കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീണ്ടും പുഞ്ചിരിയോടെ ജീവിതത്തിൻ്റെ പുതിയ കാണാപ്പുറങ്ങളിലേക്ക്', മാധ്യമപ്രവർത്തകന്റെ കൊവിഡ് അനുഭവം

  • By Abhijith Jayan
Google Oneindia Malayalam News

അഭിജിത്ത് ജയന്റെ കൊവിഡ് അനുഭവം വായിക്കാം:

കൊവിഡ് കാല കുത്തിക്കുറിക്കലുകൾ!!! പ്രിയപ്പെട്ടവരെ,കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി കൊവിഡ് മഹാമാരി നമ്മുടെ ലോകത്തെയാകെ കാർന്നുതിന്നുകയാണ്.ഇന്ത്യയിലെ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇനിയും കുറഞ്ഞിട്ടില്ല. വാക്സിനെടുക്കുന്നവർക്ക് പോലും പ്രായഭേദമന്യേ രോഗം സ്ഥീരികരിക്കുന്നു. ഒട്ടും, ആശ്വാസകരമല്ല നിരന്തരം പുറത്തു വരുന്ന വാർത്തകൾ. ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും പിന്നാലെ അതിതീവ്രമായ രീതിയിൽ മൂന്നാം തരംഗവും വരാനിരിക്കുന്നു എന്നതിൻ്റെ ഞെട്ടലിലാണല്ലോ മനുഷ്യർ. എന്നിട്ടും, കൊവിഡോ, അതൊക്കെ വന്നു പോട്ടെ, നിസ്സാര പനിയല്ലേ, അല്ലെങ്കിൽ ചെറിയ ക്ഷീണം. ഇതൊക്കെ വലിയ പുകിലോ, ഒരു പത്ത് ദിവസം വിശ്രമിക്കാൻ കിട്ടുന്ന അവസരമായി കണ്ടാൽ മതിയെന്ന് പറയുന്നവരോട് ചില കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

മാധ്യമ പ്രവർത്തകനായത് കൊണ്ട് പൊതുസമൂഹവുമായി നിരന്തരം ഇടപെടണ്ടേ വിഭാഗമായതിനാൽ ഒന്നരക്കൊല്ലവും വളരെ ശ്രദ്ധിച്ച്, സൂക്ഷിച്ച് തന്നെയാണ് ഔദ്യോഗിക ആവശ്യങ്ങളിലും പേഴ്സണൽ ആവശ്യങ്ങളിലും പങ്കെടുത്തിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ മെയ് നാലോടെ ഞാനും ആ മഹാമാരിയുടെ പിടിയലമർന്നു കഴിയുകയായിരുന്നു. പിന്നിടങ്ങോട്ടുള്ള ദിവസങ്ങൾ ചെകുത്താനും കടലിനും നടുവിലേക്കായി മാറി. ജീവിതത്തിൽ ഇക്കാലമത്രയും ജീവിച്ചിട്ടും ഇതുപോലൊരു അനുഭവം ഇതാദ്യം.

മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസം മനസ്സ് കൊണ്ട് വളരെ ആഘോഷത്തിലും ആവേശത്തിലുമായിരുന്നു. കൊവിഡ് വലിയ തോതിൽ കേരളത്തിലാകെ പടർന്നു പിടിച്ചില്ലായിരുന്നുവെന്നെങ്കിൽ ന്യൂസ് ബ്യൂറോകളിൽ ജോലി ചെയ്യുന്ന റിപോർട്ടർമാരും വാർത്ത സംഘങ്ങളുമടക്കം ആരവങ്ങൾക്കൊപ്പം ആ ദിനം ആഘോഷമാക്കിയേനേ. പതിവ് പോലെ അന്നും ഡ്യൂട്ടിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിനമായതിനാൽ കുറേയധികം വാർത്തകൾ തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് അയക്കാനുള്ളതിനാൽ ഞാനും ക്യാമറമാനും മറ്റൊരു സുഹൃത്തും ഒന്നിച്ചായിരുന്നു യാത്ര.വാർത്തകളിൽ നിന്ന് വാർത്തകളിലേക്ക്.

നേതാക്കളുടെ പ്രതികരണങ്ങൾ, തത്സമയം നൽകാനുള്ള വിവരങ്ങൾ, കിട്ടുന്ന പോലുള്ള വൺ ടു വൺ, സ്പെഷ്യൽ വാർത്തകൾ ഇതൊക്കെ തയ്യാറാക്കിയ ശേഷം അപ്പപ്പോൾ തന്നെ എഡിറ്റിലേക്ക് അയക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞങ്ങൾ.ഒന്നു പോലും മിസ്സാകരുതെന്നുള്ള കടുത്ത വാശിയുണ്ടായിരുന്നതിനാൽ ഫലപ്രഖ്യാപന ദിവസം പ്രത്യേകം അടുക്കുംചിട്ടയുമോടെയായിരുന്നു വർക്ക് പാറ്റേൺ. പ്രതീക്ഷിച്ച പോലെ എല്ലാം കിട്ടി. ഒരു ചെറിയ പ്രതികരണം പോലും മിസ്സായില്ല. പരിമതികൾക്കുള്ളിൽ നിന്ന് വളരെ നന്നായിട്ടായിരുന്നു നിങ്ങൾ തെരഞ്ഞെടുപ്പ് കവറേജ് ചെയ്തത് എന്നുള്ള ന്യൂസ് ഹെഡിൻ്റെ വാക്ക് കൂടി കേട്ടപ്പോൾ സന്തോഷം.അങ്ങനെ രാത്രി പതിനൊന്നോടെ വീട്ടിൽ മടങ്ങിയെത്തി. ( രാവിലെ 6.30 ന് ഡ്യൂട്ടിക്ക് കയറിയതായിരുന്നു). ഭക്ഷണം കഴിച്ചു, റെസ്റ്റ് എടുത്തു ഉറങ്ങാൻ കിടന്നു. വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. എല്ലാം പെർഫെക്ട് ഓക്കെ.

പിറ്റേ ദിവസം വീക്ക് ഓഫ് ഡേ ആയിരുന്നുവെങ്കിലും അന്നത്തെ അവധി അടുത്ത ദിനമെടുക്കാൻ മാറ്റിവച്ചു. മറ്റു പരിപാടികൾക്കൊപ്പം പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മുഖാമുഖം പരിപാടിയുള്ളതിനാൽ അന്നും ഡ്യൂട്ടി നോക്കി.എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിച്ച ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി 'മീറ്റ് ദ പ്രസ്സിൽ' പങ്കെടുക്കുകയും ചെയ്തതിനൊപ്പം വാർത്തയും കവർ ചെയ്തു. വൈകിട്ട് അഞ്ചിന് മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹോളിയായിരുന്നു ചടങ്ങ്. പരിപാടി അവസാനിച്ച ശേഷം പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളെയും മാധ്യമസുഹൃത്തുക്കളെയും പല മുതിർന്ന മാധ്യമപ്രവർത്തകരെയും ചടങ്ങിൽ കണ്ട് സംസാരിച്ചശേഷമായിരുന്നു ഓഫീസിലേക്കുള്ള മടങ്ങിപ്പോക്ക്. തുടർന്ന് ഓഫീസിൽ എത്തിയ ശേഷം പണിയെല്ലാം കഴിഞ്ഞ് രാത്രി 10:00 ഓടെ വീട്ടിലേക്ക്. 11:20 ഓടെ വീടെത്തി.അന്നും അങ്ങനെ കടന്നു പോയി.

അടുത്ത ദിവസം മെയ് 4. സർവപ്രതീക്ഷകളും തകർത്ത് കൊവിഡിൻ്റെ പിടിയിലേക്ക് അങ്ങനെ ഞാനുമെത്തുന്നു. രാവിലെ ഉറക്കമെഴുന്നേറ്റതു മുതൽ ഓരോരോ രോഗലക്ഷണങ്ങൾ പ്രകടമായി. തണുത്തുവിറച്ച് മരവിച്ച് പനിയിലകപ്പെട്ട എനിക്ക് അമ്മ കട്ടൻചായ ഇട്ടു തന്നു. ആഹാരമൊന്നും കഴിക്കാനാകാത്ത അവസ്ഥ. വീട്ടിലുണ്ടായിരുന്ന പാരസറ്റാ മോളോ, ഡോളോയോ ( ഏതാണെന്ന് ഈ നിമിഷം ഓർമ്മയില്ല) കഴിച്ച് വീണ്ടും കിടുന്നുറങ്ങി. സാധാരണ പനിയായിരിക്കുമെന്ന് വിചാരിച്ച് ആഹാരമൊക്കെ കഴിച്ച് മനസ്സിനെ ശാന്തമാക്കി. വിശ്രമം തുടർന്നു. ഉച്ചയ്ക്ക് 12 മണിയോടെ കടുത്ത പനിക്കൊപ്പം നല്ല ക്ഷീണവും അനുഭവപ്പെടുന്നു. വീണ്ടും വീട്ടിലുണ്ടായിരുന്ന പാരസെറ്റമോളും മറ്റു ഗുളികകളും കഴിച്ച് വേദനയമർത്തിപ്പിടിക്കുന്നു. വൈകിട്ടോടെ ഓക്കെയാകുമെന്ന് കരുതി വീട്ടിൽ തന്നെയിരുന്നു. അടുത്ത സുഹൃത്തുക്കളായ ഒന്ന് രണ്ടു പേരെ വിവരമറിയിച്ചു. ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടുന്ന നിമിഷം മുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു.

വൈകിട്ട് നാലു മണിയോടെ നേരത്തെ ഉണ്ടായിരുന്ന അസ്വസ്ഥതകൾക്കൊപ്പം മൂക്കൊലിപ്പും, തൊണ്ടവേദനയും, കടുത്ത ചുമയും കലശലാവുന്നു. പോസിറ്റിവാണെന്ന് അപ്പോഴെ തോന്നി. ഔദ്യോഗികമായി ടെസ്റ്റ് നടത്തി ഉറപ്പിക്കണമല്ലോ. നേരെ 4:40 ഓടെ ആശുപത്രിയിലേക്ക്. ചെന്നപാടെ തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ആർടിപിസിആർ ടെസ്റ്റ് എടുക്കാൻ തീരുമാനിച്ചു. ഏഴ് മണിക്കൂറിന് ശേഷം രാത്രി 11:00 ഓടെ ഫലം ഔദ്യോഗികമായി അറിഞ്ഞു. പോസീറ്റിവ്!!! ഒരു നിമിഷം ആകെ ഉള്ളിൽ തീപ്പെരി കൊണ്ട് കോറിയിടുന്ന ആധി. അപ്പോൾ അച്ഛനും അമ്മയ്ക്കോ, എന്നതായി അടുത്ത ചർച്ച. അവർക്ക് എന്താകും അവസ്ഥ. ഒരു പക്ഷേ, എന്നിൽ നിന്നായിരിക്കും കൂടുതൽ അവർക്ക് രോഗം പടരാനുള്ള സാധ്യതയെന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, അച്ഛനും അമ്മയും ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ നെഗറ്റീവായി. ഒരല്പം നേരിയ ആശ്വാസം.

ആശുപത്രിയിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയ ശേഷവും സ്വയം നിരീക്ഷണം തുടർന്നു. പോസീറ്റിവായിരിക്കുമെന്ന് കരുതിയായിരുന്നു അത് തുടർന്നത്. അന്നത്തെ ദിനം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. കടുത്ത പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, കാലുവേദന, അതിഭീകരമായ തലവേദന, ( തലയിൽ പാറക്കഷ്ണം വന്ന് വീഴുന്ന പോലെ കണ്ടിന്യൂവസായി) മൂക്കൊലിപ്പ്, കണ്ണ് വേദന അങ്ങനെ ആകെ തളർന്ന് തരിപ്പണമായ അവസ്ഥ. ഇതിനെക്കാളും മരിക്കുന്നതാണ് നല്ലതെന്ന് ഓർത്ത് വേദനകടിച്ചമർത്തി മണിക്കൂറുകൾ തള്ളി നീക്കി.
പിറ്റേ ദിവസവും ഏതാണ്ട് സമാനമായ സ്ഥിതി. മരുന്നുകൾ ഒരു ഡസനോളം. പിന്നീട്, എത്രയൊക്കെ മരുന്നുകൾ കഴിച്ചിട്ടും ആദ്യത്തെ ആറു ദിവസം കഴിഞ്ഞിട്ടും വേദന ഒട്ടും കുറയുന്നില്ല. ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് ടെലി കൺസൾട്ടേഷൻ നടത്തി. മരുന്നുകൾ മാറ്റി കഴിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെയെങ്കിലും വേദന കുറയുമല്ലോ എന്ന് കരുതി ആ പരിപാടിയും തുടങ്ങി.

കൂടെ ആവിപിടിക്കലും തൊണ്ടവേദനയ്ക്ക് ഉപ്പുവെള്ളം, മഞ്ഞൾ പൊടി എന്നിവ കൊള്ളലും. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ചെറിയ വ്യത്യാസം. വേദന ഓരോ ദിവസവും കടിച്ചമർത്തി. ഉറക്കമില്ലാത്ത രാത്രികളോടെ 10 ദിവസം വരെ എത്തി. പത്താം ദിനം തൊട്ട് കടുത്ത വയറുവേദനയും കൂടിയായപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആകെ അങ്കലാപ്പിലായി. സഹിക്കവയ്യാതെ വീണ്ടും ആശുപത്രിയിലേക്ക്. കടുത്ത വയറുവേദന കൂടിയായതോടെ വെള്ളം പോലും കുടിച്ചിറക്കാൻ കഴിയാത്ത അവസ്ഥയായി. അത്രമേൽ കടുത്ത വയറുവേദന. രുചിയും മണവും പോയതിനാൽ ആഹാരം ഒട്ടും കഴിക്കാൻ തോന്നില്ലെന്നുള്ളത് വാസ്തവം. പിന്നെ, ഒരു ദിനം മുഴുവനും തണുപ്പില്ലാത്ത നാരങ്ങ വെള്ളവും, കഞ്ഞിവെള്ളവും ചൂടു വെള്ളത്തിൽ ഫ്രൂട്സും ഒക്കെ കഴിച്ച് അഡജറ്റ് ചെയ്യുന്നു. അടുത്ത ദിവസം മുതൽ ചെറുതായി ഭക്ഷണം കഴിച്ചു തുടങ്ങി. എന്നിട്ടും വേദന കാരണം തുടർന്ന് കഴിക്കാൻ കഴിയുന്നില്ല. അങ്ങനെയങ്ങനെ, നീണ്ട പത്ത് ദിവസമായപ്പോൾ വയറുവേദന എന്നെ വിട്ട് കണ്ടം വഴി ഓടി.പൂർണ്ണമായും നിലവിൽ കുറഞ്ഞിട്ടില്ല. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

തീർന്നില്ല, നെഗറ്റീവ് ആകുമെന്ന് പൂർണ്ണ പ്രതീക്ഷയോടെ രണ്ടാമത്തെ ചെക്കപ്പിന് പോയി. അതിൽ വീണ്ടും പോസിറ്റീവ് തന്നെ. രണ്ടാമതും പോസിറ്റീവ്!!! വളരെയധികം മാനസികമായി വീണ്ടും തളർന്നു. ഓരോ ദിവസവും വേദനകൾ കടിച്ചമർത്തി മുന്നോട്ട്. വയറുവേദന ഭേദമായതോടെ രണ്ടുദിവസം കഴിഞ്ഞ് കടുത്ത തലവേദന വീണ്ടും വില്ലൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.ആദ്യത്തേതിന് സമാനം തന്നെ. കൂടെ വലത് കൺപോളയിലെ അതിഭീകരമായ വേദനയും.കൊവിഡ് പോസിറ്റീവായതിനാൽ നേത്രരോഗ വിദഗ്ധനെ കാണാൻ പറ്റിയില്ല. കണ്ണിന് എന്തെങ്കിലും പ്രശ്നം ഇതിൻ്റെ ഭാഗമായി വന്നോ എന്നൊരു സംശയം. എന്തായാലും ഇതുവരെ കരുത്തോടെ മുന്നോട്ട് പോയില്ലേ എന്ന് മനസിനെ ആശ്വാസപ്പെടുത്തി വേദന കടിച്ചമർത്തി വീണ്ടും തുടർന്നു. ആവിപിടിക്കുകയും കയ്യിലുള്ള മരുന്നുകളും ഒക്കെ കഴിച്ച് അസുഖത്തെ പിടിച്ചു നിർത്താൻ പരമാവധി നോക്കി.

covid

പിന്നീടങ്ങോട്ട്,ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന നെഞ്ചുവേദനയും കഫവും കിതപ്പും, ശ്വാസതടസ്സവും വീണ്ടും വില്ലനായി.കടുത്ത ചുമ നിൽക്കുന്നില്ല. ഇനി ന്യൂമോണിയ എങ്ങാനും ആയിരിക്കുമോ എന്ന പേടി തുടർന്നു.കൊവിഡ് വന്ന് നെഗറ്റീവ് ആകുന്നവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ന്യൂമോണിയ വരാൻ സാധ്യതയുണ്ടെന്ന് പല വിലയിരുത്തലുകളുടെയും മറ്റുമൊക്കെ അടിസ്ഥാനത്തിൽ വീണ്ടും ഭയം വർധിക്കുന്നു. രണ്ടും കല്പിച്ച് വീണ്ടും ടെസ്റ്റിന് ആശുപത്രിയിലേക്ക്.സി ടി ചെസ്റ്റ് സ്കാൻ, ഡി ഡയ്മർ ടെസ്റ്റ്, (ബ്ലെഡ് ടെസ്റ്റ് ), ഇൻജക്ഷൻ, മരുന്ന് ഒക്കെയായി വീണ്ടും ഇന്നലെ മുതൽ വീണ്ടും പതിവ്ദിനചര്യയിലേക്ക്. കഴിഞ്ഞ ദിവസമെടുത്ത ടെസ്റ്റിൻ്റെയൊക്കെ ഫലം ഇന്നാണ് അറിയാൻ പറ്റുക.എന്താകുമെന്ന് കണ്ടറിയണം. തത്കാലം രണ്ട് ദിവസത്തേക്ക് മരുന്നുകൾ കഴിക്കാൻ ഡോക്ടറുടെ നിർദ്ദേശം. പോസ്റ്റ് കൊവിഡ് / ലോംഗ് കൊവിഡ് എത്രത്തോളം കഷ്ടപ്പെടുത്തുമെന്ന് ഇനിയും അറിയില്ല. മെയ് നാലിന് നഷ്ടപ്പെട്ട എട്ടുമണിക്കൂർ ഉറക്കം ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. ഉറക്കം ശരിയാകാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ വേറെയും.

കഴിയാവുന്നത് പോലെ വർക്ക് മുടങ്ങാതെ ചെയ്യാൻ ഇത്രയും ബുദ്ധിമുട്ടുകൾക്കുള്ളിൽ നിന്ന് കഴിയുന്നു എന്നത് തന്നെയാണ് മറ്റൊരാശ്വാസം. പൂർണ തൃപ്തനല്ലെന്ന് അറിയാം. വാർത്തകൾക്ക് വേണ്ടി തന്നെയാണ് ജീവിതത്തിൽ അധികം സമയം ചിലവഴിക്കുന്നതും നിരവധി പേരോട് തർക്കിച്ചിട്ടുള്ളതും കലഹിച്ചിട്ടുള്ളതുമൊക്കെ. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലില്ല. അത്രമേൽ ആഗ്രഹത്തോടെ വന്ന തൊഴിൽ മേഖലയായത് തന്നെയാണ് പ്രധാന കാരണം. ഇനിയെന്ന് ജോലിയിൽ പൂർണ്ണമായും സജീവമാകാൻ കഴിയുമെന്ന് ഒരുറപ്പും പറയാറായിട്ടില്ല. പെട്ടെന്ന് മടങ്ങി എത്തും എന്നാണ് വിശ്വാസം. കാരണം നമ്മൾ പൊരുതി തോൽക്കുകയല്ലല്ലോ കൂടുതൽ കരുത്തോടെയും ആർജ്ജവത്തോടെയും അതിജീവിക്കുകയല്ലേ...

അത്രമേൽ നിസ്സാരക്കാരനല്ല കൊവിഡെന്ന് പറയാനായിരുന്നു ഇത്രയും എഴുതിയത്. എഴുതേണ്ടതില്ല എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നിട്ടും, മനസ്സ് അതിനനുവദില്ല.എല്ലാവരുടെയുമല്ല, മറിച്ച് ചിലരുടെ മനോഭാവം നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. കൊവിഡൊന്നും എന്നെ ബാധിക്കില്ല. രണ്ട് മാസ്ക് ഒക്കെ എന്തിനാ, സാനിറ്റൈസർ അതോ, ശെ... അതൊന്നും വേണ്ട, എന്നൊക്കെ പറയുന്നവരെ അസുഖത്തിൻ്റെ നിജസ്ഥിതി ബോധിപ്പിക്കാനാണിത്. വായിക്കാം, തളളിക്കളയാം. അതൊക്കെ ഓരോരുത്തരുടെയും വിവേചനാധികാരം. ആരെങ്കിലും കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ വിമുഖത കാട്ടിയാൽ നാം അവരെ കൂടി പറഞ്ഞ് മനസ്സിലാക്കി നമുക്കൊപ്പം നിർത്തണം. എന്നാൽ, മാത്രമേ നമുക്ക് എല്ലാവർക്കും ചേർന്ന് കൊവിഡിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാനാകൂ. ഒരു പക്ഷേ, ഇനി മൂന്നാം തരംഗം കൂടി കേരളത്തിൽ സംഭവിക്കുമ്പോൾ അതുണ്ടാക്കുന്ന വ്യാപ്തി അത്രമേൽ അതിഭയാനകവും കണ്ണീർ കാഴ്ചകളും നിറഞ്ഞതായിരിക്കുമെന്ന നേർസാക്ഷ്യത്തിൻ്റെ ഉത്തമബോധ്യത്തിൽ കൂടിയാണിത്.

കൊവിഡ് പോസീറ്റിവായത് മുതൽ താങ്ങും തണലുമായി ഇപ്പോഴും നിൽക്കുന്ന നാട്ടിലെ സഹോദരങ്ങൾ, മൂന്ന് നേരവും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്ന ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, വാർഡ് കൗൺസിലർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, മാധ്യമപ്രവർത്തകർ, സൗഹൃദവലയത്തിലെ പൊലീസുദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടിലെ ഡിവൈഎഫ്ഐ സഹോദരങ്ങൾ എന്നിവർക്കൊക്കെ ഹൃദയത്തിലാണ് സ്ഥാനം. ഇവരാരും ഇല്ലായിരുന്നുവെങ്കിൽ അടച്ചിട്ട ഒറ്റമുറിയിൽ ഇതിന് മുൻപേ ജീവിതം തന്നെ അത്രകണ്ട് വെറുക്കുമായിരുന്നു. അത്രമേൽ ഭയാനകവും ഭീതിജനകവുമായിരുന്നു കടന്നു പോയ ഓരോ ദിനങ്ങളും.തിരിഞ്ഞു നോക്കുമ്പോൾ അത്രമേൽ ദുരന്തത്തിൻ്റെ വ്യാപ്തി സൃഷ്ടിക്കുന്നുണ്ട് ഓരോന്നിലും.

രോഗ പരിശോധനയ്ക്കും തുടർ നിർദേശങ്ങൾക്കുമായി പോയ തിരുവനന്തപുരം ജില്ലയിലെ മികച്ച ആരോഗ്യ സംവിധാനങ്ങളോടെ മാതൃകാപരമായി പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ ഓരോ ജീവനക്കാരും നൽകിയ സഹായവും ഉപദേശവും പിന്തുണയും തന്നെയാണ് വലിയ മുതൽക്കൂട്ട്.എം എസ് ഫൈസൽ ഖാനാണ് സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ. Faizal Khan മാത്രമല്ല, ഐ എം എ പ്രതിനിധികളും ആരോഗ്യ വിദഗ്ധരുമായ വളരെ അടുത്ത് പരിചയമുള്ള ഡോ.അൽത്താഫ്, Althaf Ali ഡോ.ഇന്ദു പി എസ്, Indu PS ഡോ.സുൾഫി Drsulphi Noohu ,ഡോ.ശ്രീജിത്ത് എൻ കുമാർ Sreejith N Kumar തുടങ്ങിയ പ്രഗത്ഭർ വിവിധ ഘട്ടങ്ങളിലായി നൽകിയ നിരവധി വിവരങ്ങളും,നിർദ്ദേശങ്ങളും, സ്നേഹവുമൊക്കെ തന്നെ മടങ്ങി പോകുമ്പോൾ കൂടുതൽ സന്തോഷം നൽകുമെന്നുറപ്പാണ്. ചേർത്തുപിടിക്കലിന്,കരുതലിന്, ആവുവോളം ഒപ്പം നിന്നതിനൊക്കെ ഒരായിരം വട്ടം നന്ദി പറഞ്ഞാലും തീരില്ലെന്നറിയാം. തീർത്താൽ തീരാത്ത കടപ്പാടും നന്ദിയും മാത്രം. നന്ദി.. നന്ദി.. നന്ദി!!! വീണ്ടും പുഞ്ചിരിയോടെ ജീവിതത്തിൻ്റെ പുതിയ കാണാപ്പുറങ്ങളിലേക്ക്...'

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Recommended Video

cmsvideo
Trace origin of Covid-19 or face 'Covid-26', 'Covid-32' : US experts says | Oneindia Malayalam

English summary
Stories of Strength: Journalist Abhijith Jayan Shares his Covid experinece
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X