• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''വിദേശയാത്രകള്‍ നിഗൂഢമാണത്രേ; അന്വേഷിച്ചു കണ്ടെത്തണമത്രേ'', പ്രചാരണങ്ങൾക്ക് സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ നടത്തുകയാണ് എന്ന് സ്പീക്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ സംരംഭം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ടാണ് സ്പീക്കർക്ക് എതിരെ ആരോപണം ഉയർന്നത്. ഏതെങ്കിലും തരത്തില്‍ സ്വപ്ന സുരേഷിനെ ഈ ചടങ്ങിന് മുന്‍പോ ശേഷമോ സഹായിക്കാനോ, പരിധിവിട്ട് ഇടപെടാനോ ഒരിക്കലും തയ്യാറായിട്ടില്ല എന്ന് സ്പീക്കർ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണം നേരിടുവാനും ഞാന്‍ സന്നദ്ധനുമാണെന്നും പി ശ്രീരാമകൃഷ്ണൻ പറയുന്നു.

എല്ലാ സീമകളും ലംഘിച്ച് വ്യക്തിഹത്യ

എല്ലാ സീമകളും ലംഘിച്ച് വ്യക്തിഹത്യ

സ്പീക്കർ പി ശ്രീരാമ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' പ്രിയപ്പെട്ടവരോട്... വളരെ ചെറുപ്രായത്തില്‍ തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പലതരത്തിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്ത ഒരു എളിയ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ എന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരെ അറിയിക്കാനാണ് ഈ കുറിപ്പ്. ചിലമാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നത് അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.

മര്യാദയില്ലായ്മയുടെ ഉദാഹരണം

മര്യാദയില്ലായ്മയുടെ ഉദാഹരണം

കേരളത്തിന്‍റെ ബഹുമാന്യനായ മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോള്‍ കാണിക്കുന്ന ഒരു രാഷ്ട്രീയ കൗശലമാണെങ്കില്‍പ്പോലും പലപ്പോഴും അത് മര്യാദയില്ലായ്മയുടെ ഉദാഹരണമായിത്തീരുകയാണ്. തീര്‍ത്തും തെറ്റായ പ്രചരണങ്ങളുടെ പുകമറ സൃഷ്ടിച്ച് വ്യക്തഹത്യ നടത്തി ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം. ഇപ്പോള്‍ ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ സ്പീക്കര്‍ക്കുള്ള പങ്ക് എന്താണ്? എല്ലാവരും അറിയണം. നെടുമങ്ങാട് പുകരഹിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് സംരഭമാണെന്ന് അറിയിച്ച കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇത് വാസ്തവമാണ്.

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിച്ചു

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിച്ചു

അത് 2019 ഡിസംബര്‍ 31-ന് ആയിരുന്നു. ഏകദേശം 7 മാസം മുന്‍പ്. അന്നാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളോ, സംശയങ്ങളോ, വാര്‍ത്തകളോ ഒന്നും ഉണ്ടായിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് ഒരാളും അറിയച്ചതുമില്ല. സമയവും സൗകര്യവും അനുവദിക്കുമെങ്കില്‍ വിളിക്കുന്നവരുടെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ പരിപാടികളുടെ വലുപ്പചെറുപ്പം നോക്കാതെ പങ്കെടുക്കണമെന്നത് എന്‍റെ നിലപാടുമാണ്. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്‍റെ ഫസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ പരിചിതയായിരുന്ന സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിക്കുകയാണ് ഉണ്ടായത്.

അമ്മയോടുള്ള മര്യാദയുടെ പേരില്‍

അമ്മയോടുള്ള മര്യാദയുടെ പേരില്‍

അവിടുത്തെ എല്ലാ ജനപ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രാം നോട്ടീസ് കാണുകയുണ്ടായെങ്കിലും വലിയ തിരക്കുള്ള ദിവസമായതിനാല്‍ വരാനാകില്ലെന്ന് അറിയിക്കുകയും പോകാതിരിക്കുകയും ചെയ്തു. എന്നാല്‍ ഉച്ചയായിട്ടും ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താതെ സംരഭകന്‍റെ വൃദ്ധമാതാവ് ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണെന്ന് (സംരഭകന്‍ ആരാണെന്ന് അറിയില്ലായിരുന്നു) അറിയിച്ചപ്പോള്‍ ഒരു അമ്മയോടുള്ള മര്യാദയുടെ പേരില്‍ അവിടെ എത്തി വിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയില്‍ പരിചയപ്പെട്ട ഒരാളെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കുന്നത്

സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കുന്നത്

യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മലയാളി എന്ന നിലയില്‍ അവര്‍ സഹായിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, പോലീസ് വെരിഫിക്കേഷന്‍ കഴിഞ്ഞതിന് ശേഷം പാസ്പോര്‍ട്ട് ഓഫീസറുടെ മറ്റൊരു വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന നിബന്ധന ഇടക്കാലത്ത് വരികയും ഡബിള്‍ വെരിഫിക്കേഷന്‍ പ്രക്രിയ വലിയ പ്രയാസമുണ്ടാക്കുന്നു എന്ന് പ്രവാസികള്‍ പരാതിപ്പെടുകയും ചെയ്തപ്പോള്‍ കോണ്‍സുലേറ്റ് മുഖാന്തിരം ഇടപെട്ട് പ്രശ്നപരിഹാരത്തിന് സ്വപ്ന സുരേഷ് സഹായിക്കുകയുണ്ടായി. വസ്തുതകള്‍ ഇതായിരിക്കേ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധമായ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീചപ്രവൃത്തിയാണ്.

എന്ത് സാമാന്യ യുക്തിയാണുള്ളത്?

എന്ത് സാമാന്യ യുക്തിയാണുള്ളത്?

2020 ജൂലായ് മാസത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. 7 മാസം മുന്‍പ് ഇത്തരം ഒരു സംഭവം ഉണ്ടാകുമെന്ന് മുന്‍കൂര്‍ അറിയണമായിരുന്നു എന്ന് പറയുന്നതില്‍ എന്ത് സാമാന്യ യുക്തിയാണുള്ളത്? പ്രത്യേകിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ തട്ടിപ്പുകാരിയാണെന്ന് എങ്ങനെ മനസ്സിലാക്കും? മാലിന്യം നിറഞ്ഞ മനസ്സോടെ കാര്യങ്ങളെ നോക്കിക്കണ്ട് ഒരു വലിയ സദാചാര ലംഘനം നടന്നിരിക്കുന്നു എന്ന് വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന ചിലരുണ്ട്. ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അജ്ഞരായവര്‍. ക്യാമറകള്‍ക്കും മുമ്പില്‍ കൂടിനിന്ന മനുഷ്യര്‍ക്കും മുന്നിലെ പെരുമാറ്റത്തില്‍ അപാകത കാണുന്നവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്.

എന്നെ അറിയുന്ന ആര്‍ക്കാണ് അറിയാത്തത്?

എന്നെ അറിയുന്ന ആര്‍ക്കാണ് അറിയാത്തത്?

മനസ്സില്‍ ഒരു തരം കറയും ഇല്ലാത്തതിനാല്‍ ആ പെരുമാറ്റത്തില്‍ കാപട്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ ഇടപഴകിയ ഏതെങ്കിലും പുരുഷനോ സ്ത്രീയോ എന്നെങ്കിലും എവിടെയെങ്കിലും അപമര്യാദയോടുകൂടി പെരുമാറിയതായി പരാതിപ്പെട്ടിട്ടുണ്ടോ? ഒരിക്കലുമില്ല എന്ന് മാത്രമല്ല, സഹോദരനിര്‍വിശേഷമായ ഭാവത്തോടെ എന്നോട് ഇടപഴകുന്ന എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാന്‍ പെരുമാറുന്നത് എന്ന് എന്നെ അറിയുന്ന ആര്‍ക്കാണ് അറിയാത്തത്?

അപഹാസ്യവും സ്ത്രീ വിരുദ്ധവും

അപഹാസ്യവും സ്ത്രീ വിരുദ്ധവും

ഒരു സഹോദരനോടോ മകനോടോ എന്ന പോലെ എന്നോട് പരാതികളും പരിഭവങ്ങളും പ്രശ്നങ്ങളും പറയുന്ന എന്‍റെ പൊന്നാനിയിലെ ഉമ്മമാരോടും അമ്മമാരോടും സഹോദരിമാരോടും അന്വേഷിക്കുന്നതായിരിക്കും ഉചിതം. അതിലും വലിയ ഒരു സാക്ഷ്യപത്രം എന്‍റെ കൈയിലില്ല. ഒരു ആധുനിക സമൂഹത്തില്‍ ഇത്രയും നികൃഷ്ടമായ മനോഭാവത്തോടെയും മലിന ചിന്തയോടെയും പൊതുപ്രവര്‍ത്തകരായിട്ടുള്ളവര്‍ തന്നെ രംഗത്ത് വരുന്നത് എത്ര അപഹാസ്യവും സ്ത്രീ വിരുദ്ധവുമാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടെ. കുറ്റവാളി ആണായാലും പെണ്ണായാലും കുറ്റവാളിയായി കാണാനുള്ള ആരോഗ്യമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ.

ആഘോഷിക്കുന്നത് മനോവൈകൃതം

ആഘോഷിക്കുന്നത് മനോവൈകൃതം

ഏതെങ്കിലും തരത്തില്‍ സ്വപ്ന സുരേഷിനെ ഈ ചടങ്ങിന് മുന്‍പോ ശേഷമോ സഹായിക്കാനോ, പരിധിവിട്ട് ഇടപെടാനോ ഒരിക്കലും തയ്യാറായിട്ടില്ല എന്ന ഉത്തമബോധ്യം ഉള്ളതിനാല്‍ ഇക്കാര്യങ്ങളിലൊന്നും ഒരു ആശങ്കയും എനിക്ക് ഇല്ല. ഏത് തരത്തിലുള്ള അന്വേഷണം നേരിടുവാനും ഞാന്‍ സന്നദ്ധനുമാണ്. അതുകൊണ്ടുതന്നെയാണ് തുടക്കത്തില്‍തന്നെ സി.ബി.ഐ. ഉള്‍പ്പെടെ ആരും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. എല്ലാതരം രേഖകളും പരിശോധിക്കുന്നതിനും സന്തോഷമേ ഉള്ളൂ. പക്ഷേ, അപവാദത്തിന്‍റെ പുകമറയില്‍ നിര്‍ത്തി വ്യക്തിഹത്യ നടത്തി ആഘോഷിക്കുന്നത് മനോവൈകൃതം ആണെന്ന് മനസ്സിലാക്കുക.

അവാസ്തവമായ അപവാദ പ്രചരണം

അവാസ്തവമായ അപവാദ പ്രചരണം

ഇതിനിടയില്‍ 2019 ജൂണ്‍ മാസത്തില്‍ കൊച്ചിയില്‍ സ്വപ്ന സുരേഷ് എന്നെ സന്ദര്‍ശിച്ചുവെന്ന ഒരു രാഷ്ട്രീയ നേതാവിന്‍റെ പ്രസ്താവനയും കണ്ടു. തികച്ചും അവാസ്തവമായ അപവാദ പ്രചരണത്തിനെതിരെയും നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായി വേറെയും പുകമറകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കാണുന്നു. വിദേശയാത്രകള്‍ നിഗൂഢമാണത്രേ....! 50ല്‍ അധികം തവണ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പറന്നത്രേ...! അന്വേഷിച്ചു കണ്ടെത്തണമത്രേ....! എല്ലാറ്റിനേയും സ്വാഗതം ചെയ്യുന്നു. എല്ലാം നിഗൂഢമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ മുന്നില്‍ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അറിയിക്കുന്നു.

