തെരുവ് നായയെ പേടിച്ച് റോഡിലിറങ്ങാനാവുന്നില്ല: കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. കൂത്താളിയിലും പരിസര പ്രദേശത്തും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൂത്താളി എയുപി സ്‌കൂള്‍, കല്ലോട് ജിഎല്‍പി സ്‌കൂള്‍, ഈസ്റ്റ് എഎംഎല്‍പി സ്‌കൂള്‍, വെസ്റ്റ് എഎല്‍പി സ്‌കൂള്‍, കല്ലൂര്‍ സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് അവധി.
അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധിയായിരിക്കും. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി.കെ അറിയിച്ചു. കൂത്താളിയില്‍ ഇന്നലെ നാല് പേർക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഈ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. നായക്ക് പേ ഉണ്ടെന്ന സംശയവും ശക്തമാണ്.

കൂത്താളി രണ്ടേ ആറില്‍ തെരുവുനായ കടിച്ച് വെളുത്താടന്‍ വീട്ടില്‍ ശാലിനി(38), പേരാമ്പ്ര സ്വദേശി പ്രസീത(49), കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68) എന്നിങ്ങനെ മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ പതിനെട്ടു വയസ്സുകാരനായ ഒരു വിദ്യാത്ഥിയേയുമാണ് നായ ആക്രമിച്ചത്. അതേസമയം ഇന്നത്തെ അവധിക്ക് പകരം മറ്റൊരു ദിവസം ക്ലാസ് ഉണ്ടായിരിക്കും.
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാല് വയസ്സുകാരിക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ റോസ്ലിയ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകി.
രണ്ട് ദിവസം മുമ്പ് മലപ്പുറത്ത് തെരുവുനായ് ആക്രമണത്തിൽ എട്ടുവയസ്സുകാരന് പരിക്കേറ്റിരുന്നു. മലപ്പുറം ജില്ലയിലെ മമ്പാട് ആണ് തെരുവുനായ് ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റത്. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായകൾ ചേർന്ന് ആക്രക്കുകയായിരുന്നു. ഇതേ ദിവസം തന്നെ തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു.












Click it and Unblock the Notifications