ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും; നടക്കുക ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ
മംഗലാപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി കാണാതായ മലയാളി ഡ്രൈവർ അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. സംഭവ സ്ഥലത്തേക്ക് തിരച്ചിലിനായി ഡ്രഡ്‌ജർ ഇന്നെത്തും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞതും കാലാവസ്ഥ അനുകൂലമാണെന്നതുമാണ് ഏറ്റവും ആശ്വാസകരമായ വാർത്തകൾ. ഉച്ചയോടെ നാവികസേനയുടെ ഡൈവർമാർ ഉൾപ്പെടെ ഇവിടേക്ക് എത്തുമെന്നാണ് കരുതുന്നത്.
ഡ്രഡ്‌ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ മണിക്കൂറുകൾ വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന് ശേഷമാവും തിരച്ചിൽ നടക്കുക. കഴിഞ്ഞ ദിവസം രാത്രി മഞ്ജു ഗുനി അഴിമുഖത്ത് നിന്ന് ഷിരൂരിലേക്കുള്ള യാത്രക്കിടെ വെളിച്ചക്കുറവ് മൂലം ഡ്രഡ്‌ജർ കരയ്ക്ക് അടുപ്പിച്ചിരുന്നു. ഗംഗാവലി പുഴയിലെ രണ്ടാമത്തെ റെയിൽ പാലത്തിന് സമീപമാണ് ഇത് യാത്ര നിർത്തിയത്.

ഇരുട്ടായതിനാൽ പാലത്തിന്റെ വശങ്ങൾ ഉൾപ്പെടെ കാണാത്തത് അപകട സാധ്യത ഉയർത്തുന്നതിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. അതിനിടെ ഇന്നലെ നാവിക സേനയുടെ പരിശോധനയും ഇവിടെ നടന്നിരുന്നു. അതിലാണ് നിലവിലെ ഒഴുക്ക് ഒരു നോട്ട് മാത്രമാണെന്ന് കണ്ടെത്തിയത്. ഇതോടെ പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ ഇനി മറ്റ് തടസങ്ങളൊന്നും ഉണ്ടാവില്ല.
നാവികസേന നടത്തിയ സോണാർ സിഗ്നലുകൾ വിലയിരുത്തി ഇന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിപി 4 എന്ന് നാവികസേന രേഖപ്പെടുത്തിയ പുഴയുടെ മധ്യഭാഗത്തെ തുരുത്തിന് സമീപമാവും ആദ്യം തിരച്ചിൽ നടത്തുക. ശേഷം മറ്റിടങ്ങളിലും പരിശോധന നടത്തും.
ഇന്നലെ രാവിലെ ഷിരൂർ അഴിമുഖത്തേക്ക് കാർവാറിൽ നിന്ന് ഡ്രഡ്‌ജ൪ കൊണ്ട് വന്നിരുന്നു. വിവിധ ഏജൻസികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഏറെനാളായി തിരച്ചിൽ നടത്തി വരികയാണ്. പുഴയിൽ മുങ്ങൽ വിദഗ്‌ധർ അടക്കം പലവട്ടം ഇറങ്ങി തപ്പിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രണ്ട് മാസത്തോളമായി അപകട സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. ജൂലൈ 16 മുതലാണ് അർജുനെ കാണാതായത്. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു നിന്നാണെന്നായിരുന്നു കണ്ടെത്തൽ. ഇവിടെ നിന്ന് ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിക്കുകയും ചെയ്‌തിരുന്നു. മണ്ണിടിച്ചിൽ നടക്കുമ്പോൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നു.
അപകടത്തിന് പിന്നാലെ ദേശീയ പാതയിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് പതിനേഴ് ദിവസങ്ങൾക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇതിനിടയിൽ അർജുന്റെ കുടുംബം നിരന്തരം തിരച്ചിലിനായി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഡ്രഡ്‌ജർ എത്തിക്കുന്നതിൽ കാലതാമസം ഉൾപ്പെടെയാണ് നടപടികൾ വൈകാൻ കാരണമായത്.












Click it and Unblock the Notifications