സില്‍വര്‍ ലൈനില്‍ സമരം കടുപ്പിക്കാന്‍ യുഡിഎഫ്; കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെരിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. സില്‍വര്‍ ലൈന്‍ കല്ല് പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യു ഡി എഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം. സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണി വിലപ്പോകില്ല. യുഡിഎഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍, അത് നടക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
പദ്ധതിയെ കുറിച്ച് വ്യക്തത വരുത്താതെയാണ് കല്ലിടലുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വിദേശ കടം വാങ്ങി കേരളത്തെ പണയപ്പെടുത്താനും പാരിസ്ഥിതികമായി തകര്‍ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുമുണ്ട്. ഈ കാര്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സമരം ചെയ്യുന്നത്. ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപയോഗിച്ചു കൊണ്ട് സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ അതിന് മുന്നില്‍ വഴങ്ങില്ല. കല്ലുകള്‍ പിഴുതെറിയണമെന്ന് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ജനങ്ങള്‍ കല്ല് പിഴുതെറിഞ്ഞ് നടത്തുന്ന സമരത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കില്ല.
Recommended Video
ഓരോ ദിവസവും കുത്തിരിപ്പുണ്ടാക്കാനും മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത വരുത്താനും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്താനും ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നത് ഇവരാണ്. ഇക്കാര്യം പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications