ഷിരൂർ ദൗത്യം; അർജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളിൽ ഒരു മൃതദേഹ ഭാഗവും
അങ്കോള: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. മാസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് ലോറിയുടെ ക്യാബിൻ കണ്ടെത്തിയത്. ഇതിൽ ഒരു മൃതദേഹവും ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തികൊണ്ടിരിക്കുകയാണ്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രാവിലെ പതിനൊന്നരയോടെ ഇപ്പോൾ ലോറി കണ്ടെത്തിയ ഭാഗം ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂന്ന് മണിയോടെയാണ് ലോറിയുടെ ക്യാബിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. ഇതിൽ നിന്ന് കിട്ടിയത് അസ്ഥിയുടെ ഒരു ഭാഗം മാത്രമാണെന്നാണ് ലഭ്യയ വിവരം.

തുടർന്ന് ലോറി അർജുൻ ഓടിച്ചിരുന്നത് തന്നെയാണെന്ന് ഉടമയായ മനാഫും മുബീനും സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള നടപടികൾ തുടങ്ങിയത്. നീണ്ട 71 ദിവസത്തെ തീവ്ര ശ്രമത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് ദൗത്യ സംഘം കണ്ടെടുത്തത്.
അതേസമയം, ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന് ശേഷമാണ് മൃതദേഹ ഭാഗം പുറത്തെടുത്തത്. ഇനി ഇത് വിദഗ്‌ധ പരിശോധനക്ക് അയക്കാനാണ് തീരുമാനം. ഇതിനായി മൃതദേഹം ഭാഗം ബോട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ അഴുകിയ നിലയിലായിരുന്നു മൃതദേഹ അവശിഷ്‌ടം കണ്ടെത്തിയത്. ജലോപരിതലത്തിൽ ഏതാണ്ട് പന്ത്രണ്ട് മീറ്ററോളം താഴെയായിട്ടായിരുന്നു ലോറി കിടന്നിരുന്നത്. രാവിലെ തന്നെ ഈ സ്ഥലം മാർക്ക് ചെയ്‌തിരുന്നു. ഇതിന് ശേഷം നടത്തിയ തീവ്ര യജ്ഞത്തിന് ഒടുവിലാണ് ലോറി ഉയർത്താൻ കഴിഞ്ഞത്.
ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. അവിടെ നിന്നാണ് അർജുനെ കാണാതായതും. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു നിന്നായിരുന്നു. ഇവിടെ നിന്ന് ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിക്കുകയും ചെയ്‌തിരുന്നു. മണ്ണ് ഇടിഞ്ഞു വീഴുമ്പോൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഉൾപ്പെടെ നിർത്തിയിട്ടിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. ഇതോടെയാണ് മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്.
രണ്ട് ഘട്ട തിരച്ചിൽ പരാജയപ്പെട്ടതോടെയാണ് ഡ്രഡ്‌ജർ എത്തിച്ചു കൊണ്ടുള്ള മൂന്നാം ഘട്ടത്തിന് തുടക്കമായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് തുടരുകയായിരുന്നു. ഡ്രഡ്‌ജിംഗ് കമ്പനിയുമായുള്ള കാലാവധി ഞായറാഴ്‌ച അവസാനിക്കാനിരിക്കെയാണ് ഇന്ന് തിരച്ചിലിൽ ലോറി കണ്ടെത്തിയത്. അർജുന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇവിടെ തുടരുകയായിരുന്നു.












Click it and Unblock the Notifications