മിന്നല്‍ വേഗത്തില്‍ 12 ബോഗി ട്രെയിന്‍; മൂന്നര മണിക്കൂറില്‍ കണ്ണൂരിലെത്തും, വീണ്ടും സമര ഭൂമി ഒരുങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ നടത്തിയ ചര്‍ച്ച അതിവേഗ റെയില്‍പാത വൈകില്ല എന്ന സൂചന നല്‍കുന്നു. പദ്ധതിയുടെ ഡിപിആര്‍ പരിശോധിക്കാന്‍ രണ്ടാഴ്ച സമയമാണ് മുഖ്യമന്ത്രി ചോദിച്ചത്. തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ വരെ നീളുന്ന അതിവേഗ റെയില്‍പാതയ്ക്ക് 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റ പിന്നാലെ കെ-റെയില്‍ പദ്ധതി റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം കൂടിയായിരുന്നു കെ റെയില്‍. ഇത് റദ്ദാക്കിയ പിന്നാലെയാണ് അതിവേഗ റെയില്‍പാത നിര്‍മാണത്തിന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ജനുവരിയില്‍ പദ്ധതിയുടെ വിവരം ശ്രീധരന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയാണ് അതിവേഗ റെയില്‍പാത. നിലവിലെ റെയില്‍പാതയോട് ചേര്‍ന്നും അല്ലാതെയും ഈ പാത കടന്നുപോകും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് പാത വരിക. കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല എന്നാണ് ശ്രീധരന്‍ പറയുന്നത്. പാതയ്ക്ക് വേണ്ടിയുള്ള തൂണുകള്‍ നിര്‍മിക്കാന്‍ മാത്രമുള്ള സ്ഥലമാകും പതിവായി ആവശ്യമുള്ളത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാകും പദ്ധതി പൂര്‍ത്തിയാക്കുക എന്ന് ഡിപിആര്‍ വിവരങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ടിവി വാര്‍ത്ത നല്‍കി. 22 സ്‌റ്റേഷനുകളാകും ഉണ്ടാകുകയത്രെ. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തും. 12 ബോഗികളുള്ള 800 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക.
സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ വിഡി സതീശന്‍, ഇ ശ്രീധരന്‍ എന്നിവര്‍ക്ക് പുറമെ പൊന്നാനി എംഎല്‍എ കെപി നൗഷാദലിയും പങ്കെടുത്തു. അടൂര്‍, കുന്നംകുളം, എടപ്പാള്‍, കരിപ്പൂര്‍ തുടങ്ങിയ മേഖലകളെ കൂടി അതിവേഗ റെയില്‍പാത ബന്ധിപ്പിക്കും. നിലവില്‍ റെയില്‍വെ ലൈന്‍ ഇല്ലാത്ത പ്രദേശങ്ങളാണിത്. അതേസമയം, കാസര്‍കോട് ഈ പാതയുടെ ഭാഗമാകാത്തത് ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പരിഹാസം രൂക്ഷമാണ്. അവിടെ നിന്ന് യാത്രക്കാര്‍ കുറവാണ് എന്നാണത്രെ ഒഴിവാക്കാനുള്ള ന്യായം.
ആവശ്യമുള്ള സ്ഥലം ജനങ്ങളില്‍ നിന്ന് ഏറ്റെടുക്കും. തൂണുകളുടെ പണി പൂര്‍ത്തിയായാല്‍ സ്ഥലം ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരിച്ചുനല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 70 ശതമാനവും എലവേറ്റഡായിരിക്കും പാത. 20 ശതമാനം തുരങ്ക പാതയാകും. നിലവിലെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പാത സര്‍വീസിന് സജ്ജമാക്കാന്‍ സാധിക്കുമെന്നാണ് അണിയറയിലുള്ളവര്‍ കരുതുന്നത്.
എന്നാല്‍ പരിസ്ഥിതി ആഘാത പഠനം നടത്താതെ പാത അനുവദിക്കില്ല എന്നാണ് കെ-റെയില്‍ വിരുദ്ധ സമര സമിതി വ്യക്തമാക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ആലോചിക്കുന്നുണ്ട്. നിലവില്‍ പാത ഇരട്ടിപ്പിക്കാനുള്ള സ്ഥലം റെയില്‍വെയുടെ കൈവശമുണ്ട്. അതിന് ശ്രമിക്കാതെ പുതിയ ഭൂമി ഏറ്റെടുക്കല്‍ എന്തിന് എന്ന ചോദ്യമാണ് സമരസമിതിക്ക്. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് പോയാല്‍ വീണ്ടും സമരം തുടങ്ങുമെന്നും സമരസമിതി നേതാക്കളെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.













Click it and Unblock the Notifications