സോളാർ സമരം തീരാന്‍ കാരണം രഹസ്യ ധാരണ: പിന്നില്‍ തിരുവഞ്ചൂർ; വെളിപ്പെടുത്തലുമായി സി ദിവാകരന്‍
തിരുവനന്തപുരം: യു ഡി എഫ് ഭരണകാലത്ത് എല്‍ ഡി എഫ് നടത്തിയ സോളാർ സമരത്തെക്കുറിച്ച് നിർണ്ണായ വെളിപ്പെടുത്തലുമായി സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരൻ. സർക്കാരുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് എല്‍ ഡി എഫ് സമരം അവസാനിപ്പിച്ചതെന്നാണ് ദിവാകരന്‍ വെളിപ്പെടുത്തുന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഇതിന് മുന്‍കൈ എടുത്തുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
സമരം അങ്ങനെ തീരേണ്ടതായിരുന്നില്ലെന്നും ന്യൂസ് 18 മലയാളത്തോടായി സി ദിവാകരന്‍ പ്രതികരിച്ചു. 'എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയിൽ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണന്‍ മുൻകൈയെടുത്താണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മൻചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാതിരുന്നത്'- സി ദിവാകരന്‍ പറയുന്നു.

എന്നാല്‍ സി ദിവാകരന്റെ അവകാശ വാദങ്ങള്‍ തള്ളി മുന്‍ മന്ത്രിയും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ എകെ ബാലന്‍ രംഗത്ത് വന്നു. സമരം ഒത്തുതീർത്തതിന് പിന്നില്‍ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നുമായിരുന്നുവെന്നാണ് സി പി എം നേതാവ് വ്യക്തമാക്കുന്നത്.
അതേസമയം, വലിയ രീതിയിലുള്ള രാഷ്ട്രീയ വെളിപ്പെടുത്തലുകളുമായി 'കനൽ വഴികളിലൂടെ' എന്ന സി ദിവാകരന്റെ ആത്മകഥ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 2011ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടപ്പോള്‍ തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നുവെന്നാണ് സി ദിവാകരന്‍ പുസ്തകത്തില്‍ കുറിക്കുന്നത്.
വിവാദമായ ഹാരിസൺ പ്ലാന്റേഷൻ കേസിൽ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലിൽ ഒപ്പിടീച്ചത് അന്നത്തെ തൊഴിൽമന്ത്രി പി കെ ഗുരുദാസന്റെ നിർബന്ധത്താലാണെന്നും അദ്ദേഹം തുറന്നെഴുതുന്നുണ്ട്. അതേസമയം, സി കെ ചന്ദ്രപ്പന് ശേഷം തന്നെ സി പി ഐ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനത്തെ നേതാക്കൾ അട്ടിമറിച്ചെന്നും സി ദിവാകരന്‍ ആരോപിച്ചിരുന്നു. പാർട്ടിയില്‍ പലതവണ ഒതുക്കലിനെ നേരിട്ടിട്ടുണ്ട്. എം എൽ എയാകാൻ 60 വയസ്സാകേണ്ടിവന്നത് തന്നെ ഒതുക്കലിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications