എസ്പിയെ അമ്പരിപ്പിച്ച് കോണ്‍ഗ്രസ്, ഞെട്ടല്‍: മുതിർന്ന നേതാവ് ഉള്‍പ്പടെ 6 കൗണ്‍സിലർമാർ കോണ്‍ഗ്രസില്‍ ചേർന്നു
കാണ്‍പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന യുപിയില്‍ ഇതിനോടകം തന്നെ വലിയ പ്രചരണ പ്രവർത്തനങ്ങള്‍ക്കാണ് ഒരോ കക്ഷികളും തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി, എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ തനിച്ച് പോരാടുന്നതിനാല്‍ ഇത്തവണ വീറും വാശിയും അതിന്റെ ഏറ്റവും ഉന്നതിയിലാണ്. ഭരണകക്ഷിയായ ബി ജെ പിക്ക് വലിയ തോതില്‍ സീറ്റ് കുറയുമെന്ന് ഇതിനോടകം പുറത്ത് വന്ന വിവിധ സർവേകള്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ആരും അവർ ഭരണത്തില്‍ നിന്ന് പുറത്താകുമെന്ന് പറഞ്ഞിട്ടില്ല.
എസ്പിക്ക് വലിയ മുന്നേറ്റവും സർവേകള്‍ പ്രവചിക്കുന്നു. അതുകൊണ്ട് തന്നെ അവരും ആവേശത്തിലാണ്. ഈ മുന്നേറ്റ സാധ്യത വിജയത്തിലേക്ക് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് അവർ. എന്നാല്‍ ഇതിനിടയിലാണ് പാർട്ടിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുതിർന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ള കൗണ്‍സിലർമാർ കോണ്‍ഗ്രസിലേക്ക് കൂടുമാറിയിരിക്കുന്നത്.
രാഹുല്‍ വീണ്ടും വിദേശത്ത്: 'പട്ടായ ജയിലില്‍ നിന്നും വിട്ട് തരൂ' തായ്ലന്ഡ് പ്രസിഡന്റിനോട് പിവി അന്‍വർ

കാണ്‍പൂർ മുന്‍സിപ്പില്‍ കോർപ്പറേഷനിലാണ് എസ്പിയെ ഞെട്ടിച്ച കൂറുമാറ്റം നടന്നത്. മുതിർന്ന നേതാവായ സുഹൈൽ അഹമ്മദ് ഉൾപ്പെടെയുള്ള ആറ് കോർപ്പറേറ്റർമാർ പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. യുപി പി സി സി അധ്യക്ഷന്‍ അജയ് കുമാർ ലല്ലു അടക്കമുള്ള പാർട്ടിന നോതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ കോണ്‍ഗ്രസ് പ്രവേശനം.

മുനിസിപ്പൽ കോർപ്പറേഷനിലെ സമാജ്‌വാദി പാർട്ടി കോർപ്പറേറ്റർമാരുടെ നേതാവായ സുഹൈൽ അഹമ്മദ്, ഷിബു അൻസാരി, സാഹി, രാകേഷ് സാഹു, ആബിദ് അലി, മഹേന്ദ്ര പ്രതാപ് സിംഗ് എന്നിവരാണ് എസ്പി വിട്ടവർ. ലഖ്‌നൗവിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ച ഇവർ എസ് പിക്കെതിരെ രൂക്ഷ വിമർശനവും നടത്തി. ചടങ്ങിൽ കോൺഗ്രസ് എംഎൽഎ സുഹൈൽ അൻസാരിയും പങ്കെടുത്തിരുന്നു.

ഈ കോർപ്പറേറ്റർമാരെല്ലാം സിസാമാവു നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നവരാണ്. എസ്പിയുടെ സിറ്റിങ് സീറ്റാണ് ഇത്. 2017ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി സുരേഷ് അവസ്തിയെ പരാജയപ്പെടുത്തി എസ്പി സ്ഥാനാർഥി ഇർഫാൻ സോളങ്കി ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു. എസ്പി കോർപ്പറേറ്റർമാരുടെ കൂറുമാറ്റം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതുന്ന അഖിലേഷ് യാദവിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ്.

"കാൺപൂരിലെ സമാജ്‌വാദി പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് എല്ലാവർക്കും അറിയാം. പാർട്ടി എം എൽ എയായ ഇർഫാൻ സോളങ്കി കഴിഞ്ഞ നാല് വർഷമായി തന്റെ നിയോജക മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിസാമാവുവിൽ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ല. മാത്രമല്ല, സോളങ്കിയുടെ വ്യക്തിപരമായ പെരുമാറ്റവും സംശയാസ്പദമാണ്"- സുഹൈല്‍ അഹമ്മദ് പറഞ്ഞു.

ഇർഫാൻ സോളങ്കിയുമായി നേരത്തെ തന്നെ അഭിപ്രായവ്യത്യാസമുള്ള നേതാവാണ് സുഹൈല്‍. 2017ലെ തിരഞ്ഞെടുപ്പിൽ വിമതനായി മാറിയ അദ്ദേഹം സിസാമാവു അസംബ്ലി മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ മതനേതാക്കളുടെയും മറ്റും ഇടപെടലിനെ തുടർന്ന് അദ്ദേഹം നാമനിർദേശ പത്രിക പിൻവലിക്കുകയായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിസാമാവു മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സുഹൈൽ അഹമ്മദിന് ടിക്കറ്റ് ലഭിച്ചേക്കുമെന്ന് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സുഹൈലും അനുയായികളും എസ്പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയത് ഇർഫാൻ സോളങ്കിയുടെ സാധ്യത ദുഷ്കരമാക്കുക മാത്രമല്ല, സിസാമാവു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൂടുതൽ ശ്രദ്ധേയമാക്കുകയും ചെയ്തേക്കും.