വാർഡുകളിൽ റാപ്പിഡ് റെസ്പോൺസ് ടീം ശക്തിപ്പെടുത്തും, കൊവിഡ് പ്രതിരോധം കടുപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ അടക്കം പ്രതിദിനം ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നത്.
എല്ലാ വാർഡുകളിലും റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ശക്തിപ്പെടുത്തും. വൊളണ്ടിയൻമാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. കുടുംബശ്രീ പ്രവർത്തകരെക്കൂടി ഇതിൽ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്സിനേഷൻ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. വ്യാപനം കൂടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിക്കും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കും. ആവശ്യമെങ്കിൽ ഹോസ്റ്റലുകൾ ഏറ്റെടുക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വർധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങൾ തദ്ദേശ സ്വാപനങ്ങൾക്ക് നൽകും. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതലുള്ള ജില്ലകളിൽ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈനിൽ ചേരണമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി 20ൽ കൂടുതലുള്ള ജില്ലകളിൽ 50പേരിൽ കൂടുതൽ ഒന്നിച്ചു ചേരാൻ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവർക്ക് ഓൺലൈനിൽ സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം.
സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗത്തോടൊപ്പം എൻ 95 മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നർദേശിച്ചു. വാർഷിക പദ്ധതി പരിഷ്‌കരണം ജനുവരി 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർത്തിയാക്കണം. കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി രൂപവൽക്കരണ പ്രവർത്തനങ്ങൾ ജനുവരി 28നകം പൂർത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി കൂട്ടിചേർത്തു.












Click it and Unblock the Notifications