'ആ അന്തര്‍ധാരയില്ലായിരുന്നെങ്കില്‍ ഞാനടക്കം 7 പേര്‍ ഇന്ന് നിയമസഭയില്‍, പക്ഷെ തോല്‍പ്പിച്ചു': ശോഭ സുരേന്ദ്രന്‍
കോഴിക്കോട്: സി പി എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്ത് സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്നും ഇത് ഇല്ലായിരുന്നെങ്കില്‍ താന്‍ അടക്കം ഏഴ് പേര്‍ എന്‍ ഡി എയുടെ പ്രതിനിധികളായി കേരള നിയമസഭയില്‍ എത്തുമായിരുന്നു എന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ അന്തര്‍ധാരയുണ്ടായിരുന്നു എന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. ഇരുകക്ഷികളും ഇതുവരെ കേരളത്തില്‍ ഒരുമിച്ചു മത്സരിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂ. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ ഏഴ് എന്‍ഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഈ ധാരണയുടെ പുറത്താണ്.

സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ഈ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും സി പി എമ്മും എല്ലാ മേഖലകളിലും സൗഹൃദമുണ്ട്. ഇതില്ലായിരുന്നെങ്കില്‍ താന്‍ ഉള്‍പ്പെടെയുള്ള ഏഴു പേരെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്താനാകില്ലായിരുന്നെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
'ഒരുപക്ഷേ കേരള നിയമസഭയ്ക്കുള്ളില്‍ പല കാര്യങ്ങളും ഉന്നയിക്കാന്‍ ഞാനുള്‍പ്പടെയുള്ള എന്റെ ഏഴ് സഹപ്രവര്‍ത്തകര്‍ക്ക് സാധിക്കുമായിരുന്നു. കേരളത്തിലെ പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഈ അന്തര്‍ധാരയെ പൊളിക്കും. അധികം വൈകാതെ ആ കാലം വരും.' ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഈ മുഖംമൂടി വെച്ചുകൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാന്‍ ഈ ഭരണ, പ്രതിപക്ഷത്തിനു കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
അതിനിടെ രാത്രികാലങ്ങളില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലു പിടിക്കാന്‍ പോകുന്നുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തോടും ശോഭ പ്രതികരിച്ചു. പിണറായി വിജയനെ കൊതുകു കടിക്കുന്നുണ്ടോ എന്ന് നോക്കി അദ്ദേഹത്തിന്റെ കാലിനടിയിലാണോ സതീശന്‍ ഉറങ്ങാറുള്ളത് എന്നായിരുന്നു ശോഭയുടെ ചോദ്യം.
അങ്ങനെയാണെങ്കില്‍ പിണറായിയുടെ കാലു പിടിക്കാന്‍ സുരേന്ദ്രന്‍ ചെന്നത് സതീശന്‍ കണ്ടിട്ടുണ്ടാകും എന്നും ഇവിടെ എന്താണ് നടക്കുന്നത് എന്ന് സതീശന് അറിയില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. ചില കേസുകള്‍ വരുമ്പോള്‍ മാത്രം ഇ ഡിയും സി ബി ഐയും വരണമെന്നും എന്നാല്‍ മറ്റ് ചില കേസുകള്‍ വരുന്ന സമയത്ത് ഇതൊന്നും വേണ്ടെന്നുമാണ് ഇവരുടെ നിലപാടെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications