സിനിമയെ കീഴടക്കിയ 50 വർഷങ്ങൾ, മെഗാസ്റ്റാർ മമ്മൂട്ടിയെ ആദരിക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സിനിമാ രംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സിനിമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത് 1971 ഓഗസ്റ്റ് ആറാം തിയ്യതിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് മമ്മൂട്ടി സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.
മമ്മൂട്ടിയുടെ ഈ നേട്ടം സിനിമാ ആരാധകരും സിനിമാ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആശംസകളും മറ്റുമായി ആഘോഷമാക്കിയിരുന്നു. മോഹന്‍ലാല്‍ അടക്കമുളളവര്‍ മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചിരുന്നു. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ആണ് മമ്മൂട്ടി ആദ്യമായി മുഖം കാണിക്കുന്നത്. സത്യനും ഷീലയും ആയിരുന്നു ഈ ചിത്രത്തിലെ നായികാ നായകന്മാര്‍. മലയാളത്തിലെ അനശ്വര നടനായ സത്യന്റെ അവസാന ചിത്രവും മമ്മൂട്ടിയുടെ ആദ്യ ചിത്രവും ഒന്ന് തന്നെ ആയി എന്നത് അപൂര്‍വ്വതയാണ്.

ഈ സിനിമയില്‍ മമ്മൂട്ടിക്ക് പ്രത്യേകിച്ച് വേഷം ഒന്നും ഇല്ലായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തെ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നു മമ്മൂട്ടി. അന്നത്തെ പൊടിമീശക്കാരനായ മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പോസ്റ്റ് ചെയ്തത് മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. അന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്ന ചിത്രം കളറാക്കി തന്നതിന് മമ്മൂട്ടി നന്ദിയും അറിയിച്ചു. ഈ ചിത്രം തനിക്ക് വളരെ അധികം ഓര്‍മ്മകള്‍ കൊണ്ട് വരുന്നതാണ് എന്നും സത്യന്‍ മാസ്റ്ററുടെ അവസാന ചിത്രത്തില്‍ അഭിനയിക്കാനുളള അപൂര്‍വ്വ ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും മമ്മൂട്ടി കുറിച്ചു. അന്ന് സെറ്റില്‍ വെച്ച് സത്യന്‍ ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ച അനുഭവവും മമ്മൂട്ടി പങ്ക് വെച്ചു.
അനുഭവങ്ങള്‍ പാളിച്ചകളില്‍ മുഖം കാണിച്ചതിന് ശേഷം ആദ്യമായി ഒരു നടന്‍ ആയി മമ്മൂട്ടി ഒരു സിനിമയില്‍ എത്തുന്നത് 1980ല്‍ ആണ്. എംടിയുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ആണ് നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ ആദ്യ ചിത്രം. അതിന് ശേഷം കേരളത്തേയും രാജ്യത്തേയും തന്നെ വിസ്മയിപ്പിച്ച എത്രയോ വേഷങ്ങള്‍ പ്രകടനങ്ങള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി അടക്കം നിരവധി ഭാഷകളിലായി എണ്ണമറ്റ ചലച്ചിത്രങ്ങള്‍.
മികച്ച നടനുളള ദേശീയ പുരസ്‌ക്കാരം നാല് തവണയാണ് മമ്മൂട്ടിയെ തേടി എത്തിയത്. അതിലൊന്ന് ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ അംബേദ്കറിന് ആയിരുന്നുവെന്നത് ഇരട്ടി തിളക്കമാണ്. അഞ്ച് തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മമ്മൂട്ടി സ്വന്തമാക്കി. എഴുപതാം വയസ്സില്‍ എത്തുമ്പോഴും മലയാളത്തിലെ ഏറ്റവും ചുറുചുറുക്കുളള താരമായി മമ്മൂട്ടി തുടരുകയാണ്. വണ്‍ ആണ് മമ്മൂട്ടിയുടേതായി മലയാളത്തില്‍ റിലീസ് ചെയ്ത അവസാന ചിത്രം. ഇനി അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം അടക്കമുളള സിനിമകള്‍ ആണ് മമ്മൂട്ടിയുടേതായി പുറത്ത് വരാനുളളത്. ചിത്രത്തിൽ ഒരു ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications