സിൽവർ ലൈൻ പ്രതിഷേധം: കല്ലുകള്‍ പിഴുതെറിഞ്ഞു; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരെ കേസ്
കൊച്ചി: സിൽവർ ലൈൻ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ കേസ്. ചോറ്റാനിക്കരയില്‍ പ്രതിഷേധിച്ചതിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ചോറ്റാനിക്കരയില്‍ ശക്തമായ പ്രതിഷേധമാണ് നടന്നിരുന്നത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ തടയുകയും സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തതിനാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

പദ്ധതിയ്ക്ക് എതിരെ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇവർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. പൊതു മുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതോടൊപ്പം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരേയും ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര പോലീസാണ് കേസ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ ചോറ്റാനിക്കരയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ യു.ഡി.എഫിന്റെയും കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. കല്ലിടല്‍ കരഭൂമിയിലേക്ക് കടന്നതോടെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനേതുടര്‍ന്ന് തിങ്കളാഴ്ച സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.
അനൂപ് ജേക്കബ് എം.എല്‍.എ.യും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും സ്ഥലത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനിടയില്‍ അഞ്ചു സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത് സമീപത്തെ കുളത്തില്‍ ഇട്ടു. കെ-റെയില്‍ സാമഗ്രികളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന സര്‍വേക്കല്ലുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സമീപത്തെ പാടത്തെറിയുകയും ചെയ്തിരുന്നു.
അതേസമയം, കേരളത്തിൽ ശക്തമായ പ്രതിഷേധമാണ് സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ നടക്കുന്നത്. കേരളത്തിൽ നടക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച് യു ഡി എഫ് രംഗത്ത് എത്തിയിരുന്നു. സമരത്തിന് ഇറങ്ങുന്ന സാധാരണക്കാരെ ജയിലിലടയ്ക്കും എന്ന ഭീഷണി വിലപ്പോകില്ല. പദ്ധതിയിക്ക് എതിരെ യു ഡി എഫ് നേതാക്കൾ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിഞ്ഞു ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
കേരളം ഇതുവരെ കാണാത്ത ജനകീയ സമരത്തിന്റെ തിരശീലയാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ പറഞ്ഞിരുന്നു. കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സിൽവർലൈൻ വിരുദ്ധ സമരം. വാശിയും ധാർഷ്ട്യവുമായി മുഖ്യമന്ത്രി പോയാൽ നന്ദിഗ്രാമിൽ സംഭവിച്ചത് തന്നെ കേരളത്തിലെ സി പി എമ്മിനും സംഭവിക്കും. കല്ലുകൾ പിഴുതാൽ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുത്ത് ജയിലിൽ അടയ്ക്കുമെന്നാണു ഭീഷണി. ഇതു വിലപ്പോകിലെന്നും സതീഷൻ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.
പദ്ധതിയെ കുറിച്ചു വ്യക്തത വരുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ കല്ലിടലുമായി സർക്കാർ മുന്നോട്ടു പോകുന്നത്. വിദേശ കടം വാങ്ങി കേരളത്തെ പണയപ്പെടുത്താനും പാരിസ്ഥിതികമായി തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കല്ലുകൾ പിഴുതെറിയണമെന്നു തീരുമാനിച്ചപ്പോൾ ജനങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. ഈ സമരത്തെ ചെറുക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കില്ലെന്നു സതീശൻ പറഞ്ഞിരുന്നു.എന്നാൽ, ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും എന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയത്.
ഏതു ഹീന തന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്. പദ്ധതിയുടെ മറവിൽ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുമ്പോൾ സർക്കാരിന് വിറളി പൂണ്ടിരിക്കുകയാണെന്ന് കെ.സുധാകരൻ ആരോപിച്ചു. കല്ലിടൽ തടഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്നും ജയിലിലടയ്ക്കുമെന്നുമാണ് ഭീഷണി. നിയമത്തിന്റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താം എന്ന മൂഢ സ്വർഗത്തിലാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ വ്യക്തമാക്കി.












Click it and Unblock the Notifications