരൂരിന്റെ നിലപാടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ശി തരൂരിനെ പ്രവർത്തകസമിതിയിലേക്ക് കൊണ്ടു വരുന്ന കാര്യത്തിൽ ഖർഗെ നെഹ്റു കുടുംബവുമായി ഇന്ന് ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്.

അതേസമയം, കേരളത്തിലെ മഹിളാ കോൺഗ്രസ് ഘടകത്തിലും ഉടൻ പുനസംഘട നടക്കുമെന്ന സൂചന നേതാക്കള്‍ നല്‍കുന്നുണ്ട്. നിലവിലെ ജംബോ കമ്മിറ്റി അംഗങ്ങളുടെ എണ്ണം പകുതിയാക്കി കുറച്ചായിരിക്കും പുനസംഘടന നടത്തുക.അഞ്ച് ഘട്ടങ്ങളിലായിട്ടായിരിക്കും പുനഃസംഘടന. ജെബി മേത്തർ തന്നെ അധ്യക്ഷയായി തുടരുന്ന രീതിയിലായിരിക്കും പുനഃസംഘടന.












Click it and Unblock the Notifications