4 വര്‍ഷങ്ങള്‍ക്കിടയില്‍ 14 യാത്ര

4 വര്‍ഷങ്ങള്‍ക്കിടയില്‍ 14 യാത്ര

ദുബായ് എമിറേറ്റ്സ് ഷിപ്പിംഗില്‍ അസിസ്റ്റന്‍റ് മാനേജരായ സഹോദരിയും ഷാര്‍ജയില്‍ ഇത്തിസലാത്തില്‍ എഞ്ചിനീയറായ സഹോദരനും ഉള്‍പ്പെടെ ഞാന്‍ ഒഴികെയുള്ള എന്‍റെ കുടുംബം വര്‍ഷങ്ങളായി യു.എ.ഇയില്‍ ആണ്. യു.എ.ഇയില്‍ പരിപാടികള്‍ക്ക് ക്ഷണം ലഭിക്കുമ്പോള്‍ അവരെക്കൂടി സന്ദര്‍ശിക്കാനുള്ള അവസരമാണെന്ന് കരുതി പലപ്പോഴും അത് സ്വീകരിക്കാറുണ്ട്. കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കിടയില്‍ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തത് 14 തവണയാണ്. അതില്‍ 5 യാത്രകള്‍ കൂടുതല്‍ പ്രതിപക്ഷപ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ്.

സര്‍ക്കാരിന്‍റെ പണം ചെലവഴിച്ചില്ല

സര്‍ക്കാരിന്‍റെ പണം ചെലവഴിച്ചില്ല

5 യാത്ര ലോക കേരള സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക മീറ്റിംഗുകള്‍ക്കാണ്. ഒരു യാത്ര ഈയിടെ സഹോദരന് അവിചാരിതമായി ഹൃദയശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നപ്പോഴാണ്. മറ്റ് യാത്രകള്‍ എന്‍റെ കുടംബത്തോടൊപ്പം ദുബായിലും ഷാര്‍ജയിലുമായി ഇന്‍റേണ്‍ഷിപ് ചെയ്യാനുള്ള എന്‍റെ മകളുടെ ആവശ്യാര്‍ത്ഥം വ്യക്തിപരമായ യാത്രകള്‍ക്കൊന്നും സര്‍ക്കാരിന്‍റെ പണം ചെലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അല്ലാത്തത് ക്ഷണിതാക്കള്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുമായിരുന്നു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും സഹോദരിയുടെയും സഹോദരന്‍റെയും കൂടെയാണ് താമസിച്ചതും.

എല്ലാ യാത്രാ രേഖകളും ലഭ്യം

എല്ലാ യാത്രാ രേഖകളും ലഭ്യം

ഇതെല്ലാം പകല്‍ പോലെ വ്യക്തമായ കാര്യങ്ങളാണ്. ഇതിന് പുറമേ കോമണ്‍ വെല്‍ത്ത് പാര്‍ലമെന്‍ററി അസോസിയേഷന്‍-സ്പീക്കേഴ്സ് കോണ്‍ഫറന്‍സ് പോലുള്ള ഔദ്യോഗിക യാത്രകള്‍ ദുബായ് വഴി പോയിട്ടുണ്ട്. ഇതിലൊന്നും ഒരു ഒളിച്ചുകളിയുമില്ല. നിഗൂഢതകളുമില്ല. എല്ലാ യാത്രാ രേഖകളും എന്‍റെ ഓഫീസില്‍ ലഭ്യമാണ്. വ്യക്തത ആവശ്യമുള്ളവര്‍ക്ക് അവര്‍ ആരായാലും നേരിട്ട് അന്വേഷിക്കാന്‍ അവസരങ്ങളുണ്ട് എന്നിരിക്കെ പുകമറയും ആശയക്കുഴപ്പവും സൃഷ്ടിച്ച് വ്യക്തിഹത്യക്ക് ഉപയോഗിക്കുന്നത് ചുരുങ്ങിയ വാക്കില്‍ പറഞ്ഞാല്‍ തരംതാണ പ്രവൃത്തിയാണ്.

സ്വാഭാവികമായ കാര്യം

സ്വാഭാവികമായ കാര്യം

പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുമ്പോള്‍ ഇത്തരം അനര്‍ഹമായ, മനസാ വാചാ അറിഞ്ഞിട്ടില്ലാത്ത വിഷയങ്ങളുടെ പേരില്‍ ആക്ഷേപം ഏറ്റുവാങ്ങേണ്ടി വരിക എന്നത് സ്വാഭാവികമായ കാര്യമാണ്. അത് ഏറ്റുവാങ്ങുന്നു. അനര്‍ഹമായത് എന്ന് തോന്നുന്ന അനുമോദനങ്ങളും അഭിനന്ദന പ്രവാഹവും ഇതുപോലെ തന്നെ സ്വീകരിക്കുന്നതാണ് എന്‍റെ പതിവ്. കേരള നിയമസഭയുടെ അധ്യക്ഷനായി താരതമ്യേന ചെറുപ്രായത്തില്‍ നിയോഗക്കപ്പെട്ടപ്പോള്‍ ആ പദവിയെ പരാമവധി നവീകരിക്കാനും നിയമസഭയെ ജനങ്ങളുമായി ബന്ധിപ്പിക്കാനും ആധുനിക ലോകവുമായി യോജിപ്പിക്കാനുമാണ് ശ്രമിച്ചത്.

ഐഡിയല്‍ സ്പീക്കര്‍ എന്ന പുരസ്കാരം

ഐഡിയല്‍ സ്പീക്കര്‍ എന്ന പുരസ്കാരം

മൗലികമായ നവീകരണങ്ങള്‍ മൂലം നിയമസഭയുടെ അന്തസ്സും നിലവാരമുയര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമെല്ലാം പ്രതിപക്ഷത്തിന്‍റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന നിയമസഭയെന്ന് വിലയിരുത്തി അതിന്‍റെ അധ്യക്ഷന് ഐഡിയല്‍ സ്പീക്കര്‍ എന്ന പുരസ്കാരം ലഭിച്ചത് എന്ന് വിനയപൂര്‍വ്വം ഓര്‍മിക്കുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുമ്പോഴും കേരള നിയമസഭയുടെ കൂട്ടായ പ്രവര്‍ത്തന സവിശേഷതയെ എടുത്തുപറയുകയുമുണ്ടായി. കേരള നിയമസഭയിലെ എല്ലാ നിയമസഭാംഗങ്ങള്‍ക്കുമായുള്ള ഒരു പുരസ്കാരമായിട്ടാണ് അന്നത് ഏറ്റുവാങ്ങിയത്.

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകനോട് ഒരു വാക്ക്

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകനോട് ഒരു വാക്ക്

ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലാത്തതിനാല്‍ ആശങ്കയോ വിഷമങ്ങളോ ഇല്ല. പക്ഷേ എന്നെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ തെറ്റിദ്ധാരണയുടെ ഒരു തരിപോലും ബാക്കി നില്‍ക്കരുത് എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് ഇത്രയും കുറിച്ചത്. പ്യൂണിന്‍റെ യോഗ്യതപോലുമില്ലായെന്ന് ആക്രോശിച്ച നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകനോട് ഒരു വാക്ക് - എന്നെ ഭ്രമിപ്പിക്കുന്നത് ഉന്നതസ്ഥാനങ്ങളുടെ ശബളിമയല്ല. കുട്ടിക്കാലത്ത് എന്‍റെ മുന്നില്‍ കൊടി ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച് സ്വര്‍ഗരാജ്യത്തോടെന്നപോലെ മുദ്രാവാക്യം മുഴക്കിയിരുന്ന സഖാവ് നീലാണ്ടന്‍റെ കറുത്ത കാല്‍പ്പാദങ്ങളും ചേറിന്‍റെ മണവുമായിരുന്നു. മൂത്തമകനെ ഒരു പ്യൂണാക്കാനാഗ്രഹിച്ച് തിരുവനന്തപുരത്തേക്ക് വണ്ടികയറി എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍ എത്തിയ എന്‍റെ നാട്ടിലെ ചെള്ളിയുടെ നടക്കാതെപോയ സ്വപ്നമാണ് എന്‍റെ വേദന. ഒന്നിച്ചിരിക്കാന്‍ ഇടമില്ലാത്ത കുടിലുകളിലെ ഇരുണ്ട മൂലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്‍റെ ആകാശങ്ങള്‍ വെട്ടിപ്പിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളായ സുല്‍ഫത്തുമാരുടെ ഉള്ളിലെ തീയാണ് എനിക്കു പ്രചോദനം. ആ കനലുകളിലേക്ക് പ്യൂണ്‍ പ്രയോഗം ഞാന്‍ സമര്‍പ്പിക്കുന്നു.

English summary
Speaker P Sreeramakrishnan reacts against allegations related with Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X