സിദ്ധാർത്ഥന്റെ ഫോൺ പിടിച്ചുവാങ്ങി, നാലിടത്ത് വെച്ച് മർദ്ദിച്ചു; പോലീസ് എത്തുമുമ്പ് മൃതദേഹം അഴിച്ചുമാറ്റി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്ക് ഇരുത്തിയും കൂട്ടായും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളായ വിദ്യാർത്ഥികളെ ഉടൻ തന്നെ ക്യാമ്പസിലേക്ക് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. പ്രതികളായ 18 വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു.
മർദ്ദനം, തടഞ്ഞു വെയ്ക്കൽ, ആത്മഹത്യാ പ്രേരണ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പോലീസ് ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യക്തമായ തെളിന് പോലീസിന് ലഭിച്ചതായി ആണ് സൂചന.

സിദ്ധാർത്ഥിനെ നാലിടത്ത് വെച്ച് പ്രതികൾ മർദ്ദിച്ചതായിട്ടാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. മർദ്ദന വിവരം പുറത്ത് ആരും അറിയാതിരിക്കാൻ സിദ്ധാർത്ഥിന്റെ ഫോൺ പ്രതികൾ പിടിച്ച് വെച്ചിരുന്നതായി പോലീസ് പറയുന്നു. 16ാം തീയതി ഉച്ചയോടെ ആണ് വീട്ടുകാർ സിദ്ധാർത്ഥിനെ ഫോണിൽ ബന്ധപ്പെടുന്നത്.
പിന്നീട് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. 17 നും ഫോൺ കിട്ടിയില്ല. സഹപാഠികളിൽ ഒരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നും സിദ്ധാർത്ഥൻ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാർത്ഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. പിറ്റേന്ന് വീണ്ടും മർദ്ദിച്ചു. അന്ന് പ്രതികൾ ഫോൺ കൈമാറി.
തുടർന്ന് ഫോണിൽ അമ്മയോട് 24 ന് വീട്ടിൽ എത്തുമെന്ന് സിദ്ധാർത്ഥൻ പറഞ്ഞു. പിന്നീട്ട് സിദ്ധാർത്ഥ് മരിച്ചെന്ന വാർത്തയാണ് കേൾക്കുന്നത്. 18 ന് രാവിലെ സിദ്ധാർത്ഥന് വലിയ കുഴപ്പമില്ലെന്ന് വിലയിരുത്തിയ സംഘം ഉച്ചയ്ക്കും മർദ്ദിക്കുകയായിരുന്നു.
എല്ലാവരും ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ശുചിമുറിയിലേക്ക് പോയതും ശേഷം ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. ഉടനെ സിദ്ധാർത്ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുൻപേ പ്രതികളുടെ നേതൃത്വത്തിൽ അഴിച്ചെടുത്തു. കേസിലെ മുഖ്യ പ്രതി സിൻജോ ജോൺസണെ കൽപ്പറ്റയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സിദ്ധാർത്ഥനെ ഏറ്റവും ക്രൂരമായി ആക്രമിച്ചത് ഇന്നലെ അറസ്റ്റിലായ സിൻജോ ജോൺസണാണെന്നും ഇക്കാര്യം കോളജിലെ എല്ലാവർക്കും അറിയാം എന്നും സിദ്ധാർത്ഥന്റെ പിതാവ് പറഞ്ഞിരുന്നു. പ്രതികൾക്ക് എതിരെ നിസ്സാര വകുപ്പാണോ ചുമത്തിയത് എന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications