ഷൈൻ ടോം ചാക്കോ ഹോട്ടൽ ജനൽ വഴി ഇറങ്ങിയോടി; സംഭവം പരിശോധനയ്ക്കിടെ,സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചിയിലെ ഹോട്ടലിൽ ഡാൻസഫ് പരിശോധനയ്ക്കിടെ ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഡാൻസഫ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയ്ക്കിടെ ഇന്നലെ രാത്രിയാണ് സംഭവം. ഷൈൻ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10.58 ഓടെയാണ് ഡാൻസഫ് സംഘം പരിശോധന നടത്തിയത്. അഞ്ചിലധികം പോലീസുകാർ സംഘത്തിൽ ഉണ്ടായിരുന്നു. കൊച്ചി നാർക്കോട്ടിക്സ് എസിപിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. മുറിയിൽ പരിശോധന നടത്തുന്നതിനിടെ ജനൽ വഴി താഴേക്കിറങ്ങിയ ഷൈൻ റിസപ്ഷൻ വഴി ഓടി രക്ഷപ്പെട്ടു. ഷൈൻ ഇറങ്ങിയോടുന്ന രംഗങ്ങൾ സിസിടിവിയിൽ ദൃശ്യമാണ്. അതേസമയം പരിശോധനയിൽ നടൻരെ മുറിയിൽ നിന്നും ലഹരി ഉപകരണങ്ങൾ കണ്ടെത്തിയെന്നാണ് വിവരം. ഉടൻ തന്നെ നടനെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചനയുണ്ട്.

അതിനിടെ ലഹരി ഉപയോഗിച്ച് സെറ്റിൽ വെച്ച് തന്നോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻ സി അലോഷ്യസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് അവർ താരസംഘടനയായ അമ്മയ്ക്ക് പരാതിയും നൽകി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടനിൽ നിന്ന് ദുരനുഭവം നേരിട്ടതെന്നാണ് വിൻസി പരാതിയിൽ പറയുന്നത്. താരസംഘടനയെ കൂടാതെ ഫെഫ്ക, ഫിലിം ചേംബർ എന്നീ സംഘടനകൾക്കും വിൻസി പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഒന്നിച്ച് അഭിനയിച്ച നടനിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായി എന്നായിരുന്നു നടി പറഞ്ഞതേ. പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. 'ലൊക്കേഷനിൽ വെച്ച് എന്റെ വസ്ത്രത്തിന്റെ ഷോൾഡറിന് ചെറിയൊരു പ്രശ്നം വന്നിരുന്നു. ഇതോടെ അടുത്ത് വന്നിട്ട് ഞാൻ നോക്കട്ടെ, ഞാൻ ശരിയാക്കി തരാം എന്നാണ് അയാൾ പറഞ്ഞത്. മറ്റൊരു അവസരത്തിൽ ഒരു സീനിനിടെ നടന്റെ വായിൽ നിന്നും വെള്ളപ്പൊടി പുറത്തേക്ക് തുപ്പി. അദ്ദേഹം സെറ്റിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അപ്പോൾ തന്നെ മനസിലായി. സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ കഷ്ടപ്പെടുന്നത് കണ്ടതിനാലാണ് താൻ സിനിമയിൽ തുടർന്നും സഹികരിക്കാൻ തീരുമാനിച്ചത്', എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരസംഘടനയുൾപ്പെടെയുള്ളവർ നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. വിൻസി നടന്റെ പേരിൽ പരാതി നൽകാൻ തയ്യാറായാൽ തുടർനടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നായിരുന്നു സംഘടന വ്യക്തമാക്കിയത്. നടി പരാതി നൽകിയ സാഹചര്യത്തിൽ ഷൈനിനെ സംഘടനയിൽ നിന്നും ഉടൻ പുറത്താക്കിയേക്കുമെന്നാണ് സൂചന.
അതേസമയം ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോയുടെ പേരിൽ ലഹരി ആരോപണം ഉയരുന്നത്. നേരത്തേ ലഹരി കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിലായിരുന്നു. 2015 ൽ ഇതിഹാസ എന്ന ചിത്രത്തിൽ അഭിനയിച്ച് കരിയറിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഇത്. കൊച്ചി കലൂർ- കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ പുലർച്ചെ ഒരു മണിക്ക് നടന്ന റെയ്‌ഡിലായിരുന്നു ഷൈൻ അറസ്റ്റിലായത്. അന്ന് കൊക്കൈൻ ആണ് ഷൈൻ ഉപയോഗിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ കേസിൽ വേണ്ടത്ര തെളിവുകൾ സമർപ്പിക്കാൻ പോലീസിന് സാധിച്ചില്ല. ഇതോടെ കോടതിയിൽ നിന്നും കേസ് തള്ളിപ്പോയി. മാത്രമല്ല രക്തപരിശോധനയടക്കം അന്ന് പ്രതികൾക്ക് അനുകൂലമായിരുന്നു. അതേസമയം പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഈ ആവശ്യം ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications