
ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ മാനനഷ്ടക്കേസ് വിധി; അപ്പീലുമായി വിഎസ് കോടതിയില്‍
തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ 10.10 ലക്ഷം രൂപ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരേ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയിലാണ് വി എസ് അച്യുതാനന്ദന്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി യുക്തിസഹമല്ലെന്ന് വി എസ് അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് പറഞ്ഞിരുന്നു.
സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വി എസിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായിരുന്നു വിധി. എന്നാല്‍ മുഖാമുഖം രേഖകള്‍ ഒന്നും തന്നെ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ലെന്ന് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പങ്കു തെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞിരുന്നു.
അതേസമയം അപ്പീല്‍ കൊടുക്കാനുള്ള അവകാശം വി എസ് അച്യുതാതന്ദന് ഉണ്ടെന്നും തെറ്റ് ചെയ്യാത്തതിനാല്‍ തനിക്ക് പേടിയില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. 2013 ഓഗസ്റ്റില്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വി എസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ദിലീപിന്റെ അപ്രതീക്ഷിത നീക്കം, ആലുവ കോടതിയില്‍ കീഴടങ്ങി, ഒപ്പം അനൂപും സുരാജും
Recommended Video
2014 ലാണ് വി എസ് അച്യുതാനന്ദന് എതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വി എസിന് ഉമ്മന്‍ചാണ്ടി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപയാണ് വി എസ് നഷ്ടപരിഹാരം നല്‍കണം എന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. താന്‍ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ വി എസിന്റെ ആരോപണങ്ങള്‍ ഇടയാക്കിയതായി ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നു.