'സിൽവർ ലൈൻ സംവാദം വെറും പ്രഹസനം';സർക്കാർ ചീഫ് സെക്രട്ടറിയെ അപമാനിച്ചെന്നും വിഡി സതീശൻ
തിരുവനന്തപുരം; സിൽവർ ലൈൻ സംവാദം വെറും പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരാണോ കെ റെയിൽ കോർപ്പറേഷൻ ആണോ സംവാദം നടത്തുന്നത് എന്ന് പോലും സർക്കാരിന് അറിയില്ലെന്നും ചീഫ് സെക്രട്ടറിയെ വരെ സർക്കാർ അപമാനിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ഇടതുപക്ഷ സമീപനമല്ല വലതുപക്ഷ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് സംവാദത്തിൽ ജോസഫ് സി മാത്യു തുറന്ന് കാട്ടുമെന്ന ഭയത്താലാണ് അദ്ദേഹത്തെ സർക്കാർ ഒഴിവാക്കിയതെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സിൽവർ ലൈൻ സംവാദം പ്രഹസനമാക്കാൻ സർക്കാർ തന്നെ ശ്രമിച്ചു. ഇപ്പോൾ സർക്കാർ പുലിവാൽ പിടിച്ചിരിക്കുന്നു. സർക്കാരാണോ കെ റെയിൽ കോർപ്പറേഷൻ ആണോ സംവാദം നടത്തുന്നത് എന്ന് പോലും സർക്കാരിന് അറിയില്ല. സംസ്ഥാന ചീഫ് സെക്രട്ടറിയെ വരെ അപമാനിച്ചു. ചീഫ് സെക്രട്ടറിയാണ് ജോസഫ് സാമുവലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ചീഫ് സെക്രട്ടറിക്ക് മീതെയുള്ള അധികാര കേന്ദ്രം ഏതാണ് ? കെ. റെയിൽ എം.ഡി യോ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ആരെങ്കിലും ചീഫ് സെക്രട്ടറിക്ക് മുകളിലാണോ? സർക്കാർ ഇടതുപക്ഷ സമീപനമല്ല വലതുപക്ഷ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് സംവാദത്തിൽ ജോസഫ് സി മാത്യു തുറന്ന് കാട്ടുമെന്നാണ് സർക്കാർ ഭയപ്പെടുന്നത്.
നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് പോലും മുഖ്യമന്ത്രി ഇതുവരെ ഉത്തരം നൽകിയിട്ടില്ല. ഈ ഡി പി ആർ എന്നത് തട്ടിക്കൂട്ട് റിപ്പോർട്ട് ആണെന്ന ആക്ഷേപത്തിനും മറുപടി നൽകിയിട്ടില്ല. ഡി പി ആറിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടും അത് തിരുത്തി കൊടുക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല, വിഡി സതീശൻ കുറ്റപ്പെടുത്തി.
ഗുണ്ടകളേയും പോലീസിനേയും വിട്ട് സിൽവർ ലൈൻ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. ചങ്ങനാശേരിയിലും കഴക്കൂട്ടത്തും വലിയ രീതിയിൽ പോലീസ് അതിക്രമങ്ങൾ നടന്നു. ഇന്നലെ കണ്ണൂർ നടാലിൽ സി പി എം ഗുണ്ടകൾ സിൽവർ ലൈൻ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. സമരത്തിൽ പങ്കെടുത്തവരെ ഓടിച്ചിട്ട് മർദ്ദിക്കാൻ സി പി എം ഗുണ്ടകളാണ് ഇറങ്ങിയത്. പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയുന്നത്. തിരപവനന്തപുരത്ത് കഴക്കൂട്ടത്ത് ഒരു പ്രായമായ മനുഷ്യന്റെ മുഖത്ത് പരസ്യമായി തന്നെ അടിക്കുകയും അദ്ദേഹത്തിൻറെ നാഭിക്ക് ചവിട്ടുകയും ചെയ്തതിന്റെ തെളിവുകൾ കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും ആ പോലീസുകാരനെ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല. അയാളെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.
പോലീസ്, ക്രിമിനലുകളെ സംരക്ഷിച്ചാൽ നാട്ടുകാർ ക്രിമിനലുകളെ കൈകാര്യം ചെയ്യും. ആ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എന്ത് ചെയ്താലും കല്ലുകൾ ഞങ്ങൾ പിഴുതുമാറ്റുക തന്നെ ചെയ്യും. ഈ സമരവുമായി യു ഡിഎ ഫ് മുന്നോട്ട് പോകും. സാധാരണക്കാരയ ജനങ്ങൾ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.
Recommended Video
എം വി ജയരാജൻ പറയുന്നത് സമരം ചെയ്യുന്നവരുടെ പല്ല് പോകുമെന്നാണ്. അതിന്റെ പിറ്റേന്നാണ് നടാലിൽ നടന്ന അതിക്രമം. കേരളത്തിലെ മുഴുവൻ ജനങ്ങളും സിൽവർ ലൈൻ പദ്ധതിയുടെ ഇരകളായി മാറും. സിൽവർ ലൈൻ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നത് നന്ദിഗ്രാമിലും സിംഗൂറിലും സി പി എം ഭരണം ചെയ്ത് കൂട്ടിയ അതിക്രമങ്ങളെയാണ്. അത് തന്നെയാണ് കേരളത്തിൽ ആവർത്തിക്കുന്നത്. ഇതുകൊണ്ടൊന്നും സമരത്തെ അടിച്ചമർത്താമെന്ന വിചാരം സർക്കാരിന് വേണ്ടെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